Saturday, October 1, 2011

മനസമ്മതം

"സ്കറിയാ ,മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ച്,സ്വതന്ത്രമായ മനസോടും പൂര്‍ണമായ സമ്മതത്തോടും കൂടെ എലിസബത്തിനെ നിന്റെ ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്നു  നീ വാഗ്ദാനം ചെയുന്നുവോ? " 
സ്കറിയ : "അത് പിന്നെ ...പിന്നെ .... ഉവ്വ്‌ സമ്മതം" 
"എലിസബത്ത് മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ച്,സ്വതന്ത്രമായ മനസോടും പൂര്‍ണമായ സമ്മതത്തോടും കൂടെ സ്കറിയയെ നിന്റെ ഭര്‍ത്താവായി സ്വീകരിച്ചു കൊള്ളാമെന്ന് നീ വാഗ്ദാനം ചെയ്യുന്നുവോ ?
എലിസബത്ത് : " ....    വാഗ്ദാനം ചെയ്യുന്നു"

........................................

2007 ഓഗസ്റ്റ്‌ മാസത്തില്‍ ,കൊച്ചുത്രേസ്യയുടെ മനസമ്മതത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.കൊച്ചുത്രേസ്യ ബോധംകെട്ടു ഉറക്കത്തിലും .ഉറക്കത്തിന്റെ ഒന്നാം എപ്പിസോഡില്‍ , സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് കൊച്ചുത്രേസ്യയോട് ചോദിച്ചു ,"എലിസബത്ത് എന്ന കൊച്ചുത്രേസ്യ.. നിദ്രയില്‍ നിന്നുണരുക (കൊച്ചുത്രേസ്യയുടെ മാമോദീസാ പേരാണ് ഏലി) ,ഈശോമിശിഹായുടെ കസിനായ യോഹന്നാന്റെ പേരെന്റസ് ,സഖറിയ -എലിസബത്ത്‌ കപ്പിള്‍സ് ന്റെ നാമധേയത്തില്‍ , വഴക്കും വക്കാണവും ഇല്ലാതെ  മാതൃകാ കുടുംബമായി ജീവിച്ചേക്കുമോ ,അതോ കെട്ടിന്റെ പിറ്റേന്ന് മുതല്‍ കറിയയുമായി ഗുസ്തി തുടങ്ങുമോ ? ഇടി കൂടാതെ ജീവിക്കണമെന്ന് പറയുവാന്‍ വന്ന ദൂതനാണ്‌ ഞാന്‍ ".ഇത്രയും പറഞ്ഞു ദൂതന്‍ മറഞ്ഞു .
സ്വപ്നത്തില്‍ കൊച്ചു ത്രേസ്യാ ഒന്ന് ഞെട്ടി.കര്‍ത്താവെ അത് ശരിയാണല്ലോ  ,ഈശോ മിശിഹായുടെ അങ്കിള്‍-ആന്റി കപ്പിള്‍സ് ന്റെ പേരാണല്ലോ എന്റെയും കറിയാ ചായന്റെയും മാമോദീസാ പേര് . സ്കറിയയും എലിസബത്തും . ആ വെളിപാടില്‍ കൊച്ചുത്രേസ്യ നിദ്രയില്‍ നിന്നുണര്‍ന്നു. ഒത്തുകല്യാണത്തിനുള്ള  സാരി ഇസ്തിരി ഇട്ടുകൊണ്ടിരുന്ന അമ്മയോട് പറഞ്ഞു ,ഈ വെളിപാടില്‍ അമ്മ അത്ഭുതപെട്ടു വാപൊളിച്ചു "ശരിയാണല്ലോ മാതാവേ " .കിടക്കവിരികളും ജനാലയുടെ കര്‍ട്ടനും മാറ്റുകയായിരുന്ന സിലിന "ഓ ഇതെനിക്ക് പണ്ടേ അറിയാവുന്നതല്ലേ !!  നിങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു ? " എന്നായി .ഈ കണ്ടെത്തല്‍  കറിയച്ചായനെ ക്കൂടി അറിയിക്കണമല്ലോ .കൊച്ചുത്രേസ്യ ഫോണെടുത്തു കറക്കി . മനസമ്മതത്തിനു  പോകാനുള്ള സാന്റ്രോ കാര്‍ കഴുകി ദീപിക പത്രം കൊണ്ട് തുടച്ചു വൃതിയാകുകയായിരുന്നു കറിയാച്ചായന് (കാര്‍ കഴുകി കഴിഞ്ഞു വെള്ളം തുടച്ചു കളയാന്‍ ഏറ്റവും ബെസ്റ്റ് പാത്രമാണെന്നു കണ്ടുപിടിച്ചത് ഇദേഹമാണ്)‍ .ഫോണിന്റെ അങ്ങേ തലക്കല്‍ ഭാവി ഭാര്യ തന്റെ കണ്ടെത്തല്‍ അവതരിപ്പിച്ചു 
"അതെ നമ്മുടെ ജോണിന്റെ അച്ഛന്റേം അമ്മേടേം പേരാ നമുക്ക് " .
എന്റെ ഭാവിചേട്ടന്‍ വാ പൊളിച്ചു 'ഇതു ജോണ് ?ആരാ ജോണിന്റെ പേരെന്റസ് ?'
"ഹാ നമ്മുടെ ഈശോയുടെ കസിന്‍ ജോണ്‍ ,....യോഹന്നാന്‍.ഇപ്പൊ സ്വപ്നത്തില്‍ ഞാന്‍ കണ്ടതാ "
കറിയാച്ചായന് കാര്യം ഏതാണ്ട് പിടികിട്ടി .ഒരു പ്രശ്നം വെറുതെ ഉണ്ടാകുന്നതെന്തിനാ എന്ന് കരുതി പറഞ്ഞു ."കൊള്ളാല്ലോടീ നീ പോയി ബാക്കീം കൂടെ കാണ്‌,ഇതുപോലെ ഇനീം വല്ലോ റിലെഷന്സും ഉണ്ടോന്ന് കണ്ടുപിടിക്കല്ലോ .അന്നേരത്തേക്ക് ഞാന്‍ ഈ കാറുകഴുക്കല്‍  അങ്ങ് തീര്‍ക്കാം‍" 
അങ്ങെനെ പിറ്റേന്ന് ഒത്തുകല്യാണത്തിന്  കര്‍ത്താവിനേം സെലീനായേം പിന്നെ സദസിനേം സാക്ഷിനിര്‍ത്തി അവര്‍ മനസമ്മതം ചൊല്ലി .അന്നേക്ക് ഒന്നാം മാസം 12ആം ദിവസം മേല്‍പറഞ്ഞവരെ എല്ലാം സാക്ഷിനിര്‍ത്തി   അവര്‍ വിവാഹിതരായിട്ട് ഇന്ന് നാല് വര്‍ഷം.2007  കഴിഞ്ഞു വന്ന എല്ലാ ഒക്ടോബര്‍ ഒന്നാം തിയതിയും ,തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വിവാഹ വാഗ്ദാനം സ്വപ്നം കണ്ടു നിലവിളിച്ച് ആണത്രേ കറിയാചായന്‍ ഉണരുന്നത്. ഇന്നും അങ്ങനെ തന്നെയാവണം .

'സന്തോഷത്തിലും ദുഖത്തിലും ...സമ്പത്തിലും ദാരിദ്ര്യത്തിലും....ആരോഗ്യത്തിലും അനാരോഗ്യത്തിലും .... ...പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ  ...ഏകമനസോടെ ജീവിച്ചു കൊള്ളാമെന്ന് ' അവര്‍ നല്‍കിയ വാഗ്ദാനം ,വരുവാനിരിക്കുന്ന ആയിരം പൌര്‍ണമി നാളകള്‍ പാലിക്കുവാന്‍ സെലീനയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ .


