Tuesday, December 31, 2013

ജനുവരി ഒരു ഓർമ

   
 
ഒരു ജനുവരി ഒന്നാം തിയതി കൃത്യം 10 മണിക്കാണ് സെലീനയും ജോണിക്കുട്ടിയും ആദ്യമായി കണ്ടുമുട്ടുന്നത്. കൃത്യം എന്ന് പറഞ്ഞാൽ കിറുകൃത്യം. ഫാക്കൽറ്റി ക്ലബ്ബിന്റെ തുരുമ്പെടുത്തു  തുടങ്ങിയ മേശയുടെ ഇരുപുറവും, കാലൊടിയാറായ പ്ലാസ്റ്റിക്‌ കസേരയിൽ സെലീനയും തകരക്കസേരയിൽ ജോണിക്കുട്ടിയും ഇരുന്നു വാർത്ത‍മാനം പറഞ്ഞു തുടങ്ങി.    അങ്ങനെ സംസാരിച്ചു സംസാരിച്ച് ഒടുക്കം രണ്ടുപേരും കല്യാണം കഴിക്കാൻ തീരുമാനിച്ചു. ഒത്തുകല്യാണത്തിനു മൂന്നാഴ്ച  മുന്നേ പ്രതിശ്രുത വരൻ അമേരിക്കക്ക് പോകുകയാണ്. റിട്ടേണ്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ല. 4 ദിവസം മുൻപേ എത്തുമെന്നാണ്  പറഞ്ഞിരിക്കുന്നത്. അവിടുന്ന് തിരിക്കുന്നതിന്റെ 2 ദിവസം മുൻപേ ഷോപ്പിംഗ്‌ കഴിഞ്ഞു വന്നിട്ട് എന്നെ വിളിച്ചു. എവിടെയോ ഒരു നല്ല ഡിന്നർ സെറ്റ് കണ്ടു നന്നയി ഇഷ്ടപ്പെട്ടു. പക്ഷെ weight കൂടുതൽ ആയതുകൊണ്ട് കൊണ്ടുവരാൻ പറ്റില്ല എന്ന്. ഞാൻ സമാധാനിപ്പിച്ചു സാരമില്ല ഇവിടുന്നു മേടിക്കാം. പിന്നെ സ്വയം ആശ്വസിച്ചു . ഒന്നുമില്ലേലും കല്യാണം കഴിക്കാൻ പോകുന്നതിന്റെ ഒരു വ്യത്യസമൊക്കെ ഉണ്ട്. ഡിന്നർ സെറ്റിനെ ഒക്കെ കുറിച്ചു ചിന്തിച്ചു തുടങ്ങി. ഉത്തമ ഭർത്താവാകാൻ ഉള്ള തയ്യാറെടുപ്പാണ്. ആളു വിടുന്ന മട്ടില്ല. ഇന്ത്യയിൽ കിട്ടാത്ത എന്തോ ആണ് പോലും 230 pieces ഉണ്ടുപോലും. 230 ഓ. ഇതെന്നാ  ചായക്കട തുടങ്ങനാണോ? എനിക്കൊരു അന്തോം കുന്തോം കിട്ടിയില്ല. "ചായകടയോ ?" വരൻ വാ പൊളിച്ചു. എന്തോ misunderstanding പറ്റീട്ടുണ്ട്‌. ഞാൻ ഒന്നുകൂടി ഉറപ്പുവരുത്തി, "ഇതെന്ന സാധനം എന്നാ പറഞ്ഞേ..". "ഡ്രിൽ സെറ്റ്, ഈ ഭിത്തി ഒക്കെ drill  ചെയുന്ന tools ഇല്ലേ". ദൈവമേ Drill സെറ്റ് ആണോ, അതുണ്ടല്ലോ. "അപ്പൊ ഡിന്നർ സെ......"." ഓ ഡിന്നർ ഒക്കെ കഴിച്ചു. ഇനി കിടന്നു ഉറങ്ങിയാൽ മതി". കാര്യങ്ങളുടെ ഒരു കിടപ്പുവശം പിടികിട്ടി തുടങ്ങി. വേഗം പോയി ഗൂഗിൾനോട് ചോദിച്ചു, tools ഇഷ്ടപെടുന്ന ഒരാളുടെ ഭാര്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. മന്ത്രകോടിച്ചരടിൽ പവിത്രക്കെട്ടിട്ടു ഭാര്യയാക്കുമ്പോൾ അൾത്താരക്കുമുന്പിൽവച്ച് അച്ഛനും സാക്ഷികളും കേള്ക്കാതെ എന്നോട് പതുക്കെ പറഞ്ഞു. " കുറച്ചു സമയം എടുത്തെങ്കിലും reef knot പെർഫെക്റ്റ്‌ ആണുകേട്ടോ. sailorടെ  മകൻ കൃത്യമായി knot ഇട്ടില്ലെങ്കിൽ കുറച്ചിലാ". ഞാൻ ഒന്ന് തിരിഞ്ഞ്  എക്സ്-നേവിക്കാരൻ ആയ പപ്പയെ നോക്കി.
    അങ്ങനെ മിസ്സിസ് ജോണിക്കുട്ടി ആയതിന്റെ രണ്ടാംപക്കം ഒരു നല്ല ഭാര്യ ആകുന്നതിന്റെ മുന്നോടിയായി എന്റെ കുറച്ചു തുണി  കഴുകിയേക്കാം  എന്നു  വിചാരിച്ചു. നല്ല ഭാര്യമാർ അങ്ങനെയാണല്ലോ (എന്ന്!!!). ജോണിക്കുട്ടി resistors ഉം capacitors ഉം വച്ച് ചിത്രപണി നടത്തുവാണ്. ഇതിയാന് കല്യാണത്തിന്റെ പിറ്റേന്നെങ്കിലും ഒന്ന് അടങ്ങിയിരുന്നുകൂടെ: സെലീന ഓർത്തു. വാഷ്‌ ഏരിയയിൽ വാഷിംഗ്‌ മെഷീൻ ഉണ്ട്. ഫ്രണ്ട് ഡോർ തുറന്നു തുണി എല്ലാം ഇട്ടു തട്ടി. വാതിൽ  അടച്ചു സ്റ്റാർട്ട്‌ ഇട്ടതോടെ മെഷീൻ "അയ്യോ പൊത്തോ"എന്ന് നിലവിളിക്കാൻ തുടങ്ങി. സെലീന ഞെട്ടി തരിച്ചു നിന്നു. ആദ്യമായി ചെയ്ത കൈക്രിയയാണ്, അതിങ്ങനായല്ലോ. മമ്മി സമാധാനിപ്പിച്ചു, "സാരമില്ല ഇതിനു മുന്നും ഇതുപോലെ കേടായിട്ടുണ്ട്, അവനിപ്പോ ശരിയാക്കിത്തരും ". "ഓ അപ്പൊ കേടായി അല്ലെ. എന്നെ ശരിയാക്കുമെന്നോ മെഷീൻ ശരിയകുമെന്നോ? ": സെലീന മനസ്സിൽ ഓർത്തു. ജോണിക്കുട്ടി വന്നു തുറക്കാൻ നോക്കി, ഇല്ല തുറക്കുന്നില്ല- "സ്റ്റക്ക് ആയി, അറിയാൻ വയ്യെങ്കി ചെയ്യണ്ടാണ് ഞാൻ പറഞ്ഞതല്ലേ".  ശരിയാണ് പറഞ്ഞതാണ്. ഞാൻ ഓർത്തു,  ഹോസ്റ്റൽ ജീവിതം തുടങ്ങിയിട്ട് കൊല്ലം കുറെയായി. തുണി കഴുകിയാൽ കഴുകി ഇല്ലെങ്കിൽ ഇല്ല. അങ്ങനെ തുണികൾ  കൂമ്പാരങ്ങളായി അത് മുറിയെ വിഴുങ്ങാൻ തുടങ്ങുമ്പോൾ കെട്ടുകെട്ടുകളായി അലക്കുകാരന് കൊണ്ട് കൊടുക്കും. ഞങ്ങളിൽ ചിലർ അങ്ങനെ കൊടുത്ത തുണികൾ  അലക്കി മേടിച്ചതിന്റെ പിറ്റേന്നു അലക്കുകാരാൻ പുതിയ ബൈക്ക് മേടിച്ചത് ഒരു ചരിത്ര സത്യമാണ്. "സാരമില്ല കേട്ടോ, എന്നാ ഇത്രേ ആലോചിക്കുന്നെ " , ചോദിച്ചത് നാതൂനാണ്. ഒർക്കാപ്പുറത്തു ഞാൻ പറഞ്ഞു "അല്ല ബൈക്ക് മേടിച്ച കാര്യം". "ആര്?" "അലക്കുകാരാൻ" . കൊച്ചു വാ പൊളിച്ചു. "നീ ഇതിൽ എന്നതാ  ചെയ്തേ", നന്നാക്കാനുള്ള ശ്രമങ്ങൾ  പാളുന്നത് കണ്ടു ജോണിക്കുട്ടി ചോദിച്ചു. ഒന്നും ചെയ്തില്ല, സ്റ്റാർട്ട്‌ ബട്ടണ്‍ ഞെക്കിയതേ ഉള്ളു എന്ന് ഞാൻ പറഞ്ഞു. "പൈപ്പ് ഓണ്‍ ആക്കിയോ?". ഞാൻ നിന്ന് പരുങ്ങി. "വെള്ളം ഓണ്‍ ആക്കിയോന്ന്?". ഞാൻ പൈപ്പിനെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ചിന്തിച്ചുപോലുമില്ല. ഇതൊക്കെ എന്നാത്തിനാ അടച്ചു വക്കുന്നെ. ഞാൻ കുറ്റസമ്മതം നടത്തി, "ഇല്ല ഓണ്‍ ആരിക്കുമെന്നു വിചാരിച്ചു ". ജോണിക്കുട്ടി പോയി പൈപ്പ് ഓണ്‍ ആക്കുകയും അത്  വർക്ക്‌ ചെയ്യാൻ തുടങ്ങുകയും  ചെയ്തു. "എന്നാ  പറ്റീടാ..", ചേട്ടച്ചാരാണ് . "ഓ അന്നുമില്ല അവള് വെള്ളം ഇല്ലാതെ വാഷിംഗ്‌ മെഷീൻ ഓടിക്കാൻ നോക്കീതാ.. " . ദൈവമേ ഇതിലും ഭേദം അതങ്ങ് കേടായി പോകുവാരുന്നു, ഞാൻ ഓർത്തു.  അതിനു ശേഷം എന്ത് ഓണ്‍ ആക്കിയാലും ഞാൻ രണ്ടു വട്ടം ആലോചിക്കും. അങ്ങനെയാണ്  സംഭവബഹുല(ബഹള)മായ  ഞങ്ങളുടെ കുടുംബ ജീവിതം തുടങ്ങുന്നത്. 
