Friday, May 10, 2013

കോഴിക്കോട്-മഞ്ചേരി-വണ്ടൂർ വഴി നടുവത്തേക്ക്

       നടുവത്ത് മനയും, നടുമുറ്റവും, കുളവും, കുളപ്പുരയും  ആദ്യം കാണുന്നത് ഫോട്ടോയില്‍ ആണ്. അന്ന്  തീരുമാനിച്ചതാണ് ഒരു വിസിറ്റ് നടത്തണമെന്ന്. പോകാന്‍ പ്രത്യേകിച്ച് കാരണം ഒന്നും കിട്ടഞ്ഞത് കൊണ്ടും ഇല്ലത്തെ കൊച്ചു നമ്പൂതിരിക്ക് വല്യ താല്പര്യം ഇല്ലാതിരുന്നത് കൊണ്ടും യാത്ര അങ്ങ് നീണ്ടു പോയതാണ് .കൊച്ചു നമ്പൂതിരി അടിസ്ഥാനപരമായി ഒരു ഗവേഷകന്‍ ആണെങ്കിലും ബസിക്കലി ഒരു പാടുകാരന്‍ ആണ്. സാ പാ സാകളില്‍ ദിനചക്രം ഇരുണ്ടു വെളുക്കുന്ന ഒരു പാട്ടുകാരന്‍. അങ്ങനെ ഒരു ദിവസം ഒരു വിവാഹ ക്ഷണം കിട്ടി.എല്ലാവരുടെയും വല്യേട്ടനായ , വല്യേട്ടന്‍ എന്ന് അറിയപ്പെടുന്ന വല്യേട്ടന്റെ കല്യാണം കോഴിക്കോടു വച്ച്. ബാംഗ്ലൂരിൽ  നിന്നും മലപ്പുറം - മഞ്ചേരി വഴി കോഴിക്കോട്.
ഈ route  ഫിക്സ് ചെയ്തത്  ഞാന്‍ തന്നെ. കൊച്ചു നമ്പൂതിരി എന്ന കുഞ്ഞുവും   ഹരിഭായിയും കുഞ്ഞുവിന്റെ അനിയൻ അപ്പുവും  പിന്നെ സെലീന എന്ന ഞാനും യാത്രക്കാർ . ഇത്തവണ മഞ്ചേരി വഴി നടുവത്ത് മന കണ്ടിട്ടേ ഞാന്‍ ഉള്ളു എന്ന്  തറപ്പിച്ചു പറഞ്ഞു. 'പെണ്ണൊരുമ്പെട്ടാല്‍   ബ്രഹ്മനും തടുക്കില്ല'
പിന്നെയല്ലേ കുഞ്ഞു. യെസ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രെസ്സില്‍ കോഴിക്കോ ട്ടെത്തി, അവിടുന്ന് വണ്ടിപിടിച്ച് മഞ്ചേരിക്ക്. ഇല്ലത്ത് പോയ ശേഷം   വീണ്ടും  വണ്ടി പിടിച്ചു കോഴിക്കോട്ടേക്ക്. കല്യാണത്തലേന്ന് വല്യേട്ടന്‍  എന്ന കല്യാണ ചെറുക്കന് മധുരോം വച്ച് പിറ്റേന്ന് കല്യാണോം കൂടി,  തിരിച്ചു ബംഗ്ലോര്‍ക്ക്. ഇതായിരുന്നു പ്ലാന്‍. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തതും  ഞാന്‍. ശരിക്കും കുടുങ്ങി എന്ന് മനസിലാക്കിയ നമ്പൂരി രണ്ടു ദിവസം  മുങ്ങി നടന്നു.പിന്നെ നിവൃത്തി കെട്ടപ്പോള് പോകാമെന്ന് സമ്മതി ക്കേണ്ടി വന്നു.
      8 മണിയുടെ ട്രെയിന്‍ പിടിക്കാന്‍ സെലിനായും  ഹരിഭായും കുഞ്ഞുവിന്റെ അനിയന്‍ അപ്പുവും 7.30 ക്ക് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അത് എന്റെ കുബുധിയായി രുന്നു. അവസാനം കുഞ്ഞു സമയത്തിന് വരാതെ കാലുമാറിയാല്‍  അനുജന്‍ അപ്പുവിനെ ബന്തിയാക്കുക. 8 മണിയായിട്ടും കുഞ്ഞുവിനെ  കാണാതായപ്പോള്‍ അപ്പു  ഞെട്ടി.
"ഏട്ടന്‍ വരും ഇല്ലേ ചേച്ചി ".. ഞാനൊന്ന് ഇരുത്തി മൂളി .."ഹ്മ്മം" ഈ സമയം കുഞ്ഞു ഓടുകയായിരുന്നു. 8 ന്റെ ട്രെയിന്‍ പോയാല്‍ 8.30 ന്റെ ട്രെയിന്‍ പിടിക്കാം, പക്ഷെ ഒരു 8 മാസമെങ്കിലും അതിന്റെ പഴി  കേള്‍ക്കേണ്ടി വരും .കുഞ്ഞു രണ്ടും കല്പിച്ച് ഓടി. മേല്‍പ്പാലം  കയറുമ്പോള്‍ താഴെ വണ്ടി കാണാനില്ല.എല്ലാം കഴിഞ്ഞെന്നു വിചാരിച്ച പ്പോള്‍, ഇല്ല പോയിട്ടില്ല കുറച്ചു മാറ്റി ഇട്ടിട്ടുണ്ട്. അവന്‍ വന്നു  കഴിഞ്ഞാണ് അപ്പുവിന്റെ ശ്വാസം നേരെ വീണത്‌. ഏതായാലും  പുറപ്പെട്ടു. 'പ്രകൃതി' യിൽ  നിന്ന് പൊതിഞ്ഞു വാങ്ങിയ മസാല ദോശയും കഴിച്ചു കൊച്ചു വർത്തമാനവുമായി  സമയം പോക്കി. അപ്പോഴും വല്യേട്ടന്റെ വിവാഹ സമ്മാനം എന്താവണം എന്ന് സമവായത്തിൽ എത്തിയിട്ടില്ലായിരുന്നു .ഞാൻ ആദ്യമേ പറഞ്ഞതാണ്‌ നമുക്കൊരു 'മണിയറ സെറ്റ് ' [എന്നാന്നു വച്ചാൽ  ബെഡ് ഷീറ്റ് + തലേണ കവർ + കർട്ടൻ + അല്ലറ ചില്ലറ അലങ്കാരങ്ങൾ,പൂക്കൾ] വാങ്ങാമെന്നു. അതാർക്കും  ബോധിച്ചില്ല. പിന്നെയും അഭിപ്രായങ്ങൾ വന്നു .റിസ്റ്റ് വാച്ച് , ഡിന്നർ സെറ്റ്.ഒന്നും ശരിയായില്ല.