സമര്‍പ്പണം :കറിയ -കൊച്ചുത്രേസ്യാ ദമ്പതികള്‍ക്ക്

Tuesday, June 14, 2011

ഭൂതകാലത്തിന്റെ വര്‍ത്തമാനങ്ങള്‍


എഴുപതു വര്‍ഷം നീണ്ട ശബ്ദ മുഖരിതമായ രാപ്പകലുകള്‍ക്കു  ശേഷം ഇപ്പോള്‍ അവിടം നിശബ്ദമാണ്. പഴയതില്‍  നിന്ന് പുതിയതിലെക്കുള്ള  അനിവാര്യമായ മാറ്റം .പറഞ്ഞു വരുന്നത് പുതിയ കെട്ടിടത്തിലേക്ക്  ലാബ്‌ മാറിയതിനെ കുറിച്ചാണ് . കോലാഹലങ്ങള്‍ ‍ എല്ലാം ഏറെക്കുറെ കഴിഞ്ഞു എന്ന് തന്നെ പറയാം.നാലു മാസത്തോളം എടുത്തു എല്ലാം പൂര്‍വ സ്ഥിതിയില്‍ ആക്കാന്‍ . ആദ്യത്തെ ഒരു മാസം  planning  ആയിരുന്നു. കടുത്ത planning .ആലോചനയും  ചര്‍ച്ചയും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അടിപിടിയും പൊട്ടിച്ചിരിയുമായി രാവോളംവെളുക്കുവോളം  planning  നടത്തി.ഒടുക്കം ,ദശാബ്ദങ്ങളുടെ ഓര്‍മ്മയും ധൂളിയും അടിഞ്ഞു കൂടിയ ഓരോ മുക്കും മൂലയും ക്യാമറക്കുള്ളില്‍  പകര്‍ത്തി  palnning   അവസാനിപ്പിച്ചു. അന്ന് രാത്രി ഞാനൊരു ദൂരയാത്രയ്ക്കു  പുറപ്പെട്ടു . പിന്നെയുള്ള കഥകള്‍   ഭൂഗോളത്തിനപ്പുറം എനിക്ക്  എത്തിച്ചു തന്നത്  'skype '  ആണ്. തിരിച്ചെത്തുമ്പോള്‍ ഒന്നും  പൂര്‍ണ മായിട്ടുണ്ടായിരുന്നില്ല. പറിച്ചുനടലിന്റെ അവസാന എപ്പിസോടുകള്‍ക്ക് ജീവന്നല്കാന്‍ 40 വര്‍ഷങ്ങളുടെ കഥാസംഗ്രഹവുമായി പ്രൊഫസറും കൂടെക്കൂടി.ഓരോ മേശക്കും  കസേരക്കും വരെ പറയാനുണ്ടായിരുന്നു ഒരു കുഞ്ഞു കഥയെങ്കിലുംഒരിക്കലും അവസാനിക്കില്ല 'shifting' എന്നു വരെ തോന്നി.ഒടുക്കം ഒരു സുപ്രഭാതത്തില്‍ ‍ 'shifting over ' എന്ന് അങ്ങു  പ്രഖ്യാപിച്ചു . പഴയതിനെ മറന്നു പതിയെപ്പതിയെ  പുതിയ  സ്ഥലവുമായി  ഇണങ്ങി.ഇനിയും  എന്തെങ്കിലും  അവശേഷിക്കുന്നെങ്കില്‍ ഉടനെ തന്നെ  തീര്‍പ്പാക്കണം എന്ന നിര്‍ദേശപ്രകാരമാണ്  ഞാന്‍ വീണ്ടും പഴയ ലാബില്‍  ചെന്നത്.മറ്റാരേലും എത്തുന്നതിനു മുന്നേ തന്നെ എത്തണമെന്ന് തോന്നി. കുറച്ചു നേരം അവിടെ തനിച്ചൊന്നു കറങ്ങി നടക്കാമെന്നു വച്ചു. ഭൂതകാലത്തിലേക്ക്   പൂര്‍ണമായും ഉള്‍വലിഞ്ഞു   പോയ ഒരു ബംഗ്ലാവ് പോലെ തോന്നും പുറമേ നിന്ന് നോക്കിയാല്‍.നട്ടുച്ചക്കു പോലും   വെളിച്ചം എത്തിനോക്കാന്‍ ‍ മടിക്കുന്ന  മുറികളുണ്ട്  കെട്ടിടത്തിനുള്ളില്‍‍. കതകു  തുറന്നു അകത്തു കയറിയപ്പോള്‍  ‍ മനസൊന്നു പിടഞ്ഞു. ആര്‍ത്തലക്കുന്നൊരു    മൌനം  ബാക്കിയാക്കി  അവിടി വിടെ   ചിതറി ക്കിടക്കുകയാണ്  തലമുറകളുടെ അധ്വാനം. ഉപയോഗ  യോഗ്യമായത്  എന്തങ്കിലും  ഉണ്ടോ  എന്ന് ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നുപലതും  കണ്ടെത്തുകയും ചെയ്തു , വിലപിടിച്ചതും വിലകുറഞ്ഞതുമായ   പലതും.കഴിഞ്ഞ ആയിരം ദിനങ്ങളില്‍ ഞാന്‍‍ കാണാതെ  പോയതൊക്കെ  കാണാന്‍ തുടങ്ങി .
പരാജയപെട്ടു പോയൊരു റിസേര്‍ച്ച്‌ പ്രോബ്ലത്തിന്റെ അസ്ഥികൂടം, പൊട്ടിപൊളിഞ്ഞുപോയൊരു crystal - കണ്ണാടി പോലെ തെളിഞ്ഞത് , ആരോമറന്നു വച്ചൊരു furnace ദശാബ്ദങ്ങള്‍ക്കു ശേഷവും പുതുമ മാറാതെ, 8  PhD  തിസിസിനു    ജന്മം നല്കിയ  'setup'  ന്റെ നഷ്ട്ടപെട്ടു പോയ ജീവനാടി ,  ഇനിയും  ചിതലെടുക്കാന്‍   തുടങ്ങിയിട്ടില്ലാത്ത  പെട്ടികളില്‍  നിന്ന് പല നിറങ്ങളില്‍ പല ആകൃതിയില്‍ ‍ crystals .  ഇഷ്ടം   തോന്നിയതെല്ലാം   കയ്യില്‍ ‍   എടുത്തു   . അകത്തെ    മുറികളില്‍ ഒന്നില്‍   വീണ്ടും  തിരഞ്ഞു. എന്തെങ്കിലും  കയ്യില്‍ ‍   തടയുമെന്നു   കരുതി. മങ്ങിയ  വെളിച്ചത്തില്‍   കണ്ടു  ,പാതിമുറിഞ്ഞു   പോയ  ഒരു  ഹൃദയം,ആരോ  ചിറകരിഞ്ഞു   കളഞ്ഞ  സ്വപ്നങ്ങള്‍ -ഒരു   പിടി  ,മഴവില്ലിന്റെ  ഒരു  ചീള്അവര്‍   ശൂന്യത എന്നു   വിളിച്ച   എന്റെ  ആകാശത്തിന്റെ  ഒരു  തുണ്ട്കാലപ്പഴക്കത്തില്‍  ‍    ഓര്‍മ്മകള്‍  ഘനീഭവിച്ചുണ്ടായ  ഒരു  പ്രിസം -മങ്ങി തുടങ്ങിയിരിക്കുന്നു. തിരിച്ചും   മറിച്ചും  നോക്കി . ഒന്നും എടുക്കേണ്ട എന്നു വച്ചു.ഒരുപാടു രാത്രികളുടെ ഉറക്കം കവര്‍ന്ന്, ആരൊക്കെയോ എഴുതിക്കൂട്ടിയ അസംഖ്യം  കടലാസ് കഷണങ്ങളെ ഇരട്ടവാലന്  ഉണ്ണാന്‍  കൊടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ ‍  ഞാന്‍  കേട്ടു,ഓരോ മുക്കും മൂലയും പറയുന്ന   കഥകള്‍  ,ഓരോ തലമുറയും പറഞ്ഞു ചിരിച്ച , കരഞ്ഞ ഒരായിരം കഥകള്‍.
വരും തലമുറകള്‍ക്ക് പുതിയ കഥകള്‍  നല്‍കാന്‍ ഞങ്ങള്‍ പുതിയൊരു ബംഗ്ലാവു പണിയും എന്ന് പിന്നീട് വെറുതെ പറഞ്ഞു ചിരിച്ചു.തണല്‍  വിരിച്ച  ടാര്‍ വഴി  പിന്‍തള്ളി  പൂത്തു തുടങ്ങിയിട്ടില്ലാത്ത   തൈമരങ്ങളുടെ ഓരം  ചേര്‍ന്ന് മണ്ണിട്ട വെട്ടുവഴിയില്കൂടി നടന്നു ,പുതിയ കിനാക്കളുടെ ഇനിയും മുളച്ചിട്ടില്ലാത്ത മൊട്ടുകള്‍   പൂക്കളായി വിരിയുന്നതും സ്വപ്നം കണ്ടുകൊണ്ട്