    ഏഴാം നാൾ തിരിച്ചു ബാംഗ്ലൂർക്ക് വണ്ടി കയറാൻ ചങ്ങനാശ്ശേരിക്കു വന്നു. ട്രെയിൻ  ആലപ്പുഴയിൽ നിന്നാണ്, രാത്രി 7.20. 5.30 തന്നെ ഇറങ്ങി. പെങ്കൊച്ചിനെ വിടുന്നത് ആഘോഷമാകാൻ തന്നെ കറിയാച്ചൻ തീരുമാനിച്ചു. ഒരു വണ്ടിയിൽ കറിയാച്ചനും കൊച്ചുത്രേസ്യയും  ഞങ്ങളുടെ രണ്ടു പെട്ടിയും. മറ്റേ വണ്ടിയിൽ  അച്ചയും അമ്മയും പിന്നെ ഞങ്ങൾ രണ്ടുപേരും. നെടുമുടി കഴിഞ്ഞപ്പോൾ ചെറിയ ഒരു ട്രാഫിക്‌ ബ്ലോക്ക്‌. ഓ സാരമില്ല സമയമുണ്ടല്ലോ, ഞങ്ങൾ ആലോചിച്ചു. നിരങ്ങി നിരങ്ങി കളർകോട് എത്തി. ഇനി തൊട്ടടുതാണല്ലോ, അച്ഛാ സ്വയം സമാധാനിക്കാൻ  നോക്കി. ജോണിക്കുട്ടിയുടെ ഫോണ്‍ അനാവശ്യമായി  ട്രെയിൻ  സ്റ്റാറ്റസ് അപ്ഡേറ്റ് തന്നുകൊണ്ടിരുന്നു. "വണ്ടി അംബലപ്പുഴ  വിട്ടു". സമയം നോക്കി 7.00 pm. നാശം ഇന്ന് ഓണ്‍ ടൈം ആണ്. അങ്ങനെ നോക്കി നോക്കി സമയം 7.20 ആയി. ഇല്ല വണ്ടി എത്തീട്ടില്ല. ഞങ്ങൾ NH-47 ൽ കയറാൻ വെയിറ്റ് ചെയുന്നു. 7.30 ആയി. "വണ്ടി എത്തി", ജോണിക്കുട്ടിയുടെ ഫോണ്‍ പറഞ്ഞു. "വണ്ടി പോയി", ഫോണ്‍ വീണ്ടും പറഞ്ഞു. അപ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡിൽ കയറി. ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് സ്റ്റേഷനിൽ എത്തി. വണ്ടി ശരിക്കും പോയി എന്ന് ഉറപ്പിച്ചിട്ടു പിന്നെ തിരിച്ചിറങ്ങി. ഇനി ഇപ്പൊ പ്രശ്നമില്ലല്ലോ ബസ്‌ പിടിച്ചു പോകാം.   ജോണിക്കുട്ടി റിലേ പോയി നിൽക്കുവാണ്. ജോണിക്കുട്ടിക്കെന്നല്ല ആ കുടുംബത്തിലെ ആർക്കും ഇന്നേവരെ ട്രെയിൻ പോയിട്ട് ഒരു ഓട്ടോ പോലും മിസ്സ്‌ ആയിട്ടില്ല. എനിക്കിതൊന്നും പുത്തരിയല്ല.  ഇതിപ്പോ മൂന്നാം തവണയാണ് 'കൊച്ചുവേളി' മിസ്സ്‌ ആകുന്നത്. ആദ്യം കൊച്ചുത്രേസ്യയെ 'ബാംഗ്ലൂർ-കൊച്ചുവേളി'ക്ക് കയറ്റിവിടാൻ പോയപ്പോൾ മിസ്സ്‌ ആയി. രണ്ടാമത് ലാബ്‌ മെറ്റിന്റെ  കല്യാണത്തിന് സകലരേം തൂത്തു വാരി പോയപ്പോൾ വീണ്ടും 'കൊച്ചുവേളി' ചതിച്ചു. ഇതിപ്പോ മൂന്നാം തവണയാ.  കറിയാച്ചന്റെ ബുദ്ധി വർക്ക്‌ ചെയ്തു. ട്രാഫിക് ബ്ലോക്ക്‌ അല്ലെ ബസ്‌ എല്ലാം ലേറ്റ് ആരിക്കും. ടിക്കറ്റ്‌ കിട്ടുമോന്നു നോക്കാം. അവര് ടിക്കറ്റ്‌ നോക്കാൻ പോയപ്പോൾ ജോണിക്കുട്ടിയുടെ പപ്പാ ഫോണിൽ വിളിച്ചു. "ട്രെയിൻ  എവിടായി" . ചേർത്തല ആയിക്കാണും, ഞാൻ ഓർത്തു. പിന്നെ അവിടെ നിന്നില്ല. കറിയാച്ചൻ തിരിച്ചു വന്നത് രണ്ടു ബസ്‌ ടിക്കറ്റും  കൊണ്ടാണു. ഒടുക്കം ബസിൽ വല്ലവിധേയനെയും കയറിക്കൂടി. മനസമാധാനത്തിൽ ഒന്നു കണ്ണടച്ചപ്പോൾ അവർ സിനിമ ഇട്ടു 'മായാമോഹിനി'. ദൈവമേ പരീക്ഷിച്ചു മതിയായില്ലേ. അനവസരത്തിൽ മാത്രം റിംഗ് ചെയ്യുന്ന എന്റെ ഫോണ്‍ കിടന്നടിച്ചു. കൂട്ടുകാര്ആണ്. "എറണാകുളം വിട്ടോ". "വിട്ടുകാണണം", ഞാൻ പറഞ്ഞു. "ഞങ്ങൾ ബസ്സിനു  വരാമെന്ന് വച്ചു". അവർ വിടുന്ന മട്ടില്ല , "ദൈവമേ വീണ്ടും ട്രെയിന മിസ്സ്‌ ആയോ, ചേട്ടായിടെ കയ്യിൽ ഒന്ന് ഫോണ്‍ കൊടുത്തേ". ഞാൻ ഫോണ്‍ കണവനു കൈമാറി. "ചേട്ടായി ഇതാദ്യമായല്ലേ ട്രെയിന മിസ്സ്‌ ആകുന്നെ. സാരമില്ല ഇനി ഇങ്ങനെ എന്നാ എല്ലാം  അനുഭവിക്കാൻ കിടക്കുന്നു. happy journey".    അങ്ങനെ ഞങ്ങൾ ജീവിത യാത്ര ആരംഭിച്ചു. 
  വലിയ ഇടിമിന്നൽ ഒന്നും ഇല്ലാതെ ഞങ്ങളുടെ കുപ്പമാടത്തിലെ കൊച്ചുജീവിതം ആരംഭിച്ചു.ഒരു സാധാരണ വീട്ടിൽ കാണുന്ന സാധനങ്ങൾ ഒന്നും തന്നെ അവിടെ ഇല്ലെങ്കിലും, ഏതൊരു സാധാരണ വീട്ടിലും കാണാത്ത എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അതൊന്നും ഇവിടെ അക്കമിട്ടു നിരത്തുന്നില്ല. ഒന്നിന്റെയും പൂജ്യത്തിന്റെയും binary worldൽ മാത്രം ജീവിച്ചു ശീലിച്ച ജോണിക്കുട്ടിക്ക്, പെണ്ണിന്റെ 'emotion world' ലെ infinite levels ആദ്യം ഒരു പ്രഹേളികയായിരുന്നു. അങ്ങനെ യാണ് പണ്ടെന്നോ ഉപേക്ഷിച്ച സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സ്കിൽഡ്  വീണ്ടും പൊടിതട്ടി എടുക്കുന്നത്, ഭാര്യയുടെ emotional world ന് ഒരു അൽഗോരിതം എഴുതാൻ. വല്ലപ്പോഴും ഒന്ന് ക്രാഷ് ആകുന്നതൊഴിചാൽ സംഭവം കിറു  കൃത്യമാണെന്ന്  ജനുവരി ഒന്നുകൾ ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. 
  കഴിഞ്ഞ രാത്രിയും ഉറക്കത്തിൽ പ്രണയലോലനായി ജോണിക്കുട്ടി പിറു പിറുക്കുന്നുണ്ടായിരുന്നു. "എന്റെ പ്രിയേ വരൂ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലതെഴുനേറ്റു Walmart ൽ പോയി , പുതിയ drill set വന്നോ എന്നും Victorinox Swiss Knife സ്റോക്ക് ഉണ്ടോ എന്നും നോക്കാം.... അവിടെ Fourier space  വച്ചു ഞാൻ നിനക്കെന്റെ പ്രേമം നല്കാം........"  


   എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ.  

             
        

Thursday, December 19, 2013

പുൽക്കൂട്ടിലെ ഉണ്ണി


വർക്കിംഗ്‌ ടേബിൾ ഒന്ന് ഒതുക്കിവക്കുക എന്ന മഹത്തരമായ കാര്യം ചെയ്യണം എന്ന് വിചാരിച്ചാണ് വെളുപ്പാങ്കാലത്ത് ഉണർന്നത്. ലാബിൽ എത്തിയതും അടുക്കി പെറുക്കു തുടങ്ങി. അതിന്റെ ഭാഗമായി കുറെ പഴയ കീറ ക്കടലാസുകൾ പെറുക്കി കളഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് റാഫേൽന്റെ "Madonna Sistina" യിൽ നിന്ന് രണ്ടു cherubs എന്നെ നോക്കുന്നത്. സംഭവം ഒരു കലണ്ടർ പേജ് ആണ്. 2011 ഏപ്രിലിൽ നിശ്ചലമായി പോയ ഒരു കലണ്ടർ. സ്ഥല കാലങ്ങളിൽ ഉറഞ്ഞുപോയവരാണ് ഗവേഷകരെന്ന് ഒരു കറുത്ത ഫലിതം ഞങ്ങൾ തന്നെ പറയാറുണ്ട്‌. 2011 ഏപ്രിൽ കഴിഞ്ഞു, എത്ര ശിശിരവും വസന്തവും ഇതിലെ പോയി എന്ന് ഓർത്തുപോയി. ഇത് പക്ഷെ അറിയാതെ പറ്റിയതല്ല. ചെറൂബ് നെ കണ്ടുകൊണ്ടിരിക്കാൻ അവിടെത്തന്നെ വച്ചതാണ്. വെറുതെ ഒരു മാനസിക പിന്തുണയ്ക്ക്‌. എണ്ണിയാൽ തീരാത്ത data points വാരി വലിച്ചിട്ടിരിക്കുന്ന "Plot" ൽ നോക്കി "hump ഏതാ "peak" ഏതാ " എന്ന് മനസിലാകാതെ കണ്ണും മിഴിചിരിക്കൊമ്പോൾ, ആകാശത്തോട്ടും നോക്കി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ഇതുങ്ങളെ കാണുന്നത് തന്നെ ഒരു സമാധാനമാ. അങ്ങനെയാണ് മേശപ്പുറത്ത് മാലാഖ കുഞ്ഞുങ്ങൾ സ്ഥാനം പിടിച്ചത്. ഇടയിൽ എപ്പഴോ തട്ടീം തടഞ്ഞും താഴെ വീണുപോയതാ. പൊടിതട്ടി വീണ്ടും എടുത്തു വച്ചപ്പോൾ, മാലാഖാ കുഞ്ഞുങ്ങളെ കണ്ടപ്പോൾ, ചുമ്മാ ആലോചിച്ചു, ഇതിപ്പോ ഏതാ മാസം !!! ഡിസംബർ ആയി. എന്നുവച്ചാൽ ക്രിസ്മസ് ആകാറായി. ശരിയാണ് നല്ല തണുപ്പ് തുടങ്ങിയിട്ടുണ്ട് ബാംഗ്ലൂരിൽ. മേശപ്പുറത്തിരിക്കുന്ന ചെറുബ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. "ക്രിസ്മസ് ആയി കേട്ടോ".
         മനസ്സിൽ ആയിരം സീരിയൽ ബൾബുകൾ ഒന്നിച്ചു കത്തി. ക്രിസ്തുമസ് ഓർമ്മകൾ തുടങ്ങുന്നത് മിന്നിക്കത്തുന്ന അസംഖ്യം നക്ഷത്രങ്ങളിലും സീരിയൽ ബൾബുകളിലും നിന്നാണ്, അവസാനിക്കുന്നത് മുറ്റത്തും വഴിയിലും പൊട്ടി വിരിഞ്ഞു കിടക്കുന്ന മാലപഠക്കത്തിന്റെ പാതി കരിഞ്ഞ ചുവന്ന വർണക്കടലാസിലും. ആദ്യകാല ഓർമകളിൽ ക്രിസ്മസ് ട്രീ ഇല്ല ,പുൽക്കൂടു മാത്രമേ ഉള്ളു. തലയ്ക്കു മുകളിൽ ചുവപ്പിലും വെളുപ്പിലും തിളങ്ങുന്ന നക്ഷത്രങ്ങളും. പുൽക്കൂട്ടിൽ, പിള്ളക്കച്ചയിൽ കിടക്കുന്ന ഉണ്ണീശോ ഉണ്ട്, മാതാവും ഓസേപ്പിതാവും ആട്ടിടയൻമാരുംഉണ്ട്, ജ്ഞാനികളും ആടുകളും പിന്നെ കമ്പിളി നൂലിൽ തൂങ്ങിയാടുന്ന ഗ്ലോറിയ മാലാഖയും. (മാലാഖയുടെ കയ്യിൽ പിടിച്ചിരിക്കുന്ന റിബണിൽ ഗ്ലോറിയ എന്ന് എഴുതിയിരികുന്നത് കൊണ്ട് ഞങ്ങൾ ഗ്ലോറിയ മാലാഖ എന്ന് വിളിച്ചു). ഒർമ്മയുടെ അങ്ങേ അറ്റത്തെവിടെയോ മുതൽ ആയമ്മക്ക്‌ ഒരു ചിറകേ ഉള്ളു . എന്നോ ഒരിക്കൽ നൂല് പൊട്ടി താഴെ വീണതാണ്. ഗ്ലോറിയ മാലാഖ ആണാണോ പെണ്ണാണോ എന്ന് ചോദിക്കരുത്, എനിക്കും കൊച്ചുത്രെസ്യക്കും എല്ലാ മാലാഖമാരും പെണ്ണുങ്ങൾ ആയിരുന്നു. ഇതേ ഉണ്ണീശോയേയും കൂട്ടരെയും എല്ലാ വർഷവും, ഒരു 10-12 വര്ഷത്തോളം പല പുല്ക്കൂടുകളിൽ വച്ച് നക്ഷത്രം കത്തിച്ചു സന്തോഷിച്ചു. പുല്ക്കൂട് ഉണ്ടാക്കൽ തുടങ്ങിയത്തിലെ മനശാസ്ത്രം ലളിതവും നിഷ്കളങ്കവും ആയിരുന്നു. പുല്ക്കൂട് ഇല്ലെങ്കിൽ പിന്നെ ക്രിസ്മസ് പപ്പാ എവിടെ സമ്മാനം കൊണ്ട് വയ്ക്കും. ഉണ്ണീശോയെക്കാൾ രണ്ടു മൂന്നു വയസു മൂപ്പുള്ള എനിക്കും എന്നെക്കാൾ രണ്ടു മൂന്നു വയസു മൂപ്പുള്ള കൊച്ചുത്രേസ്യക്കും, എല്ലാ കുഞ്ഞുങ്ങളെയും പോലെ ക്രിസ്മസ് പപ്പായുടെ അസ്തിത്വത്തിൽ യാതൊരു സംശയവും ഇല്ലായിരുന്നു. ക്രിസ്മസ് പപ്പാ കരോളും പാടി സമ്മാനവും വച്ചിട്ട് രാത്രിയിൽ പോയി എന്നും ഞങ്ങൾ വിളിച്ചിട്ട് ഉണര്നില്ല എന്നും അമ്മ പറയുമ്പോൾ വിശ്വസിക്കതിരിക്കാൻ ഒരു കാരണവും ഇല്ലായിരുന്നു. പിന്നെയും ഒരു മൂന്നാല് വര്ഷം പപ്പാ രാത്രിയിൽ വന്നു പോയി. ക്രിസ്മസ് പപ്പാ വർണക്കടലാസിൽ പൊതിഞ്ഞു വയ്ക്കുന്ന chocolates ചങ്ങനാശേരി കവലയിലെ അഷറഫിന്റെ കടയിലാണ് മേടിക്കാൻ കിട്ടുന്നതെന്ന് മനസിലായി തുടങ്ങിയതോടെ കഴിക്കാൻ മധുരമുള്ളതും കേൾക്കാൻ സുഘമുള്ളതുമായൊരു കള്ളമായി ഞങ്ങൾ അതിനെ അംഗീകരിച്ചു.
            മുറ്റത്തെ കുറ്റിചെടിയിൽ കുറെ ക്രയ്പ് പേപ്പർ തലങ്ങം വിലങ്ങം ഇട്ടാൽ തീരുമായിരുന്നു ട്രീ അലങ്കാരങ്ങൾ. പിന്നെ ഉത്തരത്തിൽ തൂകിയിടുന്ന വർണക്കടലാസിൽ തീർത്ത "spirals", വളരെ താത്വികമായി എന്റെ കണ്മുന്നിൽ തിരിഞ്ഞു കറങ്ങി. ."ഹോം അലോണ്‍" കണ്ടതിനു ശേഷമാണ് ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും എന്ന വിഷയത്തിൽ ഗഹനമായ പഠനം നടന്നത്. അതിനു ശേഷമാണ് ജീവനുള്ള മരങ്ങള്ക്ക് പകരം പ്ലാസ്റ്റിക്‌, പേപ്പർ മരങ്ങൾ രംഗപ്രവേശനം ചെയുന്നതും. ഓരോ വര്ഷവും മുറതെറ്റാതെ വരുന്ന പുതിയ പുതിയ മിഠയി പെട്ടികൾ അതിനൊരു പ്രചോദനവും ആയിരുന്നു. സെലീനയും കൊച്ചുത്രേസ്യയും റ്റീനേജ് പ്രോബ്ലെംസ് പരിഹരിച്ചു കൊണ്ടിരുന്ന കാലത്താണ് പിള്ളക്കച്ചയിൽ കിടക്കുന്ന ഉണ്ണീശോ താഴെ വീണു ഒരു ഭാഗം അടര്ന്നു പോകുന്നത്. അത്തവണ പുതിയ പുൽക്കൂടു വന്നു. മാതാവിനെക്കൾ വലിയ ഉണ്നീശോയുള്ള പുൽക്കൂട്. ആളുകൾക്ക് വലിപ്പം കൂടിയതോടെ കാലിത്തൊഴുത്തിൽ അവർ മൂന്നു പേരും മാത്രമായി .പശുവും ആടുകളും കൂടിനു പുറത്തും. ഗ്ലാസ്‌ പേപ്പറിൽ പൊതിഞ്ഞ സീരിയൽ ബൾബുകൾ ചൈനീസ്‌/ LED illuminations നു വഴിമാറി ക്കൊടുത്തപ്പോൾ വർണപകിട്ട് ഏറിയതെ ഉള്ളു. ഒർമ്മയുടെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ ഇതുവരെ പുൽക്കൂട് ഇല്ലാത്ത, അതിനുള്ളിൽ സമ്മാനം ഇല്ലാത്ത ഒരു ക്രിസ്മസ് കാലം ഉണ്ടായിട്ടില്ല. ഡിസംബർ 24 നു രാത്രിയിൽ പുൽക്കൂട്ടിൽ ഉണ്ണി പിറന്നു കഴിയുമ്പോൾ മുറ്റത്ത് ആദ്യത്തെ അട്ടിപടക്കം പൊട്ടും. പടക്കം പൊട്ടി തുടങ്ങുന്നിടത്ത് ഞാൻ ഇതെഴുതി നിരത്തുകയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ക്രിസ്മസ് കഥകളില ആദ്യത്തെത് : പുൽക്കൂട്‌ ചരിതം.
           ചൈനീസ്‌ illuminations നു പകരം നക്ഷത്രവും സീരിയൽ ബൾബുകളും സ്വന്തമായി ഉണ്ടാകിത്തരാം എന്ന് മറുപാതി പറഞ്ഞപ്പോൾ അലങ്കാരങ്ങൾ സെലീന ഉണ്ടാക്കാം എന്ന് ഏറ്റുപോയി. ലാബിൽ വർക്കിംഗ്‌ ടേബിൾ വലിപ്പിൽ സാറ്റിൻ റിബൻസ് കുന്നുകൂടി കിടക്കുന്നു. ചെയ്തു തീർന്നിട്ടില്ലാത്ത ജോലിക്കും വായിച്ചു തീർന്നിട്ടില്ലാത്ത "papers" നും നടുവിൽ , LED ക്കും circuit board നും resistors നും നടുവിൽ ഉണ്ണിക്കു പിറക്കാൻ ഒരു പുല്ക്കൂടൊരുക്കണം.    .          
               
