Wednesday, December 8, 2010

കാലിടോസ്കോപ്

                അമ്മയാണ് ഓര്‍മ്മിപ്പിച്ചത്  ഇന്നു  പാറേല്‍ പള്ളിയില്‍ പെരുനാള്‍ ആണെന്ന്,വെടിക്കെട്ട്‌ ഉണ്ടെന്ന്.ഡിസംബര്‍ മാസം എന്നു പറഞ്ഞാല്‍ തന്നെ  പെരുനാളും  പരീക്ഷയും  പുല്‍ക്കൂടുമായിരുന്നു പണ്ടൊക്കെ .  ക്രിസ്മസ്   പരീക്ഷ തുടങ്ങി കഴിഞ്ഞാകും പള്ളി  പെരുനാള്‍ വരിക.എന്നു വച്ചു വെടിക്കെട്ട്‌ മുടക്കാന്‍ പറ്റുമോ ?  മുടക്കിയിട്ടുമില്ല .പരീക്ഷ കഴിഞ്ഞാല്‍ പിന്നെ പുല്‍ക്കൂട്‌ ഉണ്ടാക്കാനുള്ള  അഭിപ്രായങ്ങളും സംഘട്ടനങ്ങളും . അങ്ങനെയാണ് ഡിസംബര്‍ മാസം തീരുക .ആഘോഷങ്ങളുടെ   മുന്നോടിയായ പെരുനാളും വെടിക്കെട്ടും മനസ്സില്‍ ഇപ്പോഴും മുഴങ്ങാറുണ്ട്.
        പെരുനാള്‍ തുടങ്ങികഴിഞ്ഞാല്‍ പിന്നെ 'പെരുനാള്‍പൊടി' യുടെ  കാലമാണ് .അതെന്നാ പൊടിയാണെന്നു ചോദിക്കരുത്.വീടിലെ മുതിര്‍ന്നവര്‍ പെരുനാള്‍ പ്രമാണിച്ച് ഇളയവര്‍ക്കെല്ലാം പണം കൊടുക്കും ,ഒരു ചെറിയ തുക .അത് മിട്ടായി വാങ്ങാനോ ബലൂണ്‍ വാങ്ങാനോ ഇനി അതുമല്ലേല്‍ ചെറിയ കളി തോക്ക് വാങ്ങാനോ ഒക്കെയാണ് നമ്മളു  ചിലവാക്കുക. എന്റെ അനിയന്‍ കൊച്ചന്‍ -എബി ,അവന്‍ കുഞ്ഞായിരുന്നപ്പോള്‍ ചോദിച്ചിട്ടുണ്ട്  ,"എനിക്കു തരാവോ ശകലം പെരുനാപ്പൊടി " .ഇതു കേട്ടാല്‍ അവലോസ് പൊടി പോലെ ഏതാണ്ടു സാധനമാണ് ഇത്  എന്ന് ആര്‍ക്കാണേലും     തോന്നിപ്പോകും .കുറ്റം പറയാന്‍ പറ്റത്തില്ലേ!!!
ജപമാല പ്രദക്ഷിണം കഴിഞ്ഞാല്‍ വെടിക്കെട്ട്‌ തുടങ്ങുന്നതിനു മുന്‍പായി കുട്ടികള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്നതാണു പ്രോട്ടോകോള്‍.  പള്ളിമുറ്റത്തെ കൊടിമരത്തിന്റെ ചുവട്ടിലായിരുന്നു ഞങ്ങള്‍ കുട്ടി പട്ടാളത്തിന്റെ ഇടത്താവളം.കൂടിനു മൂത്ത ചേട്ടന്‍മാരും ചേച്ചി കൊച്ചുത്രേസ്യയും കൂടുകാരും ഉണ്ടാവും .മേല്‍നോട്ടം അവര്‍ക്കാണ് പശ്ചാത്തല സംഗീതമായി ജപമാല
"കന്യാ മേരീ വിമാലാംബെ ,ദൈവകുമാരനു മാതാവേ ................."
          സെലീന  ബിനോയിയോട് ഐസ് മിട്ടയിക്ക് കടിപിടി കൂടുമ്പോള്‍ കൊച്ചുത്രേസ്യയും കൂടുകാരും ചില്ലറ കൊച്ചു വര്‍ത്തമാനങ്ങള്‍ ഒക്കെ ആയി കൂടും.അങ്ങനെ എല്ലാരും തന്നാല്‍ ആവുന്നത് ചെയ്തുകൊണ്ട്  പെരുനാള്‍  പൊലിപ്പിക്കും.ഇതൊക്കെ ഓര്‍മയില്‍ ഉള്ള പെരുനാള്‍ കഥകള്‍ .