Friday, May 6, 2011

ജന്മദിനം

" സന്തോഷ  ജന്മദിനം....."
എന്റെയല്ല , അച്ഛയുടെ.
അതെ ഇന്ന് അച്ഛയുടെ ജന്മദിനമായിരുന്നു . ഇത്തവണ ഞങ്ങള്‍ വര്‍ണക്കടലാസില്‍ 
പൊതിഞ്ഞു സമ്മാനങ്ങളോന്നും  കൊടുത്തില്ല . കുട്ടികള്‍ ആയിരുന്നപ്പോള്‍ പതിവായിരുന്നു  
കാര്‍ഡ്‌      ഉണ്ടാക്കല്‍.  കൊച്ചുത്രേസ്യ എന്തെങ്കിലും പൂകളുടെ പടം ഒക്കെ വരക്കും,വാട്ടര്‍ കളര്‍ കൊണ്ട് പെയിന്റ് ഒക്കെ ചെയ്ത്. എന്റെ വകയായി glitter powder  വച്ച് കാര്‍ഡിന് അതിരിടും.  പിന്നെ ചിരിക്കുന്ന രണ്ടു മൊട്ടത്തലയും. കാര്‍ഡിലെ ഏറ്റവും വലിയ  വല്യ സര്‍ഗസൃഷ്ടി   ഈ  glitters ഉം  മൊട്ടത്തലയും   ആണെന്ന് കൊച്ചുത്രേസ്യ എന്നെ പറഞ്ഞു വിശ്വസിപ്പിക്കുമാരുന്നു. ഞാനതു വിശ്വസിക്കാനും.  പിറന്നാള്‍ ആരുടെ ആണെങ്കിലും കേക്ക് നിര്‍ബന്ധം . ഏതു കേക്ക് എന്ന് ചോദിച്ചാല്‍ കൊച്ചുത്രേസ്യ ഒന്നേ പറയൂ "Gorgina" (കടപ്പാട് :Ann 's  bakery ).കൊച്ചു വര്‍ണക്കടലാസില്‍ പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയും  കയ്യില്‍ ഉണ്ടാകും.കുറച്ചു നാളുകള്‍ മുന്നേ ഒരിക്കല്‍ അച്ഛയുടെ ഒരു മേശ വലിപ്പില്‍  ‍നിന്നു ഞാന്‍ കണ്ടുപിടിച്ചു , ഞങ്ങളുടെ പഴയ ആശംസകാര്‍ഡുകള്‍, വക്കുപൊട്ടി വെളിയില്‍ ചാടിയ  നീലയുടെയും പച്ചയുടെയും വര്‍ണ്ണപ്പൊട്ടുകള്‍,  കല്യാണത്തിന് മുന്‍പുള്ള    ക്രിസ്മസിന്  അച്ഛാ അമ്മക്ക് അയച്ച ഒരു ആശംസാ കാര്‍ഡും, 
1980 ഡിസംബറില്‍ അയച്ചത്  :) 

ഞാന്‍ ഓര്‍ത്തുനോക്കി അച്ചയും അമ്മയും  ഞങ്ങളുടെ പിറന്നാളിന് വാങ്ങിതന്ന സമ്മാനങ്ങള്‍  . ഓര്‍മയില്‍ ആദ്യത്തേത്‌ ഒരു ലെറ്റര്‍ പാഡ് ആണ് . പിങ്ക് നിറത്തില്‍ റോസാപൂകളുടെ പശ്ചാത്തലമുള്ള  ഒരു ലെറ്റര്‍ പാഡ്‌. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോ , ഞാന്‍ എന്തോ വികട കവിത ചൊല്ലുന്നതു കേട്ട്  എനിക്ക് എഴുത്തിനു  പ്രചോതനമുണ്ടാകാന്‍ വാങ്ങിതന്നതാണ്. പക്ഷെ അതില്‍ ഞാന്‍ എന്തെങ്കിലും എഴുതുന്നതിനു മുന്‍പേ തന്നെ എല്ലാം താളുകളും തീര്‍ന്നു.കൊച്ചേച്ചിയുടെ (ഇളയമ്മ) കല്യാണത്തിന് ക്ഷണക്കത്താകാനായിരുന്നു അവയ്ക്ക് യോഗം. കൊച്ചുത്രേസ്യക്ക് വാട്ടര്‍ കളറും പെയിന്റിംഗ് ബുക്കും മേടിച്ചു കൊടുത്തപ്പോള്‍  എന്റെ വഴക്ക് പേടിച്ചു എനിക്കും വാങ്ങിത്തന്നു.അതൊക്കെ പിന്നെ കൊച്ചുത്രേസ്യ തന്നെ പെയിന്റ് ചെയ്ത് തീര്‍ത്തു. ആദ്യകുര്‍ബാന കൈക്കൊള്ളപാട് കഴിഞ്ഞാണ് ആദ്യത്തെ  ഹീറോ പേന  അച്ഛാ സമ്മാനം തരുന്നത്. അന്നൊക്കെ 'നീ വലുതയെടീ' എന്ന അംഗീ കാരമാണ്  ഹീറോ പേന.അന്നുവരെ  കൊച്ചുത്രേസ്യയുടെ പേന എനിക്ക് തൊടാന്‍ കിട്ടില്ലായിരുന്നു.ഞാന്‍ വലുതായിട്ടില്ലരുന്നലോ.അങ്ങനെ അന്ന് സമ്മാനം കിട്ടിയ ഹീറോ  പേന  വച്ചാണ്  ഞാന്‍ ആദ്യമായി ഡയറി എഴുതി തുടങ്ങുന്നത്. വാഴപ്പള്ളി സര്‍വീസ് കോപറെടിവ്  ബാങ്കിന്റെ ഡയറിയില്‍ .  അഞ്ചാം ക്ലാസുകരിക്ക് എന്ത് ഡയറി എന്ത്  ചോദിക്കരുത്.

   1  .രാവിലെ     6 .30  ന് എഴുനേറ്റു .
   2 . പല്ലുതേച്ചു  .
   3 .-----    
   4 . കുളിച്ചു   .
   5 . പുട്ടും പഴോം    കഴിച്ചു   

എന്നിങ്ങനെ തുടങ്ങി എവിടേലും ഒക്കെ തീരും .    കുറച്ചു ദിവസം ഇങ്ങനെ പുട്ടും പഴോം കഴിച്ചു കഴിഞ്ഞാല്‍ ആരും ഡയറി എഴുത്ത് നിര്‍ത്തും   എന്ന് ശാസ്ത്രം. പക്ഷെ ഒരു കാര്യമുണ്ട് ,അന്ന് ഞാന്‍ 6 .30  ന് എഴുനേല്‍ക്കുമായിരുന്നു,സത്യം .
വലുതാകുംതോറും സമ്മാനങ്ങളും മാറി.ഞാനും കൊച്ചുത്രേസ്യയും മറന്നു തുടങ്ങിയ ഞങ്ങളുടെ ഇഷ്ടങ്ങളെ ഞങ്ങള്‍ അറിയാതെ  കുരുക്കിട്ടു പിടിച്ച് കൊച്ചു സമ്മാനങ്ങളായി   ഓരോ പിറന്നാളിനും ഞങ്ങളിലേക്ക് ചേര്‍ത്തു വച്ചു, അവര്‍ രണ്ടാളും.കോളേജില്‍ ചേര്‍ന്നതിനു ശേഷമുള്ള പിറന്നാളിന് വാങ്ങിത്തന്നത്  ചന്ദ്ര കാന്തം കൊണ്ടുള്ള ഒരു ലോക്കറ്റ്. MSc  ക്ക്   പഠിക്കുമ്പോള്‍ 'Alchemist '  .റിസര്‍ച്ച് തുടങ്ങിയപ്പോള്‍ ഒരു ഹാന്‍ഡ്‌ ലെന്‍സ് , കോഫി മഗ്, അങ്ങനെ അങ്ങനെ .  കൊച്ചുത്രേസ്യക്കും ഇങ്ങനെ ഓരോന്ന് കാലാകാലങ്ങളില്‍ എത്തിക്കൊണ്ടിരുന്നു . ആശംസാ കാര്‍ഡുകള്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയപ്പോള്‍  സെലിനയും കളം മാറി ചവുട്ടി.
കോറിവരച്ചു വൃത്തികേടാകാന്‍ ഇത്തവണ കിട്ടിയത് ബ്ലോഗാണ്.
ഓര്‍മ്മക്കുറിപ്പെന്നു   ഞാന്‍ വിളിക്കുന്ന ഈ ബ്ലോഗ്‌  പിറന്നാള്‍ സമ്മാനമായി അച്ചായ്ക്കു  ഡെഡിക്കേറ്റ് ചെയ്യുന്നു ,
കറിയാചായന്റെയും ,കൊച്ചുത്രെസ്യയുടെയും പിന്നെ സെലീനയുടെയും പേരില്‍ .
:)      
   

                                "സന്തോഷ ജന്മദിനം അച്ഛക്ക് ................." 