     
             

Friday, May 10, 2013

കോഴിക്കോട്-മഞ്ചേരി-വണ്ടൂർ വഴി നടുവത്തേക്ക്

       നടുവത്ത് മനയും, നടുമുറ്റവും, കുളവും, കുളപ്പുരയും  ആദ്യം കാണുന്നത് ഫോട്ടോയില്‍ ആണ്. അന്ന്  തീരുമാനിച്ചതാണ് ഒരു വിസിറ്റ് നടത്തണമെന്ന്. പോകാന്‍ പ്രത്യേകിച്ച് കാരണം ഒന്നും കിട്ടഞ്ഞത് കൊണ്ടും ഇല്ലത്തെ കൊച്ചു നമ്പൂതിരിക്ക് വല്യ താല്പര്യം ഇല്ലാതിരുന്നത് കൊണ്ടും യാത്ര അങ്ങ് നീണ്ടു പോയതാണ് .കൊച്ചു നമ്പൂതിരി അടിസ്ഥാനപരമായി ഒരു ഗവേഷകന്‍ ആണെങ്കിലും ബസിക്കലി ഒരു പാടുകാരന്‍ ആണ്. സാ പാ സാകളില്‍ ദിനചക്രം ഇരുണ്ടു വെളുക്കുന്ന ഒരു പാട്ടുകാരന്‍. അങ്ങനെ ഒരു ദിവസം ഒരു വിവാഹ ക്ഷണം കിട്ടി.എല്ലാവരുടെയും വല്യേട്ടനായ , വല്യേട്ടന്‍ എന്ന് അറിയപ്പെടുന്ന വല്യേട്ടന്റെ കല്യാണം കോഴിക്കോടു വച്ച്. ബാംഗ്ലൂരിൽ  നിന്നും മലപ്പുറം - മഞ്ചേരി വഴി കോഴിക്കോട്.
ഈ route  ഫിക്സ് ചെയ്തത്  ഞാന്‍ തന്നെ. കൊച്ചു നമ്പൂതിരി എന്ന കുഞ്ഞുവും   ഹരിഭായിയും കുഞ്ഞുവിന്റെ അനിയൻ അപ്പുവും  പിന്നെ സെലീന എന്ന ഞാനും യാത്രക്കാർ . ഇത്തവണ മഞ്ചേരി വഴി നടുവത്ത് മന കണ്ടിട്ടേ ഞാന്‍ ഉള്ളു എന്ന്  തറപ്പിച്ചു പറഞ്ഞു. 'പെണ്ണൊരുമ്പെട്ടാല്‍   ബ്രഹ്മനും തടുക്കില്ല'
പിന്നെയല്ലേ കുഞ്ഞു. യെസ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രെസ്സില്‍ കോഴിക്കോ ട്ടെത്തി, അവിടുന്ന് വണ്ടിപിടിച്ച് മഞ്ചേരിക്ക്. ഇല്ലത്ത് പോയ ശേഷം   വീണ്ടും  വണ്ടി പിടിച്ചു കോഴിക്കോട്ടേക്ക്. കല്യാണത്തലേന്ന് വല്യേട്ടന്‍  എന്ന കല്യാണ ചെറുക്കന് മധുരോം വച്ച് പിറ്റേന്ന് കല്യാണോം കൂടി,  തിരിച്ചു ബംഗ്ലോര്‍ക്ക്. ഇതായിരുന്നു പ്ലാന്‍. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തതും  ഞാന്‍. ശരിക്കും കുടുങ്ങി എന്ന് മനസിലാക്കിയ നമ്പൂരി രണ്ടു ദിവസം  മുങ്ങി നടന്നു.പിന്നെ നിവൃത്തി കെട്ടപ്പോള് പോകാമെന്ന് സമ്മതി ക്കേണ്ടി വന്നു.
      8 മണിയുടെ ട്രെയിന്‍ പിടിക്കാന്‍ സെലിനായും  ഹരിഭായും കുഞ്ഞുവിന്റെ അനിയന്‍ അപ്പുവും 7.30 ക്ക് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അത് എന്റെ കുബുധിയായി രുന്നു. അവസാനം കുഞ്ഞു സമയത്തിന് വരാതെ കാലുമാറിയാല്‍  അനുജന്‍ അപ്പുവിനെ ബന്തിയാക്കുക. 8 മണിയായിട്ടും കുഞ്ഞുവിനെ  കാണാതായപ്പോള്‍ അപ്പു  ഞെട്ടി.
"ഏട്ടന്‍ വരും ഇല്ലേ ചേച്ചി ".. ഞാനൊന്ന് ഇരുത്തി മൂളി .."ഹ്മ്മം" ഈ സമയം കുഞ്ഞു ഓടുകയായിരുന്നു. 8 ന്റെ ട്രെയിന്‍ പോയാല്‍ 8.30 ന്റെ ട്രെയിന്‍ പിടിക്കാം, പക്ഷെ ഒരു 8 മാസമെങ്കിലും അതിന്റെ പഴി  കേള്‍ക്കേണ്ടി വരും .കുഞ്ഞു രണ്ടും കല്പിച്ച് ഓടി. മേല്‍പ്പാലം  കയറുമ്പോള്‍ താഴെ വണ്ടി കാണാനില്ല.എല്ലാം കഴിഞ്ഞെന്നു വിചാരിച്ച പ്പോള്‍, ഇല്ല പോയിട്ടില്ല കുറച്ചു മാറ്റി ഇട്ടിട്ടുണ്ട്. അവന്‍ വന്നു  കഴിഞ്ഞാണ് അപ്പുവിന്റെ ശ്വാസം നേരെ വീണത്‌. ഏതായാലും  പുറപ്പെട്ടു. 'പ്രകൃതി' യിൽ  നിന്ന് പൊതിഞ്ഞു വാങ്ങിയ മസാല ദോശയും കഴിച്ചു കൊച്ചു വർത്തമാനവുമായി  സമയം പോക്കി. അപ്പോഴും വല്യേട്ടന്റെ വിവാഹ സമ്മാനം എന്താവണം എന്ന് സമവായത്തിൽ എത്തിയിട്ടില്ലായിരുന്നു .ഞാൻ ആദ്യമേ പറഞ്ഞതാണ്‌ നമുക്കൊരു 'മണിയറ സെറ്റ് ' [എന്നാന്നു വച്ചാൽ  ബെഡ് ഷീറ്റ് + തലേണ കവർ + കർട്ടൻ + അല്ലറ ചില്ലറ അലങ്കാരങ്ങൾ,പൂക്കൾ] വാങ്ങാമെന്നു. അതാർക്കും  ബോധിച്ചില്ല. പിന്നെയും അഭിപ്രായങ്ങൾ വന്നു .റിസ്റ്റ് വാച്ച് , ഡിന്നർ സെറ്റ്.ഒന്നും ശരിയായില്ല.
"എന്ത് വേണമെടീ നീ പറ " ,ഹരിഭായി ചോദിച്ചു ."അല്ലെങ്കിൽ പിന്നെ നമുക്കൊരു.... നമുക്കൊരു മണിയറ സെറ്റ് മേടിച്ചാലോ", ഞാൻ പറഞ്ഞു .       "തന നാന താന താനനാ ,തനനാന താന താനനാ "
കുഞ്ഞുവും ഹരിയും ബീറ്റ് ഇട്ടു, പിന്നെ  ചൂടായി , "വേറെ വല്ലോം ഉണ്ടേൽ പറയടീ".വേറെ എന്ത് പറയാൻ. ആലോചിക്കാൻ ഈ രാത്രി മുഴുവൻ ഉണ്ടല്ലോ എന്ന് വിചാരിച്ചു സമാധാനിച്ചു .ഹല്ലാ പിന്നെ. നേരം വെളുത്തപ്പോൾ കോഴിക്കോട്ട് വണ്ടി എത്തി . അവിടുന്ന് ഒരു ഓട്ടോ എടുത്തു ഞങ്ങൾ നാല് പേരും ശങ്കരൻ  കുട്ടിയുടെ വീടിലേക്ക്‌ പോയി. കുഞ്ഞുവിന്റെ ഇളയമ്മയുടെ മകൻ ശങ്കരന് അന്ന് 6 മാസം പ്രായം. അവിടുന്ന് ലൈറ്റ് ആയി ശാപ്പാടും തട്ടി അവരുടെ കാറും എടുത്തു മഞ്ചേരിക്ക്. അവിടെ ചെന്ന് ഒരു കുളിയും പാസാക്കി വീണ്ടും ശാപ്പാട് .നല്ല ഇഡലിയും സാമ്പാറും ,അപ്പുവിനു സ്പെഷ്യൽ ബട്ടണ്‍ ഇഡലിയും. പിന്നെ അവിടുന്ന് നേരെ ഇല്ലത്തേക്ക്. നടുവത്ത്  മനക്കലെ മുറ്റത്തു  വണ്ടി ഇറങ്ങിയപ്പോ  എനികൊരു ശങ്ക. കുഞ്ഞുവിനോട് സ്വകാര്യം ചോദിച്ചു. "എടാ ഞാൻ ഒരു പുസുക യാ" . കുഞ്ഞു വാ പൊളിച്ചു "ച്ചാൽ.. ? " .ഞാൻ പൂരിപ്പിച്ചു ,"എന്ന് വച്ചാൽ പുരാതന സുറിയാനി കത്തോലിക്കാ;  ക്രിസ്ത്യാനികളെ ഇല്ലത്തു  കേറ്റുവോ? " ഹരിയാണ് ഉത്തരം തന്നത് ."ഇറങ്ങി പുറപെട്ടപ്പഴും പുസുക തന്നല്ലാരുന്നോ ,അന്നേരം ഓർത്തില്ലേ കെറ്റുവൊന്നു ? ... അല്ല ശരിക്കും ഈ 'പുരാതനം'  ഒക്കെ ഒള്ളതാണോ ?" ... "ഓ  ഒരു ജാടക്ക് ", ഞാൻ പൂരിപ്പിച്ചു. ഇല്ലത്തുള്ളവർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു പൂമുഖത്തിരുത്തി . അവിടെ  ഇരുന്ന്  കുഞ്ഞുവിന്റെ അച്ഛൻ തറവാടിന്റെ ചരിത്രം പറഞ്ഞു പിന്നെ ഭൂമിശാസ്ത്രവും വാസ്തുവും  ,ആള് എൻജിനീയർ ആണേ . അകത്തളത്തിൽ കിഴക്കിനിയോടു  ചേർന്ന് ഇല്ലത്തെ  പരദേവത വെട്ടൈക്കരന്റെ  പ്രതിഷ്ട്ടയുണ്ട് . ദൂരെ നിന്നു നോക്കി. അവിടെയ്ക്ക് കയറാൻ അനുവാദമില്ല ആർക്കും. നാലുകെട്ടിനെ ചുറ്റി വരിഞ്ഞു പോകുന്ന ചുറ്റുവരാന്തയിൽ കൂടെ   നടന്നു. നാലിറയത്തു നിന്നാൽ നടുമുറ്റത്തേക്ക് പാളി വീഴുന്ന വെയിൽ വെട്ടം. നടുമുറ്റത്ത്‌ തുളസിത്തറക്ക്‌ ചുറ്റും ഉണക്കാനിട്ട മാങ്ങയും കഴിച്ച്  നേരെ  പോയത് ഊട്ടുപുരക്കൽ,ഒരു 100 ആള്ക്ക് ഒരുമിച്ച് ഉണ്ണാൻ പാകത്തിന്. പിന്നെ ഒട്ടൊന്നു നടന്ന്  പടിഞ്ഞാറ്റിയും തെക്കിനിയും വടക്കിനിയും കണ്ടു .പറഞ്ഞു ധാരാളം കേട്ടിട്ടുള്ള സ്ഥലങ്ങൾ  നേരിൽ കണ്ടപ്പോൾ മനസിനു വല്ലാത്ത സന്തോഷം. ഫോട്ടോയിൽ കണ്ടിട്ടുള്ളതിൽ എന്നെ ഏറ്റവും മോഹിപ്പിച്ചത്‌ കുളവും കുളപ്പുരയും  തന്നെ ആയിരുന്നു. നേരിൽ കണ്ടപ്പോൾ ബഹു സന്തോഷം .കണ്ടാൽ കൊതിയവും. അന്ന്  അവിടെവച്ചു ഞാൻ തീരുമാനിച്ചു എന്ത് ത്യാഗം സഹിച്ചും നീന്താൻ പഠിക്കണം .കണ്ടു നോക്കൂ കൊതിയാവുന്നില്ലേ
  