"എന്ത് വേണമെടീ നീ പറ " ,ഹരിഭായി ചോദിച്ചു ."അല്ലെങ്കിൽ പിന്നെ നമുക്കൊരു.... നമുക്കൊരു മണിയറ സെറ്റ് മേടിച്ചാലോ", ഞാൻ പറഞ്ഞു .       "തന നാന താന താനനാ ,തനനാന താന താനനാ "
കുഞ്ഞുവും ഹരിയും ബീറ്റ് ഇട്ടു, പിന്നെ  ചൂടായി , "വേറെ വല്ലോം ഉണ്ടേൽ പറയടീ".വേറെ എന്ത് പറയാൻ. ആലോചിക്കാൻ ഈ രാത്രി മുഴുവൻ ഉണ്ടല്ലോ എന്ന് വിചാരിച്ചു സമാധാനിച്ചു .ഹല്ലാ പിന്നെ. നേരം വെളുത്തപ്പോൾ കോഴിക്കോട്ട് വണ്ടി എത്തി . അവിടുന്ന് ഒരു ഓട്ടോ എടുത്തു ഞങ്ങൾ നാല് പേരും ശങ്കരൻ  കുട്ടിയുടെ വീടിലേക്ക്‌ പോയി. കുഞ്ഞുവിന്റെ ഇളയമ്മയുടെ മകൻ ശങ്കരന് അന്ന് 6 മാസം പ്രായം. അവിടുന്ന് ലൈറ്റ് ആയി ശാപ്പാടും തട്ടി അവരുടെ കാറും എടുത്തു മഞ്ചേരിക്ക്. അവിടെ ചെന്ന് ഒരു കുളിയും പാസാക്കി വീണ്ടും ശാപ്പാട് .നല്ല ഇഡലിയും സാമ്പാറും ,അപ്പുവിനു സ്പെഷ്യൽ ബട്ടണ്‍ ഇഡലിയും. പിന്നെ അവിടുന്ന് നേരെ ഇല്ലത്തേക്ക്. നടുവത്ത്  മനക്കലെ മുറ്റത്തു  വണ്ടി ഇറങ്ങിയപ്പോ  എനികൊരു ശങ്ക. കുഞ്ഞുവിനോട് സ്വകാര്യം ചോദിച്ചു. "എടാ ഞാൻ ഒരു പുസുക യാ" . കുഞ്ഞു വാ പൊളിച്ചു "ച്ചാൽ.. ? " .ഞാൻ പൂരിപ്പിച്ചു ,"എന്ന് വച്ചാൽ പുരാതന സുറിയാനി കത്തോലിക്കാ;  ക്രിസ്ത്യാനികളെ ഇല്ലത്തു  കേറ്റുവോ? " ഹരിയാണ് ഉത്തരം തന്നത് ."ഇറങ്ങി പുറപെട്ടപ്പഴും പുസുക തന്നല്ലാരുന്നോ ,അന്നേരം ഓർത്തില്ലേ കെറ്റുവൊന്നു ? ... അല്ല ശരിക്കും ഈ 'പുരാതനം'  ഒക്കെ ഒള്ളതാണോ ?" ... "ഓ  ഒരു ജാടക്ക് ", ഞാൻ പൂരിപ്പിച്ചു. ഇല്ലത്തുള്ളവർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു പൂമുഖത്തിരുത്തി . അവിടെ  ഇരുന്ന്  കുഞ്ഞുവിന്റെ അച്ഛൻ തറവാടിന്റെ ചരിത്രം പറഞ്ഞു പിന്നെ ഭൂമിശാസ്ത്രവും വാസ്തുവും  ,ആള് എൻജിനീയർ ആണേ . അകത്തളത്തിൽ കിഴക്കിനിയോടു  ചേർന്ന് ഇല്ലത്തെ  പരദേവത വെട്ടൈക്കരന്റെ  പ്രതിഷ്ട്ടയുണ്ട് . ദൂരെ നിന്നു നോക്കി. അവിടെയ്ക്ക് കയറാൻ അനുവാദമില്ല ആർക്കും. നാലുകെട്ടിനെ ചുറ്റി വരിഞ്ഞു പോകുന്ന ചുറ്റുവരാന്തയിൽ കൂടെ   നടന്നു. നാലിറയത്തു നിന്നാൽ നടുമുറ്റത്തേക്ക് പാളി വീഴുന്ന വെയിൽ വെട്ടം. നടുമുറ്റത്ത്‌ തുളസിത്തറക്ക്‌ ചുറ്റും ഉണക്കാനിട്ട മാങ്ങയും കഴിച്ച്  നേരെ  പോയത് ഊട്ടുപുരക്കൽ,ഒരു 100 ആള്ക്ക് ഒരുമിച്ച് ഉണ്ണാൻ പാകത്തിന്. പിന്നെ ഒട്ടൊന്നു നടന്ന്  പടിഞ്ഞാറ്റിയും തെക്കിനിയും വടക്കിനിയും കണ്ടു .പറഞ്ഞു ധാരാളം കേട്ടിട്ടുള്ള സ്ഥലങ്ങൾ  നേരിൽ കണ്ടപ്പോൾ മനസിനു വല്ലാത്ത സന്തോഷം. ഫോട്ടോയിൽ കണ്ടിട്ടുള്ളതിൽ എന്നെ ഏറ്റവും മോഹിപ്പിച്ചത്‌ കുളവും കുളപ്പുരയും  തന്നെ ആയിരുന്നു. നേരിൽ കണ്ടപ്പോൾ ബഹു സന്തോഷം .കണ്ടാൽ കൊതിയവും. അന്ന്  അവിടെവച്ചു ഞാൻ തീരുമാനിച്ചു എന്ത് ത്യാഗം സഹിച്ചും നീന്താൻ പഠിക്കണം .കണ്ടു നോക്കൂ കൊതിയാവുന്നില്ലേ
  