Sunday, April 17, 2011

യമുനൈ ആട്രിലെ...

കല്ലുമേശക്കരികില്‍    ഇരുന്നു കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ്  
ഫോണ്‍ ബെല്ലടിച്ചത്.  പതിവില്ലാതെ  ഇന്നു വളരെ നേരത്തെ ഉണര്‍ന്നുപോയി.  അണ്ണാന്‍കുഞ്ഞുങ്ങളും തത്തയും മാടത്തയും കയ്യേറിയ  വഴിയില്‍  കൂടി ഒന്നു നടക്കാമെന്നു വച്ചു .തലേദിവസം  ഒരു മഴ പെയ്തു  തോര്‍ന്നതിന്റെ  ഉന്മേഷമുണ്ട്    അന്തരീക്ഷത്തില്‍. മൊത്തത്തില്‍ നല്ലൊരു തുടക്കം. അങ്ങനെ പതിവിലും നേരത്തെ ഭക്ഷണം  കഴിക്കാന്‍ എത്തിയതാണ് .അപ്പോഴാണ് ഫോണില്‍ സുഹൃത്ത്‌ വിളിച്ചത്. ഇത്ര നേരത്തെ ഞാന്‍ ഭക്ഷണം കഴിച്ചതിന്റെ അമ്പരപ്പുണ്ട് ശബ്ദത്തില്‍.  സംസാരം അവസാനിപ്പിച്ചു കഴിഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ കേട്ടു   , അങ്ങേ തലക്കല്‍  അവന്റെ  മൂളിപ്പാട്ട്.പലപ്പോഴും പതിവുള്ളതാണ്. ഇന്നു പാടിയത് "യമുനൈ ആട്രിലെ " .മനസ്സില്‍ അറിയാതെ ഒരു വിങ്ങല്‍ .എന്റെ പ്രിയപ്പെട്ട പാടുകളില്‍ ഒന്നാണ് ഈ പാട്ട്. റിപ്ലേ ചെയ്തു കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപെടുന്ന പാട്ടുകളില്‍ ഒന്ന്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി   ഞാന്‍   ‍ഈ പാട്ടു കേട്ടിട്ടില്ലലോ  എന്നോര്‍ത്തു. വെറുതെ ഒന്ന് ഓര്‍ത്തെടുക്കാന്‍ നോക്കി , അവസാനം കേട്ടത്  എന്നാണെന്ന്.ഓര്‍ക്കാന്‍ പറ്റുന്നില്ല. ഇരട്ടവാലന്‍ കൂടുവച്ച പഴയ ബുക്കില്‍ വെറുതെ ഒന്നോടിച്ചു നോക്കി. ചിലപ്പോഴൊക്കെ എന്തെങ്കിലും കുത്തിക്കുറിക്കാറുണ്ടായിരുന്നു    അതില്‍ .വെള്ളി മഴ പെയ്ത വെളുത്ത വാവിനെ   കുറിച്ചും  പൂകളെ  വിരിയിക്കാന്‍ മറന്നുപോയ പാല മരത്തെക്കുറിച്ചും  എന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട്. വെറുതെ മറിച്ചു  നോക്കി. എന്നോ ഒരിക്കല്‍ ഈ  പാട്ടിനെ   കുറിച്ചും എന്തോ  എഴുതിയിട്ടുണ്ട് , മറന്നു തുടങ്ങിയൊരു ഓര്‍മ.
ഒടുക്കം കിട്ടി. 2010  ഏപ്രില്‍   17 നു,'ലാബ്‌ടോക്ക് ' ല്‍  ഞാനായിരുന്നു ടോക്ക്  കൊടുത്തത് . "Comprehensive  Exam "ന്‍റെ  trial .രണ്ടര മണിക്കൂര്‍ നീണ്ട പ്രസന്റേഷന്‍ അവസാനിപ്പിച്ച്, എല്ലാവരും പോയികഴിഞ്ഞപ്പോള്‍   സ്വസ്ഥമാകാന്‍      വേണ്ടി ഞാന്‍ ഈ പാട്ടു കേട്ടുപോലും.
 ശരിയാണ്, ഞാന്‍ ഓര്‍ത്തെടുത്തു .
ആ ഇരുപ്പില്‍ ഞാന്‍ അവിടെ ഇരുന്ന്  ഉറങ്ങിപ്പോയി  . ആരോ വന്നു വിളിച്ചെഴുനേല്പ്പിക്കുകയായിരുന്നു . അന്നാണെന്ന് തോന്നുന്നു ഞാന്‍ അവസാനം കേട്ടത്. ഇന്നു  യാദൃശ്ചികമായി വീണ്ടും കേട്ടപ്പോള്‍ , ഈ പാട്ടു നിങ്ങളുമായി പങ്കുവയ്ക്കാതെ വയ്യ


കാലത്തിനൊപ്പം  ഓടിയെത്താന്‍ പാടുപെടുമ്പോള്‍  ഇങ്ങനെ ചില നുറുങ്ങുകള്‍ വഴിവക്കില്‍  കളഞ്ഞു പോകുന്നല്ലോ. എങ്കിലും വീണ്ടും ഏതൊക്കെയോ വളവുകളില്‍ , തിരിവുകളില്‍  കണ്ടുകിട്ടും.

വാല്‍കഷണം  :' രജനി ജോക്സ്'  ഫേസ് ബുക്കില്‍ വെള്ളപ്പൊക്കം സൃഷ്ട്ടികുമ്പോഴും ഞാന്‍ ഇഷ്ട്ടപെടുന്നത് ദളപതിയിലെ സൂര്യയെ ആണ്.


  

Thursday, April 7, 2011

ചൂളം വിളിക്കുന്ന ഓര്‍മ്മകള്‍


ട്രെയിന്‍ യാത്രകള്‍ എനിക്കെന്നും ഹരമാണ്. കുഞ്ഞുനാളില്‍ അമ്മയുടെ വീട്ടില്‍ പോകുന്നത് ട്രെയിനില്‍ ആണ്. അന്ന് തുടങ്ങിയ ഇഷ്ടമാണ്.സ്വോഭാവികമായും  ജനാലക്കരികില്‍ ഇരിക്കാന്‍ ഞാനും കൊച്ചുത്രേസ്യയും വഴക്കുണ്ടാകും. ആറിന്റെയോ പുഴയുടെയോ  മുകളില്‍ട്രെയിന്‍ പാലം കയറുമ്പോള്‍  ഞാന്‍ വിന്‍ഡോ സീറ്റ് കൊച്ചുത്രേസ്യക്ക്  കൊടുക്കും . അന്നും ഇന്നും ആ ശബ്ദം എനിക്ക് പേടിയാണ്. 
 പിന്നീടു ഹോസ്റ്റല്‍ ജീവിതം തുടങ്ങിയപ്പോള്‍ ബസ്സിനെ  മനപൂര്‍വം  അങ്ങുപേക്ഷിച്ചു. കഴിവതും ട്രെയിനില്‍ തന്നെയാക്കി  പോക്കുവരവ്. കണ്ണെത്താത്ത ദൂരത്തോളം  കൂടിമുട്ടാതെ പോകുന്ന പാളങ്ങളെ നോക്കി  ഞാന്‍ ചുമ്മാതങ്ങു സങ്കടപ്പെട്ടു. കട്ടപ്പനക്കാരി കൂടുകരിയേം കൊണ്ട്  ഏറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പോയി.അവള്‍ക്കു ട്രെയിന്‍ എന്നും  ഒരു ദൂരക്കാഴ്ച മാത്രം ആയിരുന്നു .ഇടുക്കിക് ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടില്ലലോ.irctcയെ കുറിച്ച് ഒരു സ്റ്റഡിക്ലാസ്സ്‌ കൊടുത്തു കഴിഞ്ഞ്,  ഒരിക്കലും കൂടിമുട്ടാതെ കൈകോര്‍ത്തു പിടിച്ചു കടന്നു പോകുന്ന റെയില്‍ ദ്വയങ്ങളുടെ സൌന്ദര്യത്തെ കുറിച്ചും നൊമ്പരത്തെക്കുറിച്ചും വല്ലാതങ്ങ് വികാരാധീനയായി ഞാന്‍ .”പക്ഷെ ഈ പാളത്തെല്‍ മുഴുവന്‍ വൃത്തികേടാണല്ലോടീ “.കട്ടപ്പനക്കാരി നെറ്റിചുളിച്ചു. മണ്ഡലകാലമാണ്,ചെന്നൈ മെയില്‍ കടന്നു പോയതേ ഉള്ളു.
സ്വോഭാവികം.സ്റ്റേനിലെ പാളത്തില്‍ നോക്കാന്‍ ആരു പറഞ്ഞു. വിദൂരതയിലേക്കു നോക്കണ്ടേ എന്നാലല്ലേ ഫിലോസഫി വരൂ. ഇമ്മാതിരി നട്ടെല്ലില്ലാത്ത ഫിലോസഫി പറഞ്ഞാല്‍ തട്ടിക്കളയുമെന്നുള്ള അവളുടെ ഭീഷണിയില്‍ ഞങ്ങള്‍ തിരിച്ചുനടന്നു.പിന്നീടൊരു വൈകുന്നേരം ചുവപ്പു   വെളിച്ചം  മാഞ്ഞു പച്ചയായപ്പോള്‍ ഞങ്ങള്‍ വഴി പിരിഞ്ഞു. അത്ര ദൂരത്തേക്കൊന്നും അല്ല.ഒരു ചാറ്റമഴ പെയ്താല്‍ ഓര്‍ക്കാവുന്ന   ഓര്‍മയുടെ ദൂരമേ ഉണ്ടായിട്ടുള്ളൂ എന്നും. അലച്ചുതല്ലി ഒരു മഴപെയ്യുമ്പോഴും കറുത്ത മാനത്തുനിന്നു ആലിപ്പഴം വീഴുമ്പോഴും  അവളെ ഓര്‍ക്കാതെ വയ്യ  .