കുളം കണ്ടു കൊതി തീർന്നപ്പോൾ കിഴക്കേ പടിപ്പുരയിൽ പോയി ഇരുന്നു .പഴയ പത്തായപ്പുരയും  അവിടെ തന്നെ.ഇപ്പോൾ ഉപയോഗിക്കുന്നത് മറ്റൊരെണ്ണമാണ് . ഇപ്പോഴും അവിടെ തന്നെ സ്ഥാനം തെറ്റാതെ കിടക്കുന്ന പഴയ ഒരു 'എമണ്ടൻ' പത്തായത്തിൽ ചെവി ചേർത്തു പിടിച്ചപ്പോൾ മുഴക്കത്തിൽ ഞാൻ കേട്ടു പഴയ തലമുറയിലെ  കൊയ്ത്തു പാട്ടിന്റെ താളം. പടിപ്പുരയുടെ ഒതുക്കു കല്ലിറങ്ങി  തൊടിയിലേക്കു  നീളുന്ന വെട്ടുവഴിയിൽ കൂടി നടന്നപ്പോൾ ഒരുകാലം എന്റെ പ്രിയപെട്ടവരായിരുന്നു എം ടി  യുടെ കഥാപാത്രങ്ങൾ പലരും  എന്നെ പിന്നിട്ടു  നടന്നു പോകുന്നത് സത്യമായും ഞാൻ കണ്ടു, കുഞ്ഞുവും ഹരിയും പക്ഷെ കണ്ടില്ല. കഥാപാത്രങ്ങളെ പ്രണയിച്ച് അദൃശ്യ ജന്മങ്ങളോട് സംവദിച്ചു നടന്ന പഴയ കൗമാരക്കാരിയുടെ  മുന്നിൽ  കാലം നിശ്ചലമായി.

 കുഞ്ഞു നീട്ടി വിളിച്ചപ്പോൾ സ്വബോധം വീണ്ടു കിട്ടി, "ഇങ്ങനെ നിന്നാ മതിയോ പോണ്ടേ ....".  പടിഞ്ഞാറെ പടിപ്പുരയിൽ രസകരമായ മറ്റൊന്ന് കണ്ടു 'തള്ളെ തല്ലി ' .സംഭവം  തടിയുടെ ഒരു പട്ടികയാണ്. വലിയൊരു മരപ്പടികയിൽ ചവുട്ടി വേണം കയറാൻ .അതിന്റെ വിശദാംശങ്ങൾ എനിക്കത്ര പിടിയില്ല. പകരം ചിത്രം ചുവടെ കൊടുത്തിട്ടുണ്ട്‌. ചിത്രത്തിൽ കാണുന്ന മാന്യദേഹം ഇടത്തെ  കാലുകൊണ്ട്‌ ചവുട്ടിയിരിക്കുന്നതാണ് മേല്പറഞ്ഞ 'തള്ളെ തല്ലി'.

നാലുകെട്ടിൽ നിന്ന് ഈ പടിപ്പുരയിലേക്ക്‌  നോക്കിയാൽ വെറുതെ ഒരു കഥയെഴുതാൻ തോന്നും .