അതിനും വളരെ മുന്‍പേ നടന്ന ഏതോ ഒരു പെരുനാളിനു 'പെരുനാള്‍പൊടി'  യായി  കിട്ടിയതാണ് ഒരു കൊച്ചു  കാലിടോസ്കോപ്.മജന്താ കളര്‍ പേപ്പര്‍ പൊതിഞ്ഞ എന്തോ ഒരു സാധനം എന്നതിനപ്പുറം അതിനെ കുറിച്ച് ഒന്നും തന്നെ അറിഞ്ഞു കൂടാത്ത പ്രായത്തില്‍ കിട്ടിയതാണ് .കണ്ണില്‍ ചേര്‍ത്ത് പിടിച്ചു കൊച്ചുത്രേസ്യ ടെമോന്‍സ്ട്രെഷന്‍    നടത്തി കാണിച്ചപ്പോള്‍  കണ്ണ് മഞ്ഞളിച്ചു പോയി .വിരിഞ്ഞു തെളിഞ്ഞു മായുന്ന  വര്‍ണങ്ങള്‍ എന്നെ കുറച്ചൊന്നുമല്ല കൊതിപ്പിച്ചത് .അന്നോളം കണ്ടിട്ടില്ലാത്ത രൂപങ്ങളും വര്‍ണങ്ങളും വിടരുകയും മായുകയും വീണ്ടും രൂപം മാറുകയും  ചെയ്യുന്നു .ഇതൊക്കെ എവിടെനിന്ന് വരുന്നുവെന്നോ എവിടേയ്ക്ക് പോകുന്നുവെന്നോ ഒന്നും മനസിലായതുമില്ല .ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയ ആശയം കൊച്ചുത്രേസ്യാ യുടെ മുന്നില്‍ അവതരിപ്പിച്ചു .എന്തുകൊണ്ട് ആ പെട്ടി തുറന്ന് അതില്‍ ഉള്ള പേരറിയാത്ത സാധനങ്ങളെ പുറത്തെടുത്തു കൂടാ .അപ്പോള്‍ രണ്ടാള്‍ക്കും ഒന്നിച്ചു  കളിക്കാല്ലോ .കൊച്ചുത്രേസ്യക്ക് അതിനോട് എതിര്‍പ്പായിരുന്നു .
പ്രായത്തിന്റെ വിവേകം ആയിരിക്കും .കൈയെത്താ   ദൂരത്തു കാണുമ്പോഴുള്ള ഭംഗിയുണ്ടാവില്ല  നിറങ്ങള്‍ കൈപിടിയില്‍ ഒതുങ്ങുമ്പോള്‍ എന്നു ആവര്‍ത്തിച്ചു പറഞ്ഞതാണ്‌ കൊച്ചുത്രേസ്യ . തുറന്നു നോക്കിയിട്ട് തീരുമാനിക്കാം എന്നായി ഞാന്‍ .ശല്യം സഹിക്കാന്‍ വയ്യാതെയാണ് കൊച്ചുത്രേസ്യാ അത് പൊട്ടിക്കാന്‍ തീരുമാനിച്ചത് .കിട്ടാവുന്ന ആയുധങ്ങളെല്ലാം സംഘടിപ്പിച്ചു .അച്ചായുടെ ഷേവിംഗ് റേസര്‍ ,ഒരു പേന ,സ്പൂണ്‍ പിന്നെ ഒരു ചെറിയ ഇഷ്ടിക .എങ്ങനെയൊക്കെയോ അത് പൊട്ടിച്ചു .പൊട്ടി വീണ കണ്ണാടിക്കൂടില്‍ നിന്നും തെറിച്ചു  വീണത്‌ കുറച്ചു വളമുറികള്‍. പേരറിയാത്ത രൂപങ്ങള്‍ക്ക്‌ പകരം പിറന്നു വീണത്‌ നിറം വാര്‍ന്നു തുടങ്ങിയ വളപ്പൊട്ടുകള്‍ .കരയണോ വേണ്ടയോ എന്നാലോചിച്ചു നില്‍കുമ്പോഴാണ് കാണുന്നത് കൊച്ചുത്രേസ്യയുടെ കയ്യിലൂടെ ചാലുകീറുന്ന ചോരപ്പാടുകള്‍ .കുപ്പിച്ചില്ല് കൊണ്ടു മുറിഞ്ഞതാണ് .ഒന്നും ആലോചിച്ചില്ല ആകാവുന്നത്ര ഉച്ചത്തില്‍ നിലവിളിച്ചു. ആരൊക്കെയോ ഓടിവന്നു .ആരോ കുറെ കാപ്പിപൊടി   കൊണ്ടുവന്നു കയ്യില്‍ പൊത്തി .രക്തം കട്ട പിടിക്കാന്‍ സഹായിക്കുമെന്ന് ; എനിക്കറിയില്ല.അടുത്തയാള്‍ വന്നു പഞ്ചസാര വച്ചു പൊതിഞ്ഞു .അതും നല്ലതാണ് പോലും .മൂന്നാമതൊരാള്‍ വന്നു വെള്ളം കൂടി ഒഴിക്കുന്നതിനു മുന്നേ അച്ചയും ജോസ്ചാച്ചനും  കൊച്ചുത്രേസ്യയെ പോക്കിഎടുത്തു കൊണ്ടോടി ,'കൈലാസം ' ക്ലിനിക് ലേക്ക്.പിന്നീടു എത്രയോ തവണ  ഇതുപോലെ അവര്‍ ഓടിയിട്ടുണ്ട് 'കൈലാസത്തിലേക്ക്'?  എണ്ണിയിട്ടില്ല.