പിന്നീടൊരു ദിവസം എന്നോടുതന്നെ പിണങ്ങി താമസ സ്ഥലത്ത് നിന്ന് പെട്ടിയും  തൂകി വീട്ടില്‍ പോകാനിറങ്ങി .പെട്ടന്നുള്ള തീരുമാനമയതുകൊണ്ട് ട്രെയിന്‍  പിടിക്കാന്‍   ഒരു നിവൃത്തിയുമില്ല . അങ്ങനെ ബസ്സു പിടിച്ചു .പുസ്തകം ഒരെണ്ണം വായിക്കാന്‍ നോക്കി .ബസ്സിന്റെ കുലുക്കത്തില്‍ അക്ഷരങ്ങള്‍  കണ്ണില്‍ കയറാതെ  തെറിച്ചു പോകുന്നു.പുസ്തകം അടച്ചു വെറുതെ കണ്ണടക്കാമെന്നുവച്ചാല്‍ ഒരു മുരള്ച്ചയാണ് കാതില്‍. ട്രെയിന്റെ താരാട് പാട്ട് അതിനു വശമില്ലലോ.ട്രെയിന്റെ ചൂളംവിളിക്ക്  ശ്രുതി ചേര്‍ത്ത് "സ പാ സാ " പാടിയ ഒരു പാട്ടുകാരന്‍ കൂട്ടുകാരനുണ്ടെനിക്ക്. ഉറങ്ങാന്‍ ശ്രമിച്ചതു വെറുതെ .രാത്രി യാത്ര അവസാനിപ്പിച്ച്, കണ്ടു മുഴുമിക്കാനാകാതെ പോയൊരു സ്വപ്നത്തെ പാതിവഴിക്കുപേക്ഷിച്ച്   അച്ഛായുടെ കൈപിടിച്ച്  വീടിലേക്ക്‌ നടന്നപ്പോള്‍ ഇനിയും ഒരിക്കലും ബസില്‍ ഒരു ദീര്‍ഘയാത്ര    ഇല്ലെന്നുറപ്പിച്ചു.
ട്രെയിനുമായുള്ള ആത്മബന്ധം കൂടിയതെ ഉള്ളു പിന്നീടങ്ങോട്ട്. അതിന് ഒരു കാരണം എന്റെ അനുദിന അടിപിടി  ജീവിതത്തിലെ   കഥാപാത്രങ്ങള്‍ പലരും  irctc  യെ സ്നേഹിക്കുന്നവരാണ്. അച്ഛാ,കറിയചയാന്‍, അങ്ങനെ   പലരും. ജൂലൈ  മാസം  irctc ട്രെയിന്‍  ടൈം   പുതുക്കിയാല്‍   പിന്നെ  അച്ചക്ക്  തിരക്കാണ് .പുതിയ  ട്രെയിന്‍ ടൈംടേബിള്‍ മേടിക്കണം,അത് നോക്കി പുതിയ ചാര്‍ട്ട് ഉണ്ടാക്കണം.ട്രെയിന്‍ സമയം ചോദിച്ചു വീടിലെക്കുവരുന്ന  ഒരുപാട് ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയണം അങ്ങനെ. ഒരു വഴിക്ക് പോകണം എന്നു പറഞ്ഞാല്‍ ട്രെയിന്‍ അല്ലാതെ  മറ്റൊന്നിനെ  കുറിച്ചും കറിയാചായന്‍ പറയില്ല . പക്ഷെ ഇവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് JC. അപ്പോള്‍ JC ആരാണ് എന്നു ചോദിക്കരുത്.JC ,JC മാത്രം ആണ് .JCയെ കുറിച്ച്  ആധികാരികമായി  പറയാന്‍  എനിക്ക്  ഒരു   അധികാരവും  ഇല്ല .കാരണം JC സ്ത്രീകളോട് പൊതുവേ   സംസാരിക്കാറില്ല ,  താല്പര്യം  ഇല്ല  അത്രതന്നെ. ഞാന്‍  അതുകൊണ്ട്  സംസാരിച്ചിട്ടും ഇല്ല .അസംഖ്യം തവണ  കണ്ടിട്ടുണ്ടെകിലും വല്ലപ്പോഴുമൊക്കെ  ഒരു  കാപ്പി  ഒന്നിച്ചിരുന്നു   കുടിച്ചിട്ടുണ്ടെങ്കിലും   കൂട്ടുകാര്‍***  പറഞ്ഞുള്ള  അറിവു  മാത്രമേ  എനിക്ക്  അദ്ധേഹത്തെ  കുറിച്ചുള്ളൂ. കേട്ടിടത്തോളം ട്രെയിനിനെ ഇത്ര അധികം സ്നേഹിക്കുന്ന വേറൊരു   ആത്മാവും ഉണ്ടാവില്ല .അതുകൊണ്ടല്ലേ രാത്രി  രണ്ടു മണിക്കും രാജധാനി എക്സ്പ്രസ്സ്‌ഉം   വേറെ ഏതോ ട്രെയിനും തമ്മില്‍ ഒരു  താരതമ്യ പഠനം   youtube വീഡിയോയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് .
    