 പിന്നെ ചുടല മാവ് കണ്ടു പറമ്പിന്റെ തെക്ക് ഭാഗത്തായിട്ട്‌ . എത്ര വര്ഷം പ്രായമുണ്ടെന്നു നിശ്ചയം പോര ഇപ്പോൾ അവിടെയുള്ള എല്ലാവരുടെയും ഓർമയിൽ തഴച്ചു വളര്ന്നു നില്പ്പുണ്ട്  ആ മാവ് അങ്ങനെ തന്നെ. നല്ല പ്രായം ഉണ്ടാവണം .
   കുറെ കറങ്ങി നടന്നപ്പോൾ തിരിച്ചുപോകണമല്ലോ എന്നോർത്തു. പൂമുഖത്തിന്റെയും അകത്തളത്തിന്റെയും  ചിത്രങ്ങൾ മനസ്സിൽ മാത്രം പകർത്തി. രണ്ടു വട്ടം തിരിഞ്ഞു നോക്കി പിന്നെയും കുറച്ചു ചിത്രങ്ങൾ കൂടി ക്യാമറയിൽ ഒതുക്കി
കാഴ്ചയുടെ പാൽപ്പായസവും കുടിച്ച്  പിന്നെ ഇടവച്ചൂടിനൊരു ഇളനീരും കുടിച്ച് മന്തോപ്പുകൾ പിന്നിട്ടു ഞങ്ങൾ മഞ്ചേരിക്ക് തിരിച്ചു ,അവിടെ മാമ്പഴ പുളിശ്ശേരി കൂട്ടി നല്ലൊരു ഊണ് ഞങ്ങളെ കാതിരുപ്പുണ്ടേ ...

വയറു നിറയെ ഊണും കഴിഞ്ഞു തിരിച്ചു കോഴിക്കോടിന് .മധുരം വയ്പ്പും കഴിഞ്ഞു വല്ല്യേട്ടന്റെ കല്യാണവും കൂടി സദ്യയും ഉണ്ട്  ,സമ്മാനവും കൊടുത്തു. സമ്മാനത്തിന്റെ കാര്യത്തിൽ ഇതിനോടകം  ഞങ്ങൾ നല്ലതെന്ന് തോന്നിയ ഒന്നിൽ  സമവായത്തിൽ എത്തിയിരുന്നു . ശങ്കരൻ കുട്ടിയോടും കുഞ്ഞുവിന്റെ ഇളയമ്മയോടും യാത്ര പറഞ്ഞ് കോഴികോട് ബീച്ചിൽ ഒന്ന് നടന്ന് പാരഗണിൽ നിന്ന് ഒരു ചിക്കൻ ബിരിയാണിയും കഴിച്ച് ബാംഗ്ലൂർക്ക്  ട്രെയിൻ  കേറി,
മേടച്ചൂടിന്റെ ഇടവേളകളിൽ പെയ്യുന്ന വേനല മഴപോലെ നല്ല ഓർമ്മകൾ മാത്രം  നിറച്ചോരു യാത്ര. കുറച്ചു നാളുകള്ക്ക് മുന്പായിരുന്നു ഈ യാത്ര. ഓര്മയുടെ മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നെന്നപോലാണ് ഇപ്പോൾ തോന്നുന്നത്.ഒരുപാട് ഉദയാസ്തമനങ്ങളുടെ  സമയദൂരം താണ്ടണം  അവിടെയൊന്നെത്താൻ.

ഫോട്ടോ ഒരെണ്ണം കുഞ്ഞു പണ്ട് അയച്ചതിൽ നിന്നും ചൂണ്ടിയതാണ്. ബാക്കിയൊക്കെ എന്റെ സാദാ ക്യാമറയിൽ  ഫോട്ടോഗ്രാഫിയിൽ പ്രത്യേകിച്ച് കമ്പമൊന്നും  ഇല്ലാത്ത ഞാനോ എന്റെ കൂട്ടുകാരോ എടുത്തതാണ്. അതുകൊണ്ട് തന്നെ ഫോട്ടോസ് അതിന്റെ സൗന്ദര്യം അത്രക്കൊന്നും ഉൾക്കൊണ്ടിട്ടില്ല. വാക്കുകൾ കൊണ്ട് വരക്കാനും കഴിഞ്ഞില്ല എന്ന് കുറ്റസമ്മതം നടത്തുന്നു.


കടപ്പാട് : കുറച്ചധികം പേരോടുണ്ട് .കുഞ്ഞുവിന്റെ അച്ഛൻ, അമ്മ ,ഈ യാത്രയിൽ പ്രധാന സുഹൃത്തായിരുന്ന അപ്പു, വല്യേട്ടൻ,  ഇല്ലത്തുണ്ടായിരുന്ന ഏട്ടന്മാർ, കുഞ്ഞുവിന്റെ ഇളയമ്മ, ശങ്കരന കുട്ടി അവിടെയായിരുന്നു കോഴിക്കോട്ടെ എന്റെ താമസം,പറമ്പിൽ  എത്തിയ പാടെ കരിക്ക് വെട്ടി തന്ന കര്യസ്ഥൻ ചേട്ടൻ, കളഞ്ഞു പോയ മൊബൈൽ ഫോണ്‍ തിരിച്ചു കൊണ്ടുതന്ന ഓട്ടോ ഡ്രൈവർ, പിന്നെ പേരറിയാത്ത ആരൊക്കെയോ


  

Saturday, June 23, 2012

മഴത്തുള്ളി



ഒരു പഴങ്കടലാസു മതി നിങ്ങളെ ഓര്‍മയുടെ മഹാസമുദ്രത്തില്‍ മുക്കി താഴ്ത്താന്‍.തിരക്ക് പിടിച്ച  ഒരു പകലിന്റെ രണ്ടാം പാതിയില്‍ വിലപ്പെട്ട ഒരു  ഡോക്യുമെന്റ്തിരയുന്നതിനിടയില്‍ ആണ് പഴയ ഒരു എഴുത്ത് കയ്യില്‍ തടഞ്ഞത്.  അതെ അങ്ങനെ ഒരു ശീലമുണ്ടായിരുന്നു ഒരിക്കല്‍. എഴുത്തുകള്‍ എഴുതുന്ന ശീലം .കൊച്ചുത്രേസ്യ  ഹോസ്റ്റല്‍ വാസം തുടങ്ങിയപ്പോള്‍ 10 രൂപയുടെ സ്റ്റാമ്പ്‌ ഒട്ടിച്ചു കുറെ ഏറെ എഴുത്തുക്കള്‍ അയച്ചിരുന്നു.വീടിലെ പാത്ത  കന്നി  മുട്ട ഇട്ടതു മുതല്‍ ബയോളജി  റെക്കോര്‍ഡ്‌  ബുക്കിലെ വരച്ചു മുഴുമിക്കാതെ പോയ ചിത്രങ്ങളെ  കുറിച്ച് വരെ   എഴുതിയിരുന്നു . ഇന്ന് കയ്യില്‍ കിട്ടിയത് കഴിഞ്ഞു പോയ ഒരു  ഒരു മഴ യാത്രയെക്കുറിച്ചുള്ള  വര്‍ണന .പാട വരമ്പത്തെ പച്ചപ്പില്‍ കണ്ണ് മഞ്ഞളിച്ച കൊച്ചു സെലിനയുടെ ഓര്‍മ ക്കുറിപ്പുകള്‍.അയക്കാന്‍ മറന്നതാകും   .ബാല്യത്തിലെ മഴയ്ക്ക്  ഇളം ചൂടാണ് ,പാറക്കല്ലില്‍ തീര്‍ത്ത കൈയ്യാല വിടവില്‍ കൂടി ഉറവ പൊട്ടുന്ന വെള്ളത്തിന്റെ ഇളം ചൂട് .ഒഴുകി പരക്കുന്ന  തണുത്ത മഴവെള്ളത്തിലേക്ക്   ഭൂമിയുടെ ഗര്‍ഭ ജലം കലരുമ്പോള്‍  ഒന്നാകലിന്റെ ആദ്യ പാഠം ഗ്രഹിച്ചു.പെടുമഴയില്‍ കളിയ്ക്കാന്‍ അനുവാദമില്ലായിരുന്നു .പനി  പിടിക്കും പോലും.ആ വാദത്തോട് എനിക്ക് ഇന്നും എതിര്‍പ്പാണ് . വീടിനു മുന്‍പിലെ  വഴിയും  ഒഴുകിയെത്തുന്ന മണലും മഴവെള്ളവും അവസാനിക്കുന്നത് കൃഷി ഇല്ലാത്ത ഒരു നെല്‍പ്പാടത്താണ്.മനോരമ പത്രത്തെ കപ്പലുകളാക്കി പാടത്തേയ്ക്ക് യാത്രയാകുമ്പോള്‍ ,ഭൂഗോളം ചുറ്റാന്‍ പുറപെട്ട നാവികന്റെ ദുഖിതയായ കാമുകിയായി ഞാന്‍ സ്വയം  അവരോധിക്കും .പിന്നെ വന്ന വേനലില്‍ റോഡ്‌ ടാര്‍ ചെയ്തതോടുകൂടി ആ കളി അവസാനിച്ചു. കയ്യാലകള്‍ പോയി മതിലുകള്‍ വന്നപ്പോള്‍ ഉറവകളും  കാണാതായി .പിന്നെയും വളര്‍ന്നപ്പോള്‍ എന്നെ    കൊതിപ്പിച്ചത് മഴയുടെ കരിംപച്ച നിറമാണ്.അലച്ചു തല്ലി  പെയ്യുന്ന മഴയില്‍ തളര്‍ന്നു കുതിര്‍ന്നു കരഞ്ഞു നില്‍ക്കുന്ന ഇലത്തലപ്പുകള്‍ പിന്നൊരു കുഞ്ഞു വെയില്‍ വെട്ടം കാണുമ്പോള്‍ തുവര്‍ത്തി കുടഞ്ഞു ചിരിക്കുന്നത് കണ്ട് ഞാനും ചിരിക്കും .ഇലത്തുമ്പില്‍ വിരിയുന്ന മഴവില്ലിന്‍ തുള്ളിയെ നോക്കി  സ്ഥലകാലങ്ങളില്‍ മരവിച്ചു നില്‍ക്കുക പതിവായി."എണീറ്റു പോടീ " എന്നൊരു ശാസനയാകും പിന്നെ എന്നെ ഉണര്‍ത്തുന്നത് .കടും പച്ച uniform പാവാട മഴ നനഞ്ഞു കരിംപച്ചയാകുമ്പോള്‍ എനിക്കും ഇലകള്‍ക്കും ഒരേ നിറം.ഓരോ ഒന്നാകലുകളും ഓരോ വെളിപാടുകള്‍.ഡിഗ്രി പഠനത്തിനു പോയപ്പോള്‍ മഴയെന്നാല്‍ അത് കായല്‍ തീരത്തെ മഴയായി .അവിടെ മഴയ്ക്ക് പുകമഞ്ഞിന്റെ നിറവും ചേറിന്റെ മണവുമാണ്.ഇളം പച്ച നിറമുള്ള മൈതാനത്തിന് അതിര്‍ തീര്‍ത്ത കായല്‍ തീരത്തെ  കരിങ്കല്‍കെട്ടില്‍ ഒരുമിച്ചു നനഞ്ഞ മഴയെല്ലാം  , ഞങ്ങള്‍ കൂട്ടുകാര്‍ക്ക്  ഓരോ ഓര്‍മ്മകള്‍.ഇവിടെ പുതു മഴയെന്നാല്‍ വാകപൂകളെ തല്ലിക്കൊഴിക്കുന്ന  ചുവപ്പ് മഴയാണ്.ഇവിടെ മുഖം  മറക്കാന്‍ എനിക്കീ മഴമതി ,എന്റെ കണ്ണീരു കഴുകാനും പുഞ്ചിരി ഒളിക്കാനും. പിന്നെ ഇലത്തലപ്പുകളില്‍ തളിരിടുമ്പോള്‍ ക്ഷമയോടെ  തഴുകി പെയ്യുന്ന നൂല്‍മഴ ,നിന്റെ സ്നേഹം പോലെ  എന്നെ പൊതിയുന്ന ,  സ്വര്‍ണ നൂലില്‍ കോര്‍ത്ത രാത്രിമഴ.
 ഓരോ മഴയും മഴക്കാലവും ഓരോ ഒന്നാകലുകള്‍.ഓരോ ഒന്നാകലുകളും    ഓരോ തിരിച്ചറിവുകള്‍