മുറിവ് ആഴത്തിലായിരുന്നു .ഉണങ്ങാന്‍ അധികം  കാലമെടുത്തു .പുറമേ ഉണങ്ങിയെങ്കിലും അകം ഉണങ്ങാതെ തന്നെ ഇരുന്നു .രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ കൊച്ചുത്രേസ്യ ചോദിച്ചു "നിന്നോട് ഞാന്‍ പറഞ്ഞതല്ലേ അത്ര ഭംഗി ഒന്നും ഉണ്ടാവില്ലാന്ന്"... സ്വപ്നം കണ്ട നിറങ്ങളും നഷ്ട്പെട്ടു ,കൊച്ചുത്രേസ്യയുടെ കൈയും മുറിച്ചു .ആ  സങ്കടത്തില്‍  കൊച്ചുത്രെസ്യായേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങിപ്പോയി .
പിന്നീടൊരിക്കലും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല വളപ്പൊട്ടുകളില്‍ നിന്നും  വര്‍ണ്ണ ചിത്രങ്ങളെ പ്രസവിച്ച മാന്ത്രിക കണ്ണാടിയെ .ഹയര്‍ സെക്കന്ററി   സ്കൂളില്‍ ഫിസിക്സ്‌ ക്ലാസിന്റെ ബോര്‍ഡില്‍  'ബ്രൂസ്ടെര്‍ ആംഗിള്‍'   നിറയുമ്പോള്‍ ഞാന്‍ പഴയ ഓര്‍മകളില്‍ ആയിരുന്നു . ജിജി സാര്‍ തൊടുത്തു വിട്ട ചോക്ക് എന്റെ തിരുനെറ്റിയില്‍ വീണപ്പോള്‍ ഞാന്‍ മോഹിച്ച വര്‍ണങ്ങളെ ഒരിക്കല്‍ കൂടി എനിക്കു നഷ്ട്പെട്ടു .  ഓര്‍മ്മയില്‍ നിന്നും ചിതറിത്തെറിച്ച   വളപ്പൊട്ടുകളും ചോരപ്പാടും ക്ലാസിന്റെ കൂട്ടച്ചിരിയില്‍ മാഞ്ഞു പോയി .
    ഇടയ്ക്കു  കൊച്ചുത്രേസ്യാ ഓര്‍മ്മിപ്പിക്കും ചില വര്‍ണങ്ങളെ കൈയെത്താ ദൂരത്തു കാണാനാണു ഭംഗിയെന്ന് . മുറിവുകള്‍ക്ക്‌ ആഴം കൂടിയാല്‍ ഉണങ്ങാന്‍ വൈകുമെന്ന്.കരിനീലപ്പാടുകള്‍ അവശേഷിപ്പിച്ച് പുറം മങ്ങിയാലും അകം അരുണമായിരിക്കും . ഒരു കൈത്തെറ്റില്‍ വീണ്ടും രക്തം പൊടിയും.

പിന്നീടു പല വഴികളിലും  കാലിടോസ്കോപ്   അന്വേഷിച്ചു നടന്നിടുണ്ട് . അവസാനം ഇന്നു 'സ്ടെപിള്സി'ലും .ഇതുവരെ കണ്ടുകിട്ടിയില്ല ...ഇനിയും നടക്കാന്‍ വഴികള്‍ ബാക്കിയുണ്ടല്ലോ ........

3 comments:

  1. Nice. Keep writing. Njaan mumpu paranjathu thiricheduthirikkunnu! :)

    ReplyDelete
  2. Beautiful.... :)

    ReplyDelete
  3. Ishtapettu ee post nosttu!!!!

    ReplyDelete