കുളം കണ്ടു കൊതി തീർന്നപ്പോൾ കിഴക്കേ പടിപ്പുരയിൽ പോയി ഇരുന്നു .പഴയ പത്തായപ്പുരയും  അവിടെ തന്നെ.ഇപ്പോൾ ഉപയോഗിക്കുന്നത് മറ്റൊരെണ്ണമാണ് . ഇപ്പോഴും അവിടെ തന്നെ സ്ഥാനം തെറ്റാതെ കിടക്കുന്ന പഴയ ഒരു 'എമണ്ടൻ' പത്തായത്തിൽ ചെവി ചേർത്തു പിടിച്ചപ്പോൾ മുഴക്കത്തിൽ ഞാൻ കേട്ടു പഴയ തലമുറയിലെ  കൊയ്ത്തു പാട്ടിന്റെ താളം. പടിപ്പുരയുടെ ഒതുക്കു കല്ലിറങ്ങി  തൊടിയിലേക്കു  നീളുന്ന വെട്ടുവഴിയിൽ കൂടി നടന്നപ്പോൾ ഒരുകാലം എന്റെ പ്രിയപെട്ടവരായിരുന്നു എം ടി  യുടെ കഥാപാത്രങ്ങൾ പലരും  എന്നെ പിന്നിട്ടു  നടന്നു പോകുന്നത് സത്യമായും ഞാൻ കണ്ടു, കുഞ്ഞുവും ഹരിയും പക്ഷെ കണ്ടില്ല. കഥാപാത്രങ്ങളെ പ്രണയിച്ച് അദൃശ്യ ജന്മങ്ങളോട് സംവദിച്ചു നടന്ന പഴയ കൗമാരക്കാരിയുടെ  മുന്നിൽ  കാലം നിശ്ചലമായി.