കടപ്പാട് :ഫോട്ടോ ,ഉല്ലാസ് 

 

Saturday, October 1, 2011

മനസമ്മതം

"സ്കറിയാ ,മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ച്,സ്വതന്ത്രമായ മനസോടും പൂര്‍ണമായ സമ്മതത്തോടും കൂടെ എലിസബത്തിനെ നിന്റെ ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്നു  നീ വാഗ്ദാനം ചെയുന്നുവോ? " 
സ്കറിയ : "അത് പിന്നെ ...പിന്നെ .... ഉവ്വ്‌ സമ്മതം" 
"എലിസബത്ത് മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ച്,സ്വതന്ത്രമായ മനസോടും പൂര്‍ണമായ സമ്മതത്തോടും കൂടെ സ്കറിയയെ നിന്റെ ഭര്‍ത്താവായി സ്വീകരിച്ചു കൊള്ളാമെന്ന് നീ വാഗ്ദാനം ചെയ്യുന്നുവോ ?
എലിസബത്ത് : " ....    വാഗ്ദാനം ചെയ്യുന്നു"

........................................

2007 ഓഗസ്റ്റ്‌ മാസത്തില്‍ ,കൊച്ചുത്രേസ്യയുടെ മനസമ്മതത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.കൊച്ചുത്രേസ്യ ബോധംകെട്ടു ഉറക്കത്തിലും .ഉറക്കത്തിന്റെ ഒന്നാം എപ്പിസോഡില്‍ , സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് കൊച്ചുത്രേസ്യയോട് ചോദിച്ചു ,"എലിസബത്ത് എന്ന കൊച്ചുത്രേസ്യ.. നിദ്രയില്‍ നിന്നുണരുക (കൊച്ചുത്രേസ്യയുടെ മാമോദീസാ പേരാണ് ഏലി) ,ഈശോമിശിഹായുടെ കസിനായ യോഹന്നാന്റെ പേരെന്റസ് ,സഖറിയ -എലിസബത്ത്‌ കപ്പിള്‍സ് ന്റെ നാമധേയത്തില്‍ , വഴക്കും വക്കാണവും ഇല്ലാതെ  മാതൃകാ കുടുംബമായി ജീവിച്ചേക്കുമോ ,അതോ കെട്ടിന്റെ പിറ്റേന്ന് മുതല്‍ കറിയയുമായി ഗുസ്തി തുടങ്ങുമോ ? ഇടി കൂടാതെ ജീവിക്കണമെന്ന് പറയുവാന്‍ വന്ന ദൂതനാണ്‌ ഞാന്‍ ".ഇത്രയും പറഞ്ഞു ദൂതന്‍ മറഞ്ഞു .
സ്വപ്നത്തില്‍ കൊച്ചു ത്രേസ്യാ ഒന്ന് ഞെട്ടി.കര്‍ത്താവെ അത് ശരിയാണല്ലോ  ,ഈശോ മിശിഹായുടെ അങ്കിള്‍-ആന്റി കപ്പിള്‍സ് ന്റെ പേരാണല്ലോ എന്റെയും കറിയാ ചായന്റെയും മാമോദീസാ പേര് . സ്കറിയയും എലിസബത്തും . ആ വെളിപാടില്‍ കൊച്ചുത്രേസ്യ നിദ്രയില്‍ നിന്നുണര്‍ന്നു. ഒത്തുകല്യാണത്തിനുള്ള  സാരി ഇസ്തിരി ഇട്ടുകൊണ്ടിരുന്ന അമ്മയോട് പറഞ്ഞു ,ഈ വെളിപാടില്‍ അമ്മ അത്ഭുതപെട്ടു വാപൊളിച്ചു "ശരിയാണല്ലോ മാതാവേ " .കിടക്കവിരികളും ജനാലയുടെ കര്‍ട്ടനും മാറ്റുകയായിരുന്ന സിലിന "ഓ ഇതെനിക്ക് പണ്ടേ അറിയാവുന്നതല്ലേ !!  നിങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു ? " എന്നായി .ഈ കണ്ടെത്തല്‍  കറിയച്ചായനെ ക്കൂടി അറിയിക്കണമല്ലോ .കൊച്ചുത്രേസ്യ ഫോണെടുത്തു കറക്കി . മനസമ്മതത്തിനു  പോകാനുള്ള സാന്റ്രോ കാര്‍ കഴുകി ദീപിക പത്രം കൊണ്ട് തുടച്ചു വൃതിയാകുകയായിരുന്നു കറിയാച്ചായന് (കാര്‍ കഴുകി കഴിഞ്ഞു വെള്ളം തുടച്ചു കളയാന്‍ ഏറ്റവും ബെസ്റ്റ് പാത്രമാണെന്നു കണ്ടുപിടിച്ചത് ഇദേഹമാണ്)‍ .ഫോണിന്റെ അങ്ങേ തലക്കല്‍ ഭാവി ഭാര്യ തന്റെ കണ്ടെത്തല്‍ അവതരിപ്പിച്ചു 
"അതെ നമ്മുടെ ജോണിന്റെ അച്ഛന്റേം അമ്മേടേം പേരാ നമുക്ക് " .
എന്റെ ഭാവിചേട്ടന്‍ വാ പൊളിച്ചു 'ഇതു ജോണ് ?ആരാ ജോണിന്റെ പേരെന്റസ് ?'
"ഹാ നമ്മുടെ ഈശോയുടെ കസിന്‍ ജോണ്‍ ,....യോഹന്നാന്‍.ഇപ്പൊ സ്വപ്നത്തില്‍ ഞാന്‍ കണ്ടതാ "
കറിയാച്ചായന് കാര്യം ഏതാണ്ട് പിടികിട്ടി .ഒരു പ്രശ്നം വെറുതെ ഉണ്ടാകുന്നതെന്തിനാ എന്ന് കരുതി പറഞ്ഞു ."കൊള്ളാല്ലോടീ നീ പോയി ബാക്കീം കൂടെ കാണ്‌,ഇതുപോലെ ഇനീം വല്ലോ റിലെഷന്സും ഉണ്ടോന്ന് കണ്ടുപിടിക്കല്ലോ .അന്നേരത്തേക്ക് ഞാന്‍ ഈ കാറുകഴുക്കല്‍  അങ്ങ് തീര്‍ക്കാം‍" 
അങ്ങെനെ പിറ്റേന്ന് ഒത്തുകല്യാണത്തിന്  കര്‍ത്താവിനേം സെലീനായേം പിന്നെ സദസിനേം സാക്ഷിനിര്‍ത്തി അവര്‍ മനസമ്മതം ചൊല്ലി .അന്നേക്ക് ഒന്നാം മാസം 12ആം ദിവസം മേല്‍പറഞ്ഞവരെ എല്ലാം സാക്ഷിനിര്‍ത്തി   അവര്‍ വിവാഹിതരായിട്ട് ഇന്ന് നാല് വര്‍ഷം.2007  കഴിഞ്ഞു വന്ന എല്ലാ ഒക്ടോബര്‍ ഒന്നാം തിയതിയും ,തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വിവാഹ വാഗ്ദാനം സ്വപ്നം കണ്ടു നിലവിളിച്ച് ആണത്രേ കറിയാചായന്‍ ഉണരുന്നത്. ഇന്നും അങ്ങനെ തന്നെയാവണം .

