Saturday, November 27, 2010

മരത്തണലില്‍ ...

          ഓര്‍മയിലെ ആദ്യത്തെ മരം ഒരു പൂത്ത കണിക്കൊന്നയാണ്‌.പ്രൈമറി സ്കൂളിന്റെ മുറ്റത്തുള്ള ഒരു കണിക്കൊന്ന.അതിന്റെ ചുവട്ടിലാണ് സെലിനയും കളിക്കൂട്ടുകാരി സിന്ധുവും വിഷുക്കാലത്ത്  പൂ പെറുക്കി നടന്നത്.അതിന്റെ ചുവട്ടിലിരുന്നാണ് കൂട്ടുകാരനുമൊത്തു   ഗുണനപ്പട്ടിക എഴുതി പഠിച്ചത് .
ഒന്നാം ക്ലാസില്‍ പഠിപ്പു തുടങ്ങിയപ്പോള്‍ സെലീന സന്തോഷിച്ചു ,ഇനി മുതല്‍ കൊച്ചുത്രേസ്യയുടെ കൂടെ സ്കൂളില്‍ പോകാമല്ലോ.സ്വന്തമായി പാഠപുസ്തകങ്ങള്‍  കിട്ടിയല്ലോ . ഞാനും വലുതായല്ലോ.രണ്ടര വയസു മുതല്‍ മഠം വക സ്കൂളിലെ സ്ഥിരം അന്തേവാസിയായതുകൊണ്ട്  ആദ്യമായി സ്കൂളില്‍ പോകുന്നതിന്റെ വിഷമങ്ങളില്ല.(ഞാന്‍ KG യില്‍  3 വര്‍ഷം പഠിച്ചു എന്നത് ഒരു രഹസ്യമാണ്).അന്നു മുതല്‍ സിന്ധു കൂട്ടിന് ഉള്ളത്  കൊണ്ട്  ഒരു തരത്തിലുള്ള അപരിചിതത്വവും ഇല്ലായിരുന്നു .
സ്കൂള്‍ തുറന്നു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് പുതിയ ഒരു കുട്ടി കൂടി വന്നത് ,പാപ്പി .സ്കൂളിന്റെ   പടി കയറുമ്പോള്‍ മുതല്‍ പാപ്പി തുടങ്ങും,നിലവിളി .എത്ര നേരം അങ്ങനെ കരയുമായിരുന്നു എന്നു ഓര്‍മയില്ല.പാപ്പിയുടെ കരച്ചില്‍ നിര്‍ത്താന്‍ ഗ്രെസികുട്ടി ടീച്ചര്‍ ആവുന്നത് നോകിയതുമാണ് ,നടന്നില്ല.. അപ്പുറത്തെ ബഞ്ചില്‍ ഇരുന്നു പാപ്പി കരയുമ്പോള്‍ സെലീന ഓര്‍ക്കും 'വല്ല്യ ആണ്‍കുട്ടികള്‍ കരയാന്‍ പാടുണ്ടോ' .സെലിനയെ ഒരു ചോദ്യ  ചിഹ്ന്നത്തില്‍  കൊളുത്തിയിട്ടു പാപ്പി കരച്ചില്‍ തുടര്‍ന്നു.പിന്നെ എപ്പഴോ  കരഞ്ഞു മടുത്തപ്പോള്‍ സ്വയം നിര്‍ത്തുകയായിരുന്നു കരച്ചില്‍. പതിയെ പതിയെ സെലീന കണ്ടു പിടിച്ചു പാപ്പിയുടെ സ്കൂള്‍ ബാഗിനും വാട്ടര്‍ ബോട്ടിലിനും എന്തിന് ചോറ്റുപാത്രത്തിനു  പോലും എന്തൊക്കെയോ പ്രത്യേകത ഉണ്ട്.മറ്റു കുട്ടികളുടെത് പോലെയല്ല   .'ഓ ഫോറിനാരിക്കും' ..