 കുഞ്ഞു നീട്ടി വിളിച്ചപ്പോൾ സ്വബോധം വീണ്ടു കിട്ടി, "ഇങ്ങനെ നിന്നാ മതിയോ പോണ്ടേ ....".  പടിഞ്ഞാറെ പടിപ്പുരയിൽ രസകരമായ മറ്റൊന്ന് കണ്ടു 'തള്ളെ തല്ലി ' .സംഭവം  തടിയുടെ ഒരു പട്ടികയാണ്. വലിയൊരു മരപ്പടികയിൽ ചവുട്ടി വേണം കയറാൻ .അതിന്റെ വിശദാംശങ്ങൾ എനിക്കത്ര പിടിയില്ല. പകരം ചിത്രം ചുവടെ കൊടുത്തിട്ടുണ്ട്‌. ചിത്രത്തിൽ കാണുന്ന മാന്യദേഹം ഇടത്തെ  കാലുകൊണ്ട്‌ ചവുട്ടിയിരിക്കുന്നതാണ് മേല്പറഞ്ഞ 'തള്ളെ തല്ലി'.

നാലുകെട്ടിൽ നിന്ന് ഈ പടിപ്പുരയിലേക്ക്‌  നോക്കിയാൽ വെറുതെ ഒരു കഥയെഴുതാൻ തോന്നും .

 പിന്നെ ചുടല മാവ് കണ്ടു പറമ്പിന്റെ തെക്ക് ഭാഗത്തായിട്ട്‌ . എത്ര വര്ഷം പ്രായമുണ്ടെന്നു നിശ്ചയം പോര ഇപ്പോൾ അവിടെയുള്ള എല്ലാവരുടെയും ഓർമയിൽ തഴച്ചു വളര്ന്നു നില്പ്പുണ്ട്  ആ മാവ് അങ്ങനെ തന്നെ. നല്ല പ്രായം ഉണ്ടാവണം .
   കുറെ കറങ്ങി നടന്നപ്പോൾ തിരിച്ചുപോകണമല്ലോ എന്നോർത്തു. പൂമുഖത്തിന്റെയും അകത്തളത്തിന്റെയും  ചിത്രങ്ങൾ മനസ്സിൽ മാത്രം പകർത്തി. രണ്ടു വട്ടം തിരിഞ്ഞു നോക്കി പിന്നെയും കുറച്ചു ചിത്രങ്ങൾ കൂടി ക്യാമറയിൽ ഒതുക്കി
കാഴ്ചയുടെ പാൽപ്പായസവും കുടിച്ച്  പിന്നെ ഇടവച്ചൂടിനൊരു ഇളനീരും കുടിച്ച് മന്തോപ്പുകൾ പിന്നിട്ടു ഞങ്ങൾ മഞ്ചേരിക്ക് തിരിച്ചു ,അവിടെ മാമ്പഴ പുളിശ്ശേരി കൂട്ടി നല്ലൊരു ഊണ് ഞങ്ങളെ കാതിരുപ്പുണ്ടേ ...

