Wednesday, July 27, 2016


 താഴത്ത്, വളരെ താഴത്ത് ഡെക്കാൻ പീഠഭൂമി ഒരു കൈകുഞ്ഞായി. പീഠഭൂമിക്ക് വടക്ക്, ഭൂമിക്കു കുറുകെ ജീവന്റെ തുടിപ്പോർമ്മിപ്പിച്ച് നർമദാ നദി ഒരു നീല ഞരമ്പായി. കൈകുടന്നയിൽ കോരിയ വെള്ളം പോലെ ചെറുതും വലുതുമായ അണകെട്ടുകൾ. മഹാസമതലത്തിന്റെ സാന്നിധ്യം അറിയിച്ച് ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും കണ്ടു തുടങ്ങിയപ്പോഴാണ് ഞാൻ ചെറിയൊരു മയക്കത്തിലേക് വീണത്‌. പശ്ചിമ ഘട്ടത്തിന്റെ താഴ് വാരത്ത്, കുട്ടനാടിന്റെ ജലസമൃധിയിൽ പച്ചവയലുകളുടെ നടുവിൽ ഓടിക്കളിക്കുന്ന കുഞ്ഞു സെലീന. ചേറു  പൊത്തി ഉണ്ടാക്കിയ വഴുക്കുന്ന കണ്ടവരമ്പത്ത്, പള്ളത്തി കുഞ്ഞുങ്ങളോടു മത്സരിച്ചോടി 'വല്യവരമ്പത്തു' കയറാൻ തുടങ്ങുമ്പോൾ കാൽ തെന്നിവീണ്  ഞാൻ ഉറക്കം ഞെട്ടി. താഴത്തിപോൾ ഒന്നും കാണാനില്ല. പുകയുടെ ഒരു കരിന്പടം മാത്രം, ചെവിയിൽ  വിമാനത്തിന്റെ ശല്യപ്പെടുത്തുന്ന മൂളക്കം. നഞ്ചു തിന്ന താറാവിനെപ്പോലെ ഇരിക്കെ ജോണിക്കുട്ടി തട്ടി വിളിച്ചു, "ഡൽഹി എത്തി, എണീക്ക്". വിമാനത്തിനുള്ളിൽ room freshener ന്റെ മടുപ്പിക്കുന്ന കൃതൃമ മണവും ഡോർ തുറന്നാൽ ചാടിയിറങ്ങാനുള്ള ആളുകളുടെ തത്രപ്പാടും, എനിക്ക് മടുപ്പുതോന്നി. ഇനിയും മണിക്കൂറുകൾ കാത്തിരിക്കണം connection flight ന്. ടെർമിനലിൽ എത്തി കടുപ്പത്തിൽ ഒരു ഫിൽറ്റർ കോഫിയും കുടിച്ച് ഒന്നുഷാറായി ചാരുകസേരയിൽ സ്ഥലം പിടിച്ചു. ജോണിക്കുട്ടി വിന്ധ്യ-സത്പുര പർവതങ്ങളെ കുറിച്ചും, മഹാനദികളെക്കുറിച്ചും അതിനു കുറുകെ ഉള്ള അണകെട്ടുകളെകുറിച്ചും പലവിധത്തിലുള്ള സ്ഥിതിവിവരകണക്കുകൾ നിരത്തി കൊണ്ടിരിക്കുകയാണ്. "ലഡാക്കിൽ ഇപ്പോൾ മഞ്ഞു വീഴാൻ തുടങ്ങിയിട്ടുണ്ടാരിക്കുമോ?" ഞാൻ ഇടക്കുകയറി ചോദിച്ചു. ജോണിക്കുട്ടി weather report നോക്കാൻ പോയി.