    ജെര്‍മനിയില്‍ കൂടി കിഴക്കോട്ടും പടിഞ്ഞാട്ടും ട്രെയിനില്‍ യാത്ര  ചെയ്യുമ്പോള്‍ ,ഒരു  Parle-G ബിസ്കറ്റ് പങ്കുവച്ചുള്ള പരിചയം പോലും  ഇല്ലതിരുന്നിടുകൂടി ഞാന്‍ ഓര്‍ത്തത്‌ ഈ JCയെ കുറിച്ചായിരുന്നു .Inter City Express (ICE)  ആദ്യം ഒരു  മടുപ്പായി തോന്നി .പിന്നെ കൂടുതല്‍ കൂടുതല്‍  അറിഞ്ഞപ്പോള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി .അതില്‍ ഏറ്റവും ഇഷ്ടപെട്ടത് അതിന്റെ speedometer display ആണ് .സാധാരണ യാത്രകളില്‍ 150-160 km/h ആണ്  പതിവ് .ഒരാഴ്ചയിലെ യാത്ര Munich ലേക്ക് ആയിരുന്നു .കറിയചായന്‍ പറഞ്ഞിട്ടുണ്ടായിരുന്നു Nurnberg-Munich റൂട്ടില്‍ ആണ്  ICE അവന്റെ സര്‍വ പ്രതാപവും പുറത്തെടുക്കുന്നത് എന്ന് .അന്നത്തെ യാത്രയില്‍ തനിച്ചല്ല കൊച്ചുത്രെസ്യയും ഉണ്ട് .വര്‍ത്തമാനം പറഞ്ഞിരുന്നു speed display കാണാതെ പോകരുത് എന്ന്  പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടും ഉണ്ട് .Nurnburg മുതല്‍ ഞാന്‍  നോക്കിയിരിപ്പു തുടങ്ങി .speedometer ല്‍ അക്കങ്ങള്‍ക്കു കനം കൂടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍  അറിയാതെ ആവേശം കൊള്ളാന്‍ തുടങ്ങി .ഡിസ്പ്ലേയില്‍   270 തെളിഞ്ഞപ്പോള്‍ എന്റെ നിയന്ത്രണം പതിയെ വിട്ടുതുടങ്ങി .സന്തോഷം സഹിക്കാന്‍ വയ്യ .കൊച്ചുത്രേസ്യാ ഭീഷണിപ്പെടുത്തി .ഒച്ച വച്ചാല്‍ കൊന്നു കളയും എന്ന്  പറഞ്ഞു .നോക്കിയിരിക്കെ വേഗത 281km/h കടന്നു .എന്റെ  സര്‍വ  നിയന്ത്രണവും പോയി .അറിയാതെ  കൂവിപ്പോയി ഞാന്‍ .കൊച്ചുത്രേസ്യ തലയില്‍ കൈവച്ചു .പക്ഷെ ആ സമയം എന്റെ  മനസ്സില്‍ ജസീ,താങ്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ സന്തോഷം പങ്കുവക്കാന്‍ താങ്കള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍... 
  ആ  യാത്രയില്‍ താങ്കള്‍  ഉണ്ടായിരുന്നെങ്കില്‍ ഈ  അക്കങ്ങള്‍ താങ്കളെ സന്തോഷിപ്പിക്കുമായിരുന്നോ ? അതോ , ജനാല തുറന്നിട്ട്‌ വേഗതയെ മുടിയിഴകളില്‍ ആവോളം നിറക്കാന്‍ കഴിയാതെ ദുഖിക്കുമായിരുന്നോ? എനിക്കറിയില്ലല്ലോ JC .
***കഥകള്‍ പറഞ്ഞു  പറഞ്ഞ്  JCയെയും എന്റെ  മേല്പറഞ്ഞ ‘അടിപിടി ജീവിതത്തിലെ’ ഒരു  നിത്യ സംഭവം ആക്കിയതിന് nair,gha,dmt ത്രയങ്ങളോട് ചൂളംവിളിയില്‍ കുതിര്‍ന്ന കടപ്പാട്.

 
               

Wednesday, February 23, 2011

കൊച്ചുത്രേസ്യയുടെ കൊച്ചുവര്‍ത്തമാനങ്ങള്‍

                   

കുട്ടിയായിരുന്നപോള്‍ എന്റെ വലിയ  വാശികളില്‍ ഒന്ന്, "കൊച്ചുത്രേസ്യക്ക് ഉള്ളത് പോലെ എനിക്കും വേണം" .അതിപ്പോള്‍ നല്ലൊരു കുഞ്ഞുടുപ്പാണേലും വള്ളിചെരുപ്പാണേലും. കൊച്ചുത്രേസ്യയുടെ ആദ്യകുര്‍ബാന കൈക്കൊള്ളപാടിനു വെള്ളയുടുപ്പു തയിപ്പിച്ചപ്പോള്‍   ലിസമ്മ ചേച്ചി ഒരുപോലെ രണ്ടെണ്ണം തയിച്ചു .ഒന്ന് കൊച്ചുത്രെസ്യാക്കും    ഒന്ന് സെലീനക്കും .ഒരു പ്രശ്നം ഒഴിവാക്കാന്‍ അമ്മയുടെ ദീര്‍ഘ വീക്ഷണം . പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് പെട്ടന്നായിരുന്നു . രാവിലെ കൊച്ചുത്രേസ്യയെ ഒരുക്കി കഴിഞ്ഞപ്പോള്‍ ഒരു മൂക്കുത്തി കൂടി വച്ചാല്‍ ഭംഗി യാകുമെന്നു അമ്മയ്ക്കു തോന്നി . ഒരെണ്ണം വച്ച് പിടിപ്പികുകയും ചെയ്തു .കൊച്ചുത്രെസ്യായ്ക്കുള്ളതെല്ലാം  എനിക്കുമുണ്ട് എന്ന് വിശ്വസിച്ച ഞാന്‍ ഇതുകണ്ടതോടെ കളം മാറ്റി ചവുട്ടി ."എനിക്കും വേണം മൂക്കുത്തി "  .നല്ലൊരു ഞായറാഴ്ച ആയിട്ടു മൂകുത്തി തപ്പി ജോസ് ചാച്ചന്‍ കുറെ  അലഞ്ഞു നടന്നു .ഒടുവില്‍ എവിടുന്നോ  സംഘടിപ്പിച്ചു എന്ന് ചരിത്രം പറയുന്നു.അന്നത്തെ ഫോട്ടോയില്‍ എനിക്കും മൂക്കുത്തി ഉണ്ട് .  അന്നും ഇന്നും "കൊച്ചുത്രേസ്യയുടെ പോലത്തെ " എന്ന പല്ലവി മാറ്റമില്ലാതെ തുടരുന്നു .

                  യൂറോപ്പ്   യാത്രക്കുവേണ്ടി  'winter cloath  ' വാങ്ങാന്‍ പോയപ്പോഴും എന്റെ ഡിമാന്റ് ഏതാണ്ട് ഇത് തന്നെ ആയിരുന്നു .എന്നാല്‍ പിന്നെ ബാക്കി ഒക്കെ കൊച്ചുത്രേസ്യയെ കൂട്ടി, ഇവിടെ   എത്തിയിട്ട്  പോയി വാങ്ങാം എന്ന് വിചാരിച്ചു .കൊച്ചുത്രേസ്യയും ഭര്‍ത്താവു കറിയാചായനും  ഇവിടെയാണ്.എത്തിയിട്ട് ആദ്യത്തെ ശനിയാഴ്ച തന്നെ കൊച്ചുത്രേസ്യയെ കാണാന്‍ ഞാന്‍ പോയി .ഏതു ട്രെയിനില്‍ എപ്പോള്‍ എങ്ങനെ ,എവിടെവച്ച് കേറണം എന്നൊക്കെ കൃത്യമായി എനിക്ക് മെയില്‍ ചെയ്തിട്ടുണ്ട് കറിയാചായാന്‍  .കൊച്ചുത്രേസ്യയുടെ വക  ചെയ്യണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ ഒരു വിവരണം ,ട്രെയിന്റെ സമയവിവര പട്ടിക , സ്ഥലത്തിന്റെ മാപ്പ്  എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍. എല്ലാം പ്രിന്റ്‌ ഔട്ട്‌ ആക്കി പോക്കറ്റില്‍ ഇട്ടാണ് ഞാന്‍ പോകുന്നത് .അനാവശ്യമായ തണുപ്പും അസമയത്ത് അസ്തമിക്കുന്ന സൂര്യനും യാതൊരു ശബ്ദവും ഉണ്ടാക്കാത്ത കുട്ടികളും വെറുതെ പതുങ്ങി ക്കിടക്കുന്ന പട്ടികളും . മൊത്തത്തില്‍ ഒരു തണുപ്പന്‍  യാത്ര  . അവരുടെ വീട്ടില്‍ എത്തിയപ്പോള്‍ തണുത്തിട്ട് ആവശ്യത്തില്‍ അധികം വിറക്കുന്നുണ്ടാരുന്നു  ഞാന്‍.ഒന്ന് ഉഷാറായേക്കാം എന്ന് വിചാരിച്ചു കുളിമുറി ലക്ഷ്യമാക്കി നടന്നു .
കൊച്ചുത്രേസ്യ ഒരു മയവുമില്ലാതെ ചോദിച്ചു "ഇപ്പോഴും നിന്റെ വയ്യാവേലി പാട്ടും കവിതേം ഒക്കെ ഉണ്ടോ കുളിക്കിടയില്‍ "
ഞാന്‍ വിനയാന്വിതയായി :"ഇല്ല പാടുന്നില്ല ,അപ്പുറത്തൊക്കെ ആള്‍ക്കാര്‍ ഉള്ളതല്ലേ "
കൊച്ചുത്രേസ്യ : "എന്നാല്‍ അങ്ങനല്ല ,പാടണം.ഇവിടെ കുളിമുറീടെ കുറ്റി പോയിക്കിടക്കുവാ  "  ഇതുപറഞ്ഞു കൊച്ചുത്രേസ്യ 'റാം ജി റാവൂ  സ്പീകിംഗ് '  ല്‍ മത്തായിച്ചന്‍ നില്‍കുന്ന സ്റ്റൈലില്‍ ഒന്ന് നിന്നു. പിന്നെ നടന്ന സംസാരം ഞാന്‍ ഇവിടെ  ചേര്‍ക്കുന്നില്ല .അറിയനമെന്നുള്ളവര്‍ മേല്‍പ്പറഞ്ഞ സിനിമ കാണുക .  
അതും കഴിഞ്ഞു തണുപ്പൊന്നു ഒന്ന് അടങ്ങികഴിഞ്ഞാണ്
വീടൊക്കെ കണ്ടുകളയാം എന്ന് തോന്നിയത് .
അവിടെ കണ്ടതെല്ലാം  താഴെ കാണുന്ന ഫോട്ടോസ് പറയും .