വയറു നിറയെ ഊണും കഴിഞ്ഞു തിരിച്ചു കോഴിക്കോടിന് .മധുരം വയ്പ്പും കഴിഞ്ഞു വല്ല്യേട്ടന്റെ കല്യാണവും കൂടി സദ്യയും ഉണ്ട്  ,സമ്മാനവും കൊടുത്തു. സമ്മാനത്തിന്റെ കാര്യത്തിൽ ഇതിനോടകം  ഞങ്ങൾ നല്ലതെന്ന് തോന്നിയ ഒന്നിൽ  സമവായത്തിൽ എത്തിയിരുന്നു . ശങ്കരൻ കുട്ടിയോടും കുഞ്ഞുവിന്റെ ഇളയമ്മയോടും യാത്ര പറഞ്ഞ് കോഴികോട് ബീച്ചിൽ ഒന്ന് നടന്ന് പാരഗണിൽ നിന്ന് ഒരു ചിക്കൻ ബിരിയാണിയും കഴിച്ച് ബാംഗ്ലൂർക്ക്  ട്രെയിൻ  കേറി,
മേടച്ചൂടിന്റെ ഇടവേളകളിൽ പെയ്യുന്ന വേനല മഴപോലെ നല്ല ഓർമ്മകൾ മാത്രം  നിറച്ചോരു യാത്ര. കുറച്ചു നാളുകള്ക്ക് മുന്പായിരുന്നു ഈ യാത്ര. ഓര്മയുടെ മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നെന്നപോലാണ് ഇപ്പോൾ തോന്നുന്നത്.ഒരുപാട് ഉദയാസ്തമനങ്ങളുടെ  സമയദൂരം താണ്ടണം  അവിടെയൊന്നെത്താൻ.

ഫോട്ടോ ഒരെണ്ണം കുഞ്ഞു പണ്ട് അയച്ചതിൽ നിന്നും ചൂണ്ടിയതാണ്. ബാക്കിയൊക്കെ എന്റെ സാദാ ക്യാമറയിൽ  ഫോട്ടോഗ്രാഫിയിൽ പ്രത്യേകിച്ച് കമ്പമൊന്നും  ഇല്ലാത്ത ഞാനോ എന്റെ കൂട്ടുകാരോ എടുത്തതാണ്. അതുകൊണ്ട് തന്നെ ഫോട്ടോസ് അതിന്റെ സൗന്ദര്യം അത്രക്കൊന്നും ഉൾക്കൊണ്ടിട്ടില്ല. വാക്കുകൾ കൊണ്ട് വരക്കാനും കഴിഞ്ഞില്ല എന്ന് കുറ്റസമ്മതം നടത്തുന്നു.


കടപ്പാട് : കുറച്ചധികം പേരോടുണ്ട് .കുഞ്ഞുവിന്റെ അച്ഛൻ, അമ്മ ,ഈ യാത്രയിൽ പ്രധാന സുഹൃത്തായിരുന്ന അപ്പു, വല്യേട്ടൻ,  ഇല്ലത്തുണ്ടായിരുന്ന ഏട്ടന്മാർ, കുഞ്ഞുവിന്റെ ഇളയമ്മ, ശങ്കരന കുട്ടി അവിടെയായിരുന്നു കോഴിക്കോട്ടെ എന്റെ താമസം,പറമ്പിൽ  എത്തിയ പാടെ കരിക്ക് വെട്ടി തന്ന കര്യസ്ഥൻ ചേട്ടൻ, കളഞ്ഞു പോയ മൊബൈൽ ഫോണ്‍ തിരിച്ചു കൊണ്ടുതന്ന ഓട്ടോ ഡ്രൈവർ, പിന്നെ പേരറിയാത്ത ആരൊക്കെയോ


  

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. Very nostalgic! Povan thonnunnu....oru MT touch ulla writing, keep it up. I'm your Kunhu & Appu's cousin -Ammu-

    ReplyDelete
  3. I guess you are Ammu oppol. Thanks for the comment :)

    ReplyDelete
  4. Meenu Francis13 June, 2014 15:53

    Anganne dna kandu alle???

    ReplyDelete