കുറെ കാലമായി ആലോചനയിൽ ഉള്ളതായിരുന്നു ലഡാക്ക് യാത്ര. ഓരോ കാരണങ്ങള കൊണ്ട് നടക്കാതെ പോയി. പെട്ടന്നായിരുന്നു തീരുമാനം. മഞ്ഞുകാലം തുടങ്ങാറായി, ഇപ്പൊ പോയില്ലേൽ പിന്നെ നടക്കില്ല എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ രണ്ടാളും ലഡാക്ക് ലക്ഷ്യമാകി ഇറങ്ങിയത്‌. ഫ്ലൈറ്റ് യാത്ര മതി എന്ന് തീരുമാനിച്ചതുകൊണ്ട് ജമ്മു-ശ്രീനഗർ വെള്ളപ്പൊക്കം ഞങ്ങളെ ബാധിച്ചില്ല. ഹിമാലയത്തിന്റെ വന്പും  വീന്പും  പറഞ്ഞിരുന്നു നാല് മണിക്കൂർ പോയതറിഞ്ഞില്ല. departure announce ചെയുമ്പോൾ സൂര്യൻ ഉദിച്ചിട്ടില്ല. ഈ സൂര്യോദയം എനിക്ക് ആകാശത്തിരുന്നു കാണണം. Take off ചെയുമ്പോൾ twilight വന്നുതുടങ്ങി. ഇല്ല ഉദയം ആയിട്ടില്ല, ജോണികുട്ടി സമാധാനിപ്പിച്ചു. നഗരത്തിന്റെ നരച്ച കരിമ്പടം പിന്നിലാക്കി കുങ്കുമക്കരയിൽ ആകാശം കാണാൻ തുടങ്ങി, പതിയെ നെറുകയിൽ ഒരു കുങ്കുമരാശിയുമായി വൻമലകൾ കണ്ടുതുടങ്ങി. പിന്നെയതൊരു കടുംചുവപ്പൻ വൃത്തമായി, പിന്നെ ഒത്ത ഒരു സൂര്യനായി. അനാദിയായി നീളുന്ന മഹാപർവതശിഖരങ്ങളെ ഞാൻ കണ്ടു.  ഉഷസ്സിന്റെ  ചോരത്തിളപ്പിൽ, ചുവപ്പിൽ,   വെട്ടിത്തിളങ്ങുന്ന മഞ്ഞിൻ തോപ്പിയണിഞ്ഞ കൂറ്റൻ മലനിരകൾ.  



45 മിനിറ്റിൽ താഴ്‌വര  കാണാൻ തുടങ്ങി.  360 ഡിഗ്രിയിൽ  വട്ടം ചുറ്റി മലകൾക്കിടയിലൂടെ റണ്‍വേയിൽ ചെന്നിറങ്ങുമ്പോൾ സമയം രാവിലെ 6.55, താപനില 4   degree  Celsius,  തെളിഞ്ഞ കാലാവസ്ഥ. ആദ്യ ദിവസം നിർബന്ധിത വിശ്രമം. എല്ലാം കൊള്ളാം പക്ഷെ പ്രാണ വായു, അതൊരു പ്രശ്നം തന്നെ. മൂന്നാം നിലയിലെ മുറിയില എത്താൻ കുറെ കഷ്ടപെട്ടു. നാലു പടി കയറിയാൽ പിന്നെ നാലു മിനിറ്റു വിശ്രമം. മൂന്നാം നിലയിൽ എത്തിയപ്പോൾ ശ്വാസം നിന്ന അവസ്ഥ. പണ്ട് പട്ടി കടിക്കാൻ ഓടിച്ചപ്പോൾ ഇത്രയ്ക്കു ക്ഷീണിച്ചിട്ടില്ല. ഞാൻ പതുക്കെ കമ്പിളി പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.  ജോണിക്കുട്ടി ശ്വാസം വലിച്ചു വിടുന്നു. എന്തോ മുരളുന്ന ശബ്ദം കേട്ടാണ് ഞാൻ പുതപ്പിൽ നിന്ന് തല പുറത്തേക്കിടുന്നത്. 