                                                                            














 നിങ്ങള്‍ ക്ഷമിക്കണം .കറിയാചായാന്‍ കുറച്ചു പൊക്കത്തില്‍ ആണ് ഈ കാന്‍വാസ് വച്ചിരിക്കുനത് .നല്ലൊരു ഫോട്ടോ പിടിക്കാന്‍ സെലീനയുടെ പൊക്കം അനുവദിച്ചില്ല



  

പിന്നെ ഒരു കൊളാഷ്



പിന്നെ എനിക്ക് പേരറിയാന്‍ പാടില്ലാത്ത എന്തോ ... കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു .





മുകളില്‍ കാണുന്ന ഓയില്‍ പൈന്റിങ്ങ്സ് എല്ലാം കൊച്ചുത്രേസ്യാ വരച്ചതാണ്. എനിക്ക് സ്കെയില്‍ ഇല്ലാതെ ഒരു നേര്‍രേഖ പോലും വരയ്ക്കാന്‍ പറ്റില്ല എന്നത് സത്യമായിരിക്കും .പക്ഷെ പറയുമ്പോ എല്ലാം പറയണമല്ലോ  .കൊച്ചുത്രേസ്യക്ക് വരയ്ക്കാന്‍ പറ്റുമെന്ന് എനിക്കോ അച്ചക്കോ അമ്മക്കോ കൊച്ചുത്രെസ്യാക് തന്നയോ വല്ല്യ പിടുത്തമില്ലയിരുന്നു  .അതുകൊണ്ട് കുഞ്ഞില്ലേ ഒരിടത്തും പോയി പഠിച്ചുമില്ല ചിത്രകല .പിന്നീടു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലത്ത് എനിക്ക് പിറന്നാളിന് കാര്‍ഡ്‌ അയക്കാനാണ് കൊച്ചുത്രേസ്യ പടംവര തുടങ്ങിയത് .പിന്നെ  തലയിണ കവറിലും തൂവലയിലും ഒക്കെയായി .ഇതൊക്കെ കഴിഞ്ഞാണ് ഓയില്‍ പെയിന്റിംഗ് തുടങ്ങിയത് .അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് എനിക്ക് പിറന്നാളുകള്‍ ഉണ്ടായത് കൊണ്ടാണ് കൊച്ചുത്രെസ്യായിലെ ചിത്രകാരിയെ കണ്ടെത്താന്‍ കഴിഞ്ഞത് എന്ന്,അതിപ്പോ ആരും സമ്മതിചില്ലേലും.. ങ്ഹാ .

Tuesday, February 22, 2011

മഞ്ഞുകാലം പറയുന്നത്...

          യൂറോപ്പിലെ തണുത്തുറഞ്ഞൊരു മഞ്ഞു കാലത്തേയ്ക്ക് എന്നെ കുടഞ്ഞിട്ടിട്ടു പോയത് വിധി അല്ലാതെ വേറെയൊന്നുമല്ല  .എന്നു വച്ച്‌ എനിക്കാ വിധിയോടു പരിഭവമൊന്നുമില്ല .പുറത്തു വീണു കിടക്കുന്ന മഞ്ഞില്‍ നോക്കിയിരിക്കുമ്പോള്‍ ,ആ മഞ്ഞില്‍ മൂടിപോയ മരങ്ങളെ നോക്കിയിരിക്കുമ്പോള്‍  എന്റെ മനസ് കുറച്ചു ദൂരം സഞ്ചരിച്ച് എന്റെ പ്രിയപ്പെട്ട മരങ്ങളെ തേടിപ്പോയി  .അവിടുന്നും  തെന്നി നീങ്ങി എന്റെ സ്വന്തം ലാബില്‍   തെര്‍മോകോളില്‍  പൊതിഞ്ഞു വച്ച എന്റെ സ്ഥാവരജംഗമ  വസ്തുകളില്‍ ചെന്നെത്തി .ഈ മഞ്ഞിന്റെ നിറവും നിസംഗതയുമാണ്  തെര്‍മോകോളിനും . 'പൊളിച്ചടുക്കുക  ' എന്നൊക്കെ കേട്ടിട്ടേ  ഉള്ളു .അടുത്തയിടെ ആണ് ചെയ്യാന്‍ സാധിച്ചത് . ലാബ്‌ പൊളിച്ചു  പുതിയ കെട്ടിടത്തിലോട്ടു മാറ്റുന്നു. അതുകൊണ്ട് യാത്രയ്ക്കു മുന്‍പേ എന്റെ വസ്തുവഹകള്‍ എല്ലാം ഞാന്‍ പായ്ക്ക് ചെയ്തു.പലതും  തലമുറകള്‍  പഴക്കമുള്ളതാണ്-കൈമാറി വന്നതാണ് .നോക്കീം കണ്ടും ഇടപെട്ടില്ലേല്‍ പിന്നെ നോക്കാനും കാണാനും ഒന്നും അവശേഷിക്കില്ല .എനിക്ക് മേല്‍നോട്ടം കിട്ടിയത് എപ്പോള്‍ വേണേലും പൊട്ടാന്‍ തയാറായി  ഇരിക്കുന്ന സാധനങ്ങള്‍ .ഞാന്‍ ചോദിച്ചു മേടിച്ചതാണ് .വല്ലാത്തൊരു സ്നേഹമാണ് അവറ്റകളോട്.നമ്മുടെ  മനസു പോലാണ് പലതും .ചിലത് തെളിഞ്ഞു സുതാര്യമാണ്. ചിലത് ആരുടെയോ കൈത്തെറ്റില്‍ സുതാര്യത നഷ്ട്ടപെട്ടു പോയത്.മങ്ങല്‍ വീണു വെളിച്ചം കയറ്റാതെ  ഒരുതരം ഏകാന്ത വാസം.ഒരിക്കല്‍ സുതാര്യമായിരുന്നിട്ട് പിന്നീട് എപ്പോഴോ മങ്ങിപോയത്  . എപ്പോള്‍ വേണേല്‍ പൊട്ടാം.പോറല്‍ വീണിട്ടുണ്ടാകും  എപ്പോഴേലും.ചില്ലപ്പോള്‍ ഉപയോഗിച്ചവര്‍ അറിയാതെ ,ചിലപ്പോള്‍ അറിഞ്ഞ്,ചിലപ്പോള്‍ മറന്ന് അങ്ങനെ അങ്ങനെ.ഒരു വെളുപ്പാങ്കാലത്ത് വീണ്ടും എടുക്കുമ്പോള്‍ കൈവെള്ളയില്‍ ഇരുന്നു പൊട്ടും.
എന്റെ കയ്യില്‍ കിടന്നു അങ്ങനെ പൊട്ടുന്നത് എനികൊരു വേദനയാണ് .കാരണം പണ്ട് ഇതുപോലൊരെണ്ണം  എന്റെ കയ്യില്‍ ഇരുന്നു പൊട്ടി ,എന്റെ കൈ മുറിഞ്ഞ് , ആ വിരല്‍ പഴുത്ത്,പിന്നെ കുത്തി വെയ്പ്പെടുത്ത്  ,  കുറച്ചു വേദനിച്ചതാണ്.അതുകൊണ്ട് കുറച്ചു സൂക്ഷിച്ചാണ് 
കൈകാര്യം ചെയ്യുന്നത് .കുഞ്ഞുപിള്ളാരെ കുളിപ്പിച്ച് തുടച്ചു വെള്ളത്തുണിയില്‍ പൊതിയുന്നതുപോലെ ,എല്ലാത്തിനേം കഴുകി 
തുടച്ചു ബബിള്‍ ഷീറ്റില്‍ പൊതിഞ്ഞു തെര്‍മോ കോളില്‍ പായ്ക്ക് ചെയ്തു .അകത്തുള്ളവര്‍ ചില്ലറക്കാരല്ല എന്ന് കാണിച്ചു പെട്ടിയുടെ പുറത്ത് ആവശ്യത്തിനും അനാവശ്യത്തിനും നിര്‍ദേശങ്ങളും
 എഴുതി വച്ചു .."സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട  " 
വെളുത്തുറഞ്ഞ തെര്‍മോകോളിന്റെ      മരവിപ്പിനുള്ളില്‍ അവര്‍ ഒന്നും അറിയാതെ ഇരിപ്പുണ്ടാവും .പുറംലോകത്തിന്റെ ചലനങ്ങള്‍ അറിയാതെ ,ഉലയാതെ ,കയറ്റത്തിലും ഇറക്കത്തിലും ഒരേ നിസംഗതയോടെ ,എടുക്കാന്‍ മുതിരുന്നവര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തികൊണ്ടു അവര്‍ അങ്ങനെ ഇരിക്കട്ടെ.
ഉടഞ്ഞു പോയവയെ ഓര്‍ത്തു ഒരു നിമിഷം മൌനം ആചരിച്ചു ,ഒപ്പീസും ചൊല്ലി -ആരുടെയൊക്കെയോ അശ്രദ്ധയുടെ ഫലം.നഷ്ടപ്പെട് കഴിയുമ്പോഴാണ് നമ്മള്‍ വിലയറിയുന്നത്‌...  ആഖാതങ്ങള്‍ക്കു  പിടി കൊടുക്കാതെ,പിടിവലികളില്‍ പൊട്ടാതെ പൊടിയാതെ   ഇപ്പോഴും അവശേഷിക്കുന്ന  സ്ഫടിക നിര്‍മ്മിതികളെ  , തെര്‍മോകോളിന്റെ സംരക്ഷണയില്‍ കുറച്ചുകാലം കൂടി ഇരിക്കുക. ഈ മഞ്ഞുകാലവും എന്നോടു പറയുന്നത് അതു തന്നെയാണ്-വസന്തം വരേയ്ക്കും തണുത്തുറഞ്ഞു തന്നെയിരിക്കുക  .