'സന്തോഷത്തിലും ദുഖത്തിലും ...സമ്പത്തിലും ദാരിദ്ര്യത്തിലും....ആരോഗ്യത്തിലും അനാരോഗ്യത്തിലും .... ...പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ  ...ഏകമനസോടെ ജീവിച്ചു കൊള്ളാമെന്ന് ' അവര്‍ നല്‍കിയ വാഗ്ദാനം ,വരുവാനിരിക്കുന്ന ആയിരം പൌര്‍ണമി നാളകള്‍ പാലിക്കുവാന്‍ സെലീനയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ .


സമര്‍പ്പണം :കറിയ -കൊച്ചുത്രേസ്യാ ദമ്പതികള്‍ക്ക്

Tuesday, June 14, 2011

ഭൂതകാലത്തിന്റെ വര്‍ത്തമാനങ്ങള്‍


എഴുപതു വര്‍ഷം നീണ്ട ശബ്ദ മുഖരിതമായ രാപ്പകലുകള്‍ക്കു  ശേഷം ഇപ്പോള്‍ അവിടം നിശബ്ദമാണ്. പഴയതില്‍ ‍ നിന്ന് പുതിയതിലെക്കുള്ള  അനിവാര്യമായ മാറ്റം .പറഞ്ഞു വരുന്നത് പുതിയ കെട്ടിടത്തിലേക്ക്  ലാബ്‌ മാറിയതിനെ കുറിച്ചാണ് . കോലാഹലങ്ങള്‍ ‍ എല്ലാം ഏറെക്കുറെ കഴിഞ്ഞു എന്ന് തന്നെ പറയാം.നാലു മാസത്തോളം എടുത്തു എല്ലാം പൂര്‍വ സ്ഥിതിയില്‍ ആക്കാന്‍ . ആദ്യത്തെ ഒരു മാസം  planning  ആയിരുന്നു. കടുത്ത planning .ആലോചനയും  ചര്‍ച്ചയും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അടിപിടിയും പൊട്ടിച്ചിരിയുമായി രാവോളം, വെളുക്കുവോളം  planning  നടത്തി.ഒടുക്കം ,ദശാബ്ദങ്ങളുടെ ഓര്‍‍മ്മയും ധൂളിയും അടിഞ്ഞു കൂടിയ ഓരോ മുക്കും മൂലയും ക്യാമറക്കുള്ളില്‍  പകര്‍‍ത്തി  palnning   അവസാനിപ്പിച്ചു. അന്ന് രാത്രി ഞാനൊരു ദൂരയാത്രയ്ക്കു  പുറപ്പെട്ടു . പിന്നെയുള്ള കഥകള്‍   ഭൂഗോളത്തിനപ്പുറം എനിക്ക്  എത്തിച്ചു തന്നത്  'skype '  ആണ്. തിരിച്ചെത്തുമ്പോള്‍ ‍ ഒന്നും  പൂര്‍ണ മായിട്ടുണ്ടായിരുന്നില്ല. പറിച്ചുനടലിന്റെ അവസാന എപ്പിസോടുകള്‍‍ക്ക് ജീവന്‍ നല്‍കാന്‍ 40 വര്‍‍ഷങ്ങളുടെ കഥാസംഗ്രഹവുമായി പ്രൊഫസറും കൂടെക്കൂടി.ഓരോ മേശക്കും  കസേരക്കും വരെ പറയാനുണ്ടായിരുന്നു ഒരു കുഞ്ഞു കഥയെങ്കിലും. ഒരിക്കലും അവസാനിക്കില്ല 'shifting' എന്നു വരെ തോന്നി.ഒടുക്കം ഒരു സുപ്രഭാതത്തില്‍ ‍ 'shifting over ' എന്ന് അങ്ങു  പ്രഖ്യാപിച്ചു . പഴയതിനെ മറന്നു പതിയെപ്പതിയെ  പുതിയ  സ്ഥലവുമായി  ഇണങ്ങി.ഇനിയും  എന്തെങ്കിലും  അവശേഷിക്കുന്നെങ്കില്‍ ഉടനെ തന്നെ  തീര്‍‍പ്പാക്കണം എന്ന നിര്‍ദേശപ്രകാരമാണ്  ഞാന്‍ വീണ്ടും പഴയ ലാബില്‍  ചെന്നത്.മറ്റാരേലും എത്തുന്നതിനു മുന്നേ തന്നെ എത്തണമെന്ന് തോന്നി. കുറച്ചു നേരം അവിടെ തനിച്ചൊന്നു കറങ്ങി നടക്കാമെന്നു വച്ചു. ഭൂതകാലത്തിലേക്ക്   പൂര്‍ണമായും ഉള്‍‍വലിഞ്ഞു   പോയ ഒരു ബംഗ്ലാവ് പോലെ തോന്നും പുറമേ നിന്ന് നോക്കിയാല്‍.നട്ടുച്ചക്കു പോലും   വെളിച്ചം എത്തിനോക്കാന്‍ ‍ മടിക്കുന്ന  മുറികളുണ്ട് ആ കെട്ടിടത്തിനുള്ളില്‍‍. കതകു  തുറന്നു അകത്തു കയറിയപ്പോള്‍  ‍ മനസൊന്നു പിടഞ്ഞു. ആര്‍‍ത്തലക്കുന്നൊരു    മൌനം  ബാക്കിയാക്കി  അവിടി വിടെ   ചിതറി ക്കിടക്കുകയാണ്  തലമുറകളുടെ അധ്വാനം. ഉപയോഗ  യോഗ്യമായത്  എന്തങ്കിലും  ഉണ്ടോ  എന്ന് ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നു.  പലതും  കണ്ടെത്തുകയും ചെയ്തു , വിലപിടിച്ചതും വിലകുറഞ്ഞതുമായ   പലതും.കഴിഞ്ഞ ആയിരം ദിനങ്ങളില്‍ ‍ ഞാന്‍‍ കാണാതെ  പോയതൊക്കെ  കാണാന്‍ തുടങ്ങി .
പരാജയപെട്ടു പോയൊരു റിസേര്‍ച്ച്‌ പ്രോബ്ലത്തിന്റെ അസ്ഥികൂടം, പൊട്ടിപൊളിഞ്ഞുപോയൊരു crystal - കണ്ണാടി പോലെ തെളിഞ്ഞത് , ആരോമറന്നു വച്ചൊരു furnace ദശാബ്ദങ്ങള്‍ക്കു ശേഷവും പുതുമ മാറാതെ, 8  PhD  തിസിസിനു    ജന്മം നല്‍കിയ  'setup'  ന്റെ നഷ്ട്ടപെട്ടു പോയ ജീവനാടി ,  ഇനിയും  ചിതലെടുക്കാന്‍   തുടങ്ങിയിട്ടില്ലാത്ത  പെട്ടികളില്‍  നിന്ന് പല നിറങ്ങളില്‍ ‍ പല ആകൃതിയില്‍ ‍ crystals .  ഇഷ്ടം   തോന്നിയതെല്ലാം   കയ്യില്‍ ‍   എടുത്തു   . അകത്തെ    മുറികളില്‍ ‍ ഒന്നില്‍   വീണ്ടും  തിരഞ്ഞു. എന്തെങ്കിലും  കയ്യില്‍ ‍   തടയുമെന്നു   കരുതി. മങ്ങിയ  വെളിച്ചത്തില്‍   കണ്ടു  ,പാതിമുറിഞ്ഞു   പോയ  ഒരു  ഹൃദയം,ആരോ  ചിറകരിഞ്ഞു   കളഞ്ഞ  സ്വപ്‌നങ്ങള്‍ -ഒരു   പിടി  ,മഴവില്ലിന്റെ  ഒരു  ചീള്, അവര്‍   ശൂന്യത എന്നു   വിളിച്ച   എന്റെ  ആകാശത്തിന്റെ  ഒരു  തുണ്ട് , കാലപ്പഴക്കത്തില്‍  ‍    ഓര്‍‍മ്മകള്‍  ഘനീഭവിച്ചുണ്ടായ  ഒരു  പ്രിസം -മങ്ങി തുടങ്ങിയിരിക്കുന്നു. തിരിച്ചും   മറിച്ചും  നോക്കി . ഒന്നും എടുക്കേണ്ട എന്നു വച്ചു.ഒരുപാടു രാത്രികളുടെ ഉറക്കം കവര്‍ന്ന്, ആരൊക്കെയോ എഴുതിക്കൂട്ടിയ അസംഖ്യം  കടലാസ് കഷണങ്ങളെ ഇരട്ടവാലന്  ഉണ്ണാന്‍  കൊടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ ‍  ഞാന്‍  കേട്ടു,ഓരോ മുക്കും മൂലയും പറയുന്ന   കഥകള്‍  ,ഓരോ തലമുറയും പറഞ്ഞു ചിരിച്ച , കരഞ്ഞ ഒരായിരം കഥകള്‍.
വരും തലമുറകള്‍ക്ക് പുതിയ കഥകള്‍  നല്‍കാന്‍ ‍ ഞങ്ങള്‍ ‍ പുതിയൊരു ബംഗ്ലാവു പണിയും എന്ന് പിന്നീട് വെറുതെ പറഞ്ഞു ചിരിച്ചു.തണല്‍  ‍ വിരിച്ച  ടാര്‍ ‍ വഴി  പിന്‍തള്ളി  പൂത്തു തുടങ്ങിയിട്ടില്ലാത്ത   തൈമരങ്ങളുടെ ഓരം  ചേര്‍‍ന്ന് മണ്ണിട്ട വെട്ടുവഴിയില്‍ കൂടി നടന്നു ,പുതിയ കിനാക്കളുടെ ഇനിയും മുളച്ചിട്ടില്ലാത്ത മൊട്ടുകള്‍   പൂക്കളായി വിരിയുന്നതും സ്വപ്നം കണ്ടുകൊണ്ട്‌