'The  Hollies" ന്റെ "All I need is the air that I breathe" രണ്ടര കട്ടയിൽ ജോണിക്കുട്ടി പാടുകയാണ് . ഞാൻ വീണ്ടും തല അകത്തേക്കു  വലിച്ചു. ഉറക്കത്തിൽ ഞാനൊരു കരടിയെ സ്വപ്നംകണ്ടു. തുറസായ  സ്ഥലം. കരടി രണ്ടുകാലിൽ   നടന്നു വരുന്നു. രക്ഷപെടാൻ വഴിയില്ല , ഞാൻ 'മല്ലനും മധേവനും' പരീക്ഷിക്കാൻ തീരുമാനിച്ചു. കരടി അടുത്ത് വന്നു മണപ്പിച്ചു നോക്കുന്നു. ഞാൻ ശ്വാസം പോലും വിടാതെ കിടക്കുന്നു. കരടി മണപ്പിച്ചു നില്കുന്നതല്ലാതെ പോകുന്നില്ല, എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി. ഒടുവിൽ കളിയിൽ തോറ്റ ഞാൻ ശ്വാസം വിട്ടു, വിടില്ലടീ ഞാൻ എന്ന് പറഞ്ഞു കരടി കൈ കൊണ്ടെന്റെ കഴുത്തിന്‌ കുത്തി പിടിച്ചു. ഒരു നിലവിളിച്ചലറി  ഞാൻ ചാടി എഴുനെറ്റു. ശബ്ദം കേട്ട് ജോണിക്കുട്ടി തിരിഞ്ഞു നോക്കി "എന്താ ". "ഒരു കരടി എന്നെ പിടിക്കാൻ വന്നു, കഴുത്തിന്‌ പിടിച്ചു ശ്വാസം മുട്ടിച്ചു". അടുത്ത 10 മിനിറ്റിൽ ജോണിക്കുട്ടി, ലേ യിലെ thin  air നെ കുറിച്ചും ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഒരു ക്ലാസ്സ്‌ എടുത്തു. ലാബിൽ ഇരിക്കുന്ന Oxygen cylinder  നെ ഞാൻ മനസാ മോഹിച്ചു. അസ്തമനം കഴിഞ്ഞു സൂര്യൻ പോയതോടെ തണുപ്പ് തനിക്കൊണം കാണിച്ചു തുടങ്ങി. 


അതോടെ  പുറത്തിരുന്നുള്ള  ചീട്ടു കളി മുറിക്കുള്ളിലേക്ക് മാറ്റി. അത്താഴം കഴിഞ്ഞ് പതുക്കെ ഞാൻ ഒരു ഭാഗത്ത്‌ ഒതുങ്ങി. തലേ രാത്രി ഉറക്കം കുറവായിരുന്നതു കൊണ്ട് നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു.   കമ്പിളി quilt വിരിച്ച കട്ടിലിൽ , പരുത്തി പുതപ്പുകൊണ്ട്‌ പുതച്ച് അതിനും മുകളിൽ വീണ്ടും കമ്പിളി പുതപ്പു പുതച്ചു ഞാൻ കിടന്നു. ഇടയ്ക്കു കയ്യും കാലും അനക്കുമ്പോൾ മുടിനാരിഴ വലിപ്പത്തിൽ വെളിച്ച ക്കീറുകൾ കണ്ടു. ഓ തോന്നലാരിക്കും. ഇവിടെ വന്നപ്പോ മുതൽ ഇങ്ങനെ ഓരോ തോന്നലുകൾ ഉണ്ട്. ഞാൻ ശ്വാസം വലിച്ചു വിട്ടു.  ഇടക്കെപ്പഴോ കറന്റ്‌ പോയി. ഇരുട്ടും തണുപ്പും മാത്രം. തലയടക്കം പുതപ്പിനുള്ളിൽ ആണ്. "static...static", ജോണിക്കുട്ടിയാണ്. "എന്നാ ..." ഞാൻ ചോദിച്ചു. 