Thursday, January 27, 2011

പാര്‍സല്‍

നേരിയ തണുപ്പുള്ള വെളുപ്പാങ്കാലത്ത് പതിവിലും നേരത്തെ ഉണര്‍ന്നു പോയതിന്റെ സങ്കടത്തില്‍ വിഷമിച്ചാണ് ദിവസം തുടങ്ങിയത്. അങ്ങനെ 'അകാരണ' ദുഖമൊക്കെയായി  ഇരിക്കുമ്പോള്‍ കയ്യില്‍ വന്നതാണ്‌ ഒരു സമ്മാനപ്പൊതി  . ബബ്ബിള്‍ ഷീറ്റ് കൊണ്ടു പൊതിഞ്ഞു കെട്ടി വലിയ ആര്‍ഭാടമൊന്നുമില്ലാതെ  ഒരു പാര്‍സല്‍. പിന്നെ ഒട്ടും സമയം കളഞ്ഞില്ല .തുറന്നു നോക്കിയപ്പോള്‍ ഒരു കുഴല്‍ .ഒന്നുകൂടി നോക്കി .. "മാതാവേ ദേണ്ടെ കിടക്കുന്നു ഒരു കാലിടോസ്കോപ്" ...തോന്നിയതാണോ.... അല്ല തോന്നലല്ല .കണ്ണില്‍ വച്ചു കറക്കി നോക്കി .തന്നെ അതു തന്നെ.ഈ സന്തോഷം ഞാന്‍ ആരോട് പറയും ഇപ്പൊ.ഏറെ ക്കാലം എവിടെയൊക്കെയോ തപ്പി നടന്നതാണ് ഞാന്‍ .ഇപ്പോള്‍ കണ്മുന്നില്‍ .നിറം മങ്ങാതെ ഉള്ളില്‍ കിടക്കുന്ന ഒരു ഓര്‍മയായിരുന്നു അതിന്റെ നിറക്കൂട്ടുകള്‍ .ഇപ്പോള്‍ ഇത്രയേറെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കണ്മുന്നില്‍ കണ്ടപ്പോള്‍ ആകപ്പാടെ ഒരു ഇത് .കാലത്തിന്റെ മറുപുറത്തു നിന്നും യാത്രചെയ്ത് എന്റെയടുതെതിയ മാന്ത്രികക്കുഴലിന്റെ  ഒരു ഫോട്ടോ കൂടി താഴെ ചേര്‍ക്കുന്നു

കൊച്ചുത്രേസ്യാ , ഇത് നമ്മള്‍ പൊട്ടിക്കില്ല :)

NB : പോസ്റ്റ്‌ വായിച്ചിട്ട് ഇതുപോലെ ഇനിയും എന്തെങ്കിലും ഒക്കെ അയക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ വിലാസം ആവശ്യപ്പെടാവുന്നതാണ്  :)

Saturday, January 1, 2011

"how was your new year dearrrrr........ "
"had a blast? ... enjoyed "
മെയില്‍ ബോക്സില്‍ ചോദ്യങ്ങള്‍ തിളച്ചു മറിയുന്നു ....ഒരു മെച്ചം 'objective type' ചോദ്യങ്ങള്‍ ആണ് കൂടുതല്‍ yes or no യില്‍ ഒതുക്കാം . ബാംഗ്ലൂര്‍ 'അതീവ ജാഗ്രതയില്‍' ആയിരുന്നു പുതുവര്‍ഷത്തെ സ്വീകരിച്ചത് എന്നത് ശരി . എന്നുവച്ച് ഞാന്‍ പൊട്ടിത്തെറിച്ചു പോയിട്ടൊന്നുമില്ല ,ഇപ്പോഴും നിലവില്‍ ഉണ്ട് .അപ്പോള്‍ പിന്നെ എന്ത് ചെയ്തു ..
 എന്ത് ചെയ്യാന്‍ .എല്ലാ ദിവസവും പോലെ അത്താഴം കഴിച്ചു .സുഹൃത്തുക്കളും ഉണ്ടായിരുന്നു .പിന്നെ നടന്നു, പതിവു വഴികളില്‍ നിന്ന് മാറി .ഇലഞ്ഞിയും പൂവരശും അതിരിട്ട ഫുട്ബോള്‍ ഗ്രൌണ്ടിന് ഇപ്പുറം ഹോക്കി ഗ്രൌണ്ടിനു മുന്‍പിലായി പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ  കല്‍ ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു .ഒരു 10 മിനിറ്റു നേരം തനിച്ചിരുന്നു അര്‍ദ്ധരാത്രിക്ക് ഇനിയും സമയമുണ്ട് . തണുത്ത  കാറ്റിനെ ആകാവുന്നിടത്തോളം വലിച്ചു കയറ്റി .തലയ്ക്കു മുകളില്‍ ആക്കാശവും നക്ഷത്രങ്ങളും നക്ഷത്ര സമൂഹങ്ങളും .ചന്ദ്രനെ മാത്രം കണ്ടില്ല ..പോട്ടെ സാരമില്ല .ഇവിടുത്തെ ആകാശത്ത് നക്ഷത്രങ്ങള്‍ കുറവാണെന്ന് പരാതി പറഞ്ഞപ്പോള്‍ "ഇവിടെ  നക്ഷത്രങ്ങളത്രയും  ഭൂമിയില്‍ അല്ലേ "  എന്നു ചോദിച്ച സുഹൃത്തിനെ ഓര്‍ത്തു ,നക്ഷത്രങ്ങള്‍ പോലെ മിന്നി മറഞ്ഞ ദിവസങ്ങളെ ഓര്‍ത്തു ,പ്രിയപെട്ടവരെ ഒക്കെ ഓര്‍ത്തു .ഓര്‍മ്മകള്‍ അവസാനിച്ചിടത്തെയ്ക്ക് കൂട്ടുകാര്‍ വന്നു കയറി .അകലെ മാറി നില്‍ക്കുന്ന വലിയൊരു കെട്ടിടത്തിന്റെ പശ്ചാതലത്തില്‍ പടക്കം പൊട്ടി ...കൂട്ടുകാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ തെളിഞ്ഞ സമയം കാണിച്ചു '00 .00 ' ..
സംഭവ ബഹുലമായ ,അനുഗ്രഹീതമായ ഒരു വര്‍ഷം പരസ്പരം ആശംസിച്ചു ...
അതെ സംഭവ ബഹുലവുമായിരിക്കട്ടെ ,ആവര്‍ത്തന വിരസതയുണ്ടാവില്ല .അതാണിവിടുത്തെ വലിയൊരു  അനുഗ്രഹം .
ഇവിടുത്തെ പോലെ അവിടെയും ആയിരിക്കട്ടെ !!!!

ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .നന്മയുടെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ ആശംസിക്കുന്നു .