കല്ലുപെനുസില്‍ കൊടുത്താണ്  ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്.പൂകള്‍ ഒഴിഞ്ഞ കണിക്കൊന്നയുടെ ചുവട്ടില്‍  ഒന്നാനാം കൊച്ചു തുമ്പീ... പാടാനും  ഗുണനപ്പട്ടിക എഴുതാനും ചോറുണ്ണാനും പിന്നെ പാപ്പിയും കൂട്ടായി.രണ്ടു വിഷുക്കാലങ്ങള്‍ കൂടി  കഴിഞ്ഞു പോയി .മൂന്നാം ക്ലാസില്‍ ഓണപ്പരീക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോ  ആണ് അച്ഛനെയും കൂടി അവന്‍ വന്നത് .ഇതെന്നാത്തിനാ  ഇപ്പൊ അച്ഛനേം കൂട്ടി...ആ ..ആര്‍ക്കറിയാം ...' .ഉടനെ തന്നെ അറിഞ്ഞു അവനെ സ്കൂള്‍ മാറ്റാന്‍ പോകുവാണെന്ന്  .ദൂരെ ഏതോ സ്കൂളിലേക്ക്  .ഇതെന്നോട് പറഞ്ഞതല്ല ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞതാണ് .ക്ലാസ്സില്‍ വന്നു എല്ലാവരോടുമായി യാത്രയും പറഞ്ഞു .എല്ലാവരോടും ഇത്ര യാത്ര പറയാന്‍ എന്താ ... എന്നിട് എന്നോട് ഒരു വാക്ക് പറയാതെ പോകുന്നോ .ഞാന്‍ സ്ലേറ്റില്‍ നിന്നും കണ്ണെടുക്കാതെ ഗുണനപ്പട്ടിക കുത്തിക്കുറിച്ചു.ഒന്നും സംഭവിച്ചില്ല .അവര്‍ രണ്ടാളും പോയി എന്നു മനസിലായി.അപ്പൊ എന്നോട് പറയാതെ പോയി !!! വല്യ പിള്ളേരു കരയാന്‍ പാടില്ല എന്നു അമ്മ പറഞ്ഞിട്ടുള്ളത്  കൊണ്ടു മാത്രം ഞാന്‍ കരഞ്ഞില്ല.ക്ലാസ് കഴിഞ്ഞു വെറുതെ കൊന്നയുടെ ചുവട്ടില്‍ ചെന്ന് നോക്കി,ഇനി അവിടെ എങ്ങാനും നില്പ്പുണ്ടെങ്കിലോ ..അവിടെയൊന്നും ആരെയും കണ്ടില്ല .പിന്നെ ഓര്‍ത്തു, ചിലപ്പോ   അവന്‍റെ അച്ഛന്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയതാവും ,ഇഷ്ട്ടമുണ്ടായിട്ടാരിക്കില്ല .ഒരിക്കലും കണ്ടിട്ടില്ലാത്ത ആ അച്ഛന്‍ അന്നു മുതല്‍ എന്റെ ശത്രുവായി.കുറച്ചേറെക്കാലം എന്റെ ശത്രുവായി തന്നെ തുടര്‍ന്നു .ഏതോ വല്യ കോളേജിലെ സാര്‍ ആണെന്ന് കേട്ടിട്ടുണ്ട് .പാപ്പി  പോയത് പ്രമാണിച്ച് ഞാന്‍  രണ്ടു ദിവസം ചോറുണ്ടില്ല  എന്നു കൊച്ചുത്രേസ്യ പറയുന്നു .എനിക്കോര്‍മയില്ല .പക്ഷെ കൊച്ചുത്രേസ്യക്ക് ഓര്‍മ്മയുണ്ട് ,എന്റെ പദംപെറുക്കല്‍  മുഴുവന്‍ കേട്ട് നിന്നത് കൊച്ചുത്രേസ്യയാണല്ലോ .