1000 watt ൽ കത്തുന്ന രണ്ടു കണ്ണുകൾ ജോണിക്കുട്ടിയുടെ വക. "എന്നതാ  സംഭവം", ഞാൻ വീണ്ടും ചോദിച്ചു. "static charges, അതാണ്‌ light streaks ആയി കാണുന്നത് . നമ്മൾ രണ്ടു കമ്പിളി പുതപ്പുകൾക്കിടയിൽ ആണ്. ഇടയിൽ കോട്ടൻ പുതപ്പും ". ഞാൻ ആദ്യം വിശ്വസിച്ചില്ല. തണുപ്പുകാലത്ത് ലാബിലെ ക്ലീൻ ബെഞ്ചിൽ നിന്ന് ചെറിയ ടക് ടക് ശബ്ദം കേൾപിക്കാറുണ്ട് static charges. എന്നു വച്ച് അങ്ങനെ കാണാൻ പറ്റുവൊന്നും ഇല്ല. എനിക്ക് തെളിവുവേണം, ഞാൻ സംശയിക്കുന്ന തോമായായി. ജോണിക്കുട്ടി  ഉഷാറായി. രണ്ടു കയ്യും കാലും വച്ച് പുതപ്പിൽ ഉരസി. ഞാൻ നേരത്തെ കണ്ട വെളിച്ചക്കീറുകൾ, അല്ല ഒരു മിന്നൽ വസന്തം തന്നെ. എഞ്ചിനീയറെ... ജോണിക്കുട്ടി... ഞാൻ impressed ആയി. ഞങ്ങളുടെ സന്തോഷത്തിന് കയ്യും കണക്കുമില്ലാരുന്നു. static charges ഇങ്ങനെ കണ്മുന്നിൽ വന്നു നൃത്തം ചെയ്യുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.


ആദ്യ ദിവസം വെറുതെ അങ്ങ് തീര്ന്നു പോയി. രണ്ടാം ദിവസം ലേ താഴ്‌വര ഒന്ന് കറങ്ങി. പിന്നെയായിരുന്നു ആഗ്രഹിച്ചിരുന്ന  യാത്ര, നൂബ്രാ താഴ്‌വര യിലേക്ക്. ചുരം കയറാൻ തുടങ്ങിയപോൾ മഞ്ഞു വീഴാനും തുടങ്ങി. തുറന്നിട്ട ജനലിൽ കൂടെ മഞ്ഞിൻ കുഞ്ഞുങ്ങൾ നൂഴ്ന്നു കയറി; കാറിനുള്ളിലും മഞ്ഞു പെയ്യാൻ തുടങ്ങി. കയറ്റം കട്ടിയുള്ളതായിരുന്നു, വഴിയിലൊക്കെയും മഞ്ഞു വീണു കിടക്കുന്നു. 10-15 km/h ൽ ആണ് വണ്ടി നീങ്ങുന്നത്‌. അർമിയുടെ  ട്രക്കും വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു വണ്ടികളും വളരെ കുറച്ചു യാത്രക്കാരും മാത്രം. ചുരത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത്‌ എത്തിയപ്പോൾ ഒരു ചായ കുടിക്കാൻ നിന്നു- 18000 അടിക്കും മുകളിൽ, Khardung La . ശക്തമായി മഞ്ഞു പെയുന്നു.  