എത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞ് ,പുതിയ കോളേജില്‍ മാസ്റ്റര്‍ ഡിഗ്രിക്കു  പഠിക്കാന്‍ ചെന്നപോള്‍ അറിയാമായിരുന്നു ഭൂതകാലത്തിലെ ശത്രു ഇവിടെ ടീച്ചര്‍ ആണെന്ന് ,അതും എന്റെ മെയിന്‍ സബ്ജെക്റ്റില്‍ .ക്ലാസ് മുറിയുടെ മുന്നിലെ പൂത്ത ബോഗേയന്‍ വില്ലയുടെ  ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് നടന്നുവരുമ്പോഴാണ്  സര്‍ നെ ആദ്യം കാണുന്നത്.ജനാലക്കരികില്‍ നിന്ന് ഞാന്‍ ഒന്ന് നീട്ടി വിഷ് ചെയ്തു "ഗുഡ് മോര്‍ണിംഗ് സാര്‍ ".ഒരു പുഞ്ചിരിയുമായി സര്‍ നടന്നു പോയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "പാപ്പിയുടെ അച്ഛനോട് മൂന്നാം ക്ലാസുകാരി  സെലീന ക്ഷമിച്ചിരിക്കുന്നു "
മഴക്കാലത്ത്‌ തളിര്‍ക്കുകയും മറ്റെല്ലാക്കാലങ്ങളിലും ഇളം റോസ് നിറത്തില്‍  പൂക്കുകയും  ചെയ്തിരുന്ന ആ ചെടിയെ ഒരു കാരണവുമില്ലാതെ ഞാന്‍ ഇഷ്ടപ്പെട്ടു.രണ്ടാം വര്‍ഷത്തിലെ സേവന വാരം കഴിഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അതിന്റെ ഇലക്കൈകളെല്ലാം വെട്ടിമാറ്റി .ഷാജി സര്‍ന്‍റെ പണിയാണ് ."തോമാച്ചോ , മേഴ്സിയെ   ...ഇതു കണ്ടോടി".
മേഴ്സി ഓടി വന്നു ,തോമാച്ചന്‍ നാടകീയമായി വിളി കേട്ടു "എന്താ.."
"ദേ നമ്മുടെ ബോഗയന്‍ വില്ല ...".
സങ്കടം തോന്നി ,വെറുതെ...
ആ ദുഃഖത്തില്‍ തോമാച്ചന്‍ താത്വികനായി "കാലമിനിയുമുരുളും ,വിഷു വരും ....."

പിന്നെ തളിരും പൂവും ഒക്കെ വന്നു .അപ്പോള്‍ ഞാന്‍   ഇങ്ങു ഉദ്യാന നഗരത്തില്‍ എത്തി .ഇവിടെ കൂട്ടിന് ഒരുപാട് മരങ്ങളും .വേനലിലെ പൊള്ളുന്ന പതിവു നടത്തങ്ങളില്‍  ചുവപ്പിന്റെ വഴി വെട്ടിയ ഗുല്‍മോഹര്‍ ,വാക്കുകള്‍ മൌനത്തിനു വഴിമാറിയപ്പോള്‍  കൂട്ടു തന്നൊരു പാല മരം ,ഏഴിലകളില്‍ ചുറ്റപ്പെട്ട അവളുടെ നൂറ്റൊന്നു കുഞ്ഞു പൂക്കള്‍ ,അവിടെ തത്തകള്‍ ചേക്കേറും എന്നു പറഞ്ഞ് സുഹൃത്ത്‌ ചൂണ്ടികാണിച്ചു തന്നൊരു പൂവരശും ഇലഞ്ഞിയും  പിന്നെ കഴിഞ്ഞ പൂക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌ എന്നു പറഞ്ഞ് ഇവിടെ  ഞാന്‍ നട്ടു നനച്ചു വളര്‍ത്തിയൊരു പൂമരവും - ഒരു  നീലക്കടമ്പ് .