ആർമി ചെക്ക്‌ പോസ്റ്റിൽ വണ്ടി നിരത്തി. മൂന്നോ നാലോ വണ്ടികൾ  മാത്രം. തുറന്നിട്ട ജനലിൽ കൂടി പുറത്തേക്കു തല നീട്ടി, പറന്നു വരുന്ന മഞ്ഞിൻ  കുഞ്ഞുങ്ങൾ  കണ്ണിലും നെറ്റിയിലും തൊട്ടുരുകുംബോൾ ഞാൻ പൊട്ടിച്ചിരിച്ചു, എന്റെ കൌതുകം നോക്കി പട്ടാളക്കാരും കൂടെ ചിരിച്ചു . കണ്ണെത്താ ദൂരത്തിൽ കാണുന്ന മഞ്ഞിൻ തൊപ്പിയിട്ട മലനിരകൾ, വരച്ചു വച്ചതുപോലെ. ചുരത്തിനു കാവൽ നില്കുന്ന ഘടാഘടിയൻമാരായ മലകൾക്കിടയിൽ ഒരു കട്ടൻ ചായയും കുടിച്ചു നിൽക്കുമ്പോൾ ഇവറ്റകൾക്ക് കണ്ണുണ്ടെന്നു തോന്നിപോയി. ചെക്ക്‌ പോസ്റ്റിലെ എഴുത്തുകുത്തുകൾ കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടര്ന്നു, ചുരം ഇറങ്ങാൻ തുടങ്ങി. 16000 അടി എത്തിയപ്പോൾ ഒന്ന് നിരത്തി, നടൂ നിവര്ക്കാൻ. അടുത്തുള്ള  ചായക്കടയിൽ കയറി ചൂടായിട്ടൊരു ആലൂ പറട്ടായും കഴിചിരിക്കുമ്പോൾ രണ്ടു പട്ടാളക്കാരു സംസാരിക്കാൻ വന്നു. ഞാനും ജോണിക്കുട്ടിയും ഹിന്ദിയിൽ തീർത്തും  മോശം. തട്ടിയും മുട്ടിയും സംസാരിച്ചതിൽ നിന്ന് മനസിലായി അവർ സിയാച്ചിൻ glacier ൽ പോകാൻ തുടങ്ങുകയാണെന്ന്. -40 ഡിഗ്രിയൊടടുതാണ് താപനില എന്നു കേട്ടപാടെ ഞാൻ തണുത്തുറഞ്ഞു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോ അവർക്കും പെരുത്തു സന്തോഷം. തെക്കേ അറ്റത്തൂന്ന് ഇങ്ങു വടക്കേ അറ്റത്തെത്തിയല്ലോ. ഞാൻ ശ്വാസം നീട്ടിവലിച്ചു വിട്ടു. 


ഇറക്കം കൂടുതൽ എളുപ്പമായിരുന്നു. Xylo യിൽ ഡ്രൈവറെ കൂടാതെ ഞങ്ങൾ രണ്ടാത്മാക്കൾ മാത്രം. തീർത്തും ഉൾവലിഞ്ഞ് ജനാലക്ക്‌ പുറത്തേക്കോ മനസിനകത്തെക്കോ നോക്കിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്തപോലെ രണ്ടുപേർ. വഴിയിലൊന്നും ഒരു പൂച്ചകുഞ്ഞു പോലും ഇല്ല കുറുകെ ചാടാൻ. പശ്ചാത്തലത്തിൽ  "Om Mani Pad Me Hum ...Om Mani Pad Me Hum".  ആ സംഗീതത്തിൽ ആറു വർഷങ്ങളുടെ നിലവിളി പതുക്കെ അലിഞ്ഞു പോയി; 'doc' കാണ്ഡം അവസാനിച്ചിരിക്കുന്നു ഇനി 'postdoc' കാണ്ഡം. ഞാൻ ഹിമാലയത്തിന്റെ മടക്കുകളിൽ സ്വയം നഷ്ട്പ്പെട്ടിരുന്നു. ഇറക്കം കഴിഞ്ഞാൽ അടുത്ത കയറ്റമാണ്. അതും കഠിനം തന്നെ.  ചെങ്കുത്തായ പാറക്കെട്ടുകളും ദുഷ്കരമായ വഴിയും മാത്രമാണ് കണ്മുന്നിൽ. ഒരു വളവു തിരിഞ്ഞു വണ്ടി നിന്നു, മലയിടിച്ചിലിൽ വഴിയടക്കം പോയിരിക്കുന്നു . കയറ്റിറക്കങ്ങളുടെ  പുണ്യാളൻമാരെ, മലമടക്കുകളുടെ കാവൽക്കാരെ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ.  വിളിച്ചാൽ വിളിപ്പുറത്തുള്ളവർ വിളി കേട്ടു, BRO യുടെ വക റോഡു പണി നടക്കുന്നു; മലയിടിച്ചിലിൽ പോയ വഴി നന്നാക്കുകയാണ്. പോരാത്തതിനു വളവിലും തിരിവിലും എല്ലാം നല്ല രസികൻ ചൂണ്ടുപലകകളും. നല്ല പേര്, ഞാൻ ഓർത്തു. ഒരു ആത്മ ബന്ധം ഒക്കെ തോന്നുന്നു. ഏന്തിവലിഞ്ഞു ജോണിക്കുട്ടിയെ നോക്കി, പുള്ളി default mode ആയ infinity യിൽ ആണ്. ഞാൻ ചോദിച്ചു, " Border Research Organisation" നെ BRO എന്നു വിളിച്ചത് ഒരു നല്ല ഐഡിയ ആണല്ലേ". ജോണിക്കുട്ടി കടുപ്പത്തിൽ ഒന്നു തിരിഞ്ഞു നോക്കി, കുറച്ചു ഉച്ചത്തിൽ തന്നെ തിരുത്തി, "Research അല്ല Roads, Border Roads Organisation". പിന്നെ സ്വരം കുറച്ച് എന്തോ പിറുപിറുത്തു. പുണ്യാളാ പെട്ടു. ഞാൻ ഉദേശിച്ചത്‌ അതാ...പറഞ്ഞപ്പോ മാറിപ്പോയതാ... എന്നൊക്കെ പറഞ്ഞു ഊരാൻ നോക്കി. സത്യത്തിൽ മാറിപോയതാ. കയറൂരിവിട്ട മനസ് ക്രമമില്ലാതെ സമയബന്ധിതമല്ലാതെ എവിടെയൊക്കെയോ തെണ്ടിത്തിരിഞ്ഞു നടക്കുകയാണ്. പറഞ്ഞു പറഞ്ഞു ശീലിച്ചു പോയൊരു വാക്ക് അറിയാതെ വായീന്ന് ചാടിപോയി.  


ഒരു വളവിൽ Shyok നദി പ്രത്യക്ഷപെട്ടു, പിന്നീട് ഒപ്പം കൂടി, ഒടുവിൽ സിയാച്ചിനിൽ നിന്ന് തുടങ്ങുന്ന നൂബ്രാ നദിയോട് ചേർന്ന്, ഘനഗംഭീരൻ കാരക്കോരം മലനിരകളെയും ലടാക്കിനെയും നെടുകെ പിളർന്ന്  ഒഴുകി അകലുന്നത് കാണേണ്ട കാഴ്ചയാണ്. ഇടയിൽ മഴവില്ലു കണ്ട് വണ്ടി ഒതുക്കി. Shyok ന്റെ കുത്തുന്ന തണുപ്പും ഉരുളൻ കല്ലുകളുടെ മിനുസവും   അപ്പോഴും ഉപ്പൂറ്റിയിൽ ബാക്കിയുണ്ട്. തണുത്ത വെള്ളത്തിൽ പെട്ടു രക്ത പ്രസാദം പോയ കാലുകളെ വീണ്ടും ഷൂവിനുള്ളിൽ തള്ളികേറ്റി. ആദ്യം ഞാൻ ആണ് ഇറങ്ങിയത്‌, ജോണിക്കുട്ടി slow motion നിൽ മൂരിനിവർന്നു.  പെട്ടന്നാണ് കണ്ടത്, ഡബിൾ ആണ്. ഞാൻ തുള്ളിച്ചാടി. Secondary rainbow; അർദ്ധ വൃത്തത്തിൽ ഏഴു നിറങ്ങളിൽ കൃത്യമായി നിർവചിക്കപെട്ട Primary ക്ക് മുകളിൽ വിരിഞ്ഞു മങ്ങിയങ്ങനെ നിൽക്കുന്നു.  