 ബാക്കി    പഴമ്പുരാണം   ഒരു ചായക്ക്‌ ശേഷം ആകാം  എന്നു തീരുമാനിച്ച് കല്ലുവെട്ടിയ പതിവു നടവഴിയില്‍ കൂടി നടന്നു .ഒരു കൂട്ടിന് കക്കാടിന്റെ രണ്ടു വരികളും മൂളി
           "....പിന്നെയോരോ തളിരിലും പൂ വരും കായ് വരും
            അപ്പോള്‍ ആരെന്നുമെന്തെന്നും  ആര്‍ക്കറിയാം
     നമുക്കിപോഴീ   ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം ......"
                                                                 

9 comments:

  1. Hi.. I really like your blog.. its feels like going back in time.. Nice work.. :)

    ReplyDelete
  2. thanks Thomas ,thanks 'firstandthelasttime'.

    ReplyDelete
  3. entha madam...super writings...fan aayitto...

    ReplyDelete
  4. kollamtttoo...ormakal manasil oodi ethunnu..bogen villyum collegum....pappiyum udyana nagarathil undallo alle???

    ReplyDelete
  5. 'firstandthelasttime' has also made a comment .she also keeps a blog.

    ReplyDelete
  6. Kollam nannayittundu! :) aadyathethineekkaal nannayittundu! :)

    ReplyDelete
  7. എത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞ് ,പുതിയ കോളേജില്‍ മാസ്റ്റര്‍ ഡിഗ്രിക്കു പഠിക്കാന്‍ ചെന്നപോള്‍ അറിയാമായിരുന്നു ഭൂതകാലത്തിലെ ശത്രു ഇവിടെ ടീച്ചര്‍ ആണെന്ന് ,അതും എന്റെ മെയിന്‍ സബ്ജെക്റ്റില്‍ .ക്ലാസ് മുറിയുടെ മുന്നിലെ പൂത്ത ബോഗേയന്‍ വില്ലയുടെ ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് നടന്നുവരുമ്പോഴാണ് സര്‍ നെ ആദ്യം കാണുന്നത്.ജനാലക്കരികില്‍ നിന്ന് ഞാന്‍ ഒന്ന് നീട്ടി വിഷ് ചെയ്തു "ഗുഡ് മോര്‍ണിംഗ് സാര്‍ ".ഒരു പുഞ്ചിരിയുമായി സര്‍ നടന്നു പോയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "പാപ്പിയുടെ അച്ഛനോട് മൂന്നാം ക്ലാസുകാരി സെലീന ക്ഷമിച്ചിരിക്കുന്നു "
    മഴക്കാലത്ത്‌ തളിര്‍ക്കുകയും മറ്റെല്ലാക്കാലങ്ങളിലും ഇളം റോസ് നിറത്തില്‍ പൂക്കുകയും ചെയ്തിരുന്ന ആ ചെടിയെ ഒരു കാരണവുമില്ലാതെ ഞാന്‍ ഇഷ്ടപ്പെട്ടു.രണ്ടാം വര്‍ഷത്തിലെ സേവന വാരം കഴിഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അതിന്റെ ഇലക്കൈകളെല്ലാം വെട്ടിമാറ്റി .ഷാജി സര്‍ന്‍റെ പണിയാണ് ."തോമാച്ചോ , മേഴ്സിയെ ...ഇതു കണ്ടോടി".
    മേഴ്സി ഓടി വന്നു ,തോമാച്ചന്‍ നാടകീയമായി വിളി കേട്ടു "എന്താ.."
    "ദേ നമ്മുടെ ബോഗയന്‍ വില്ല ...".
    സങ്കടം തോന്നി ,വെറുതെ...
    ആ ദുഃഖത്തില്‍ തോമാച്ചന്‍ താത്വികനായി "കാലമിനിയുമുരുളും ,വിഷു വരും ....."

    Thanks, Gi...

    ReplyDelete