തലച്ചോറിന്റെ അടിത്തട്ടിൽ നിന്നെങ്ങാണ്ട്, മലവെള്ള പാച്ചിൽ പോലെ, ലക്കും ലഗാനുമില്ലാതെ, കുത്തിയൊലിച്ചു വരുന്നൊരു സന്തോഷം ഇത്ര തീവ്രതയോടെ ഞാൻ അനുഭവിച്ച അവസരങ്ങൾ വളരെ കുറവാണ്.  ഇതിനു മുന്പും ചേട്ടൻ-അനിയൻ മഴവില്ലുകളെ ഒന്നിച്ചു കണ്ടിട്ടുണ്ട്, ബാംഗ്ലൂർന്റെ കോൺക്രീറ്റ് കാടിന് പശ്ചാത്തലമായിട്ട്. ഇവിടെ പക്ഷെ പ്രകൃതി മാത്രം. തെളിനീരൊഴുക്കിൽ നൂബ്രാ നദിയുടെ മറുകരയിൽ, മലയിടുക്കിൽ തുടങ്ങി മലയിടുക്കിൽ അവസാനിക്കുന്ന ചേട്ടാനിയന്മാർ.  അതിരിടാൻ നീലയാകാശം മാത്രം. പ്രകൃതി അതിന്റെ നിറങ്ങളെയെല്ലാം നിർലോഭം വാരിപ്പൂശിയൊരു ക്യാൻവാസ്. അവിടെ ഞാനുമില്ല നീയുമില്ല, ഭൂമിയും ആകാശവും പരിശുദ്ധയായ നദിയും മാത്രം. തലച്ചോറിൽ നിന്നുൽഭവിച മലവെള്ളപ്പാച്ചിൽ കൺതടത്തിൽ  ചാലുകീറി. മഴവില്ലു മാഞ്ഞു തുടങ്ങിയപ്പോഴാണ് ഞങ്ങൾ യാത്ര വീണ്ടും തുടങ്ങിയത്. 


High altitude cold desert എന്ന് ചെല്ലപ്പേരുള്ള നൂബ്രയിലെ sand dunes, അവിടുത്തെ ഇരട്ടക്കൂനുള്ള Marpo എന്നു പേരുള്ള  Bactrian camel of Hunders, Diskit മഠം, അവിടുത്തെ നനുത്ത കരിങ്കൽ പാകിയ നിലം, മൈത്രേയ ബുദ്ധന്റെ സന്നിധാനം, പിന്നെ പ്രകൃതിയും. കൂട്ടിപ്പിണഞ്ഞു കടുംകെട്ടു വീണു കിടക്കുന്ന കെട്ടുകൾ ഓരോന്നായി അയഞ്ഞു,  മനസിന്റെ  ശബ്ദം   മാത്രം കേൾക്കാവുന്ന നിശബ്ദതയിൽ സമയത്തിന്റെ മാപിനികൾ തലകീഴെ മറിഞ്ഞു. അല്പം കഴിഞ്ഞ് നിശബ്ദതക്കു കളങ്കം വരുത്തി, ഭാരത സംസ്കാരത്തിന്റെ വീമ്പു പറച്ചിൽ കേട്ടു. അഞ്ചാറു പേരുള്ള ഒരു കൂട്ടം. Silence എന്നെഴുതിയ പലകയിൽ ചാരിയിരുന്ന്, സാമാന്യ മര്യാദയില്ലാതെ ഉറക്കെ സംസാരിക്കുന്നു. പിന്നെ ഇരിക്കാൻ തോന്നിയില്ല. മൈത്രേയാ ഞാൻ പോണു എന്ന് മാത്രം പറഞ്ഞെഴുനേറ്റു, അരനിമിഷത്തിന്റെ ആത്മ സൗഹൃദം. 

വിതാനിച്ചു കിടക്കുന്ന മണൽ പരപ്പ്, ശരിക്കും മരുഭൂമി. ചുറ്റും ചെങ്കുത്തായ പാറക്കെട്ടുകൾ. ഭാവനയിൽ പോലും കണ്ടിട്ടില്ലാത്ത ഒരിടം. Marpo എന്ന് പേരുള്ള ഒട്ടകത്തിന്റെ മുതുകിൽ രണ്ടു കൂനുകളുടെ ഇടയിൽ ഞാനിരുന്നു. മണൽകാട് ചുറ്റിക്കണ്ടു. ചുണ്ടിൽ എപ്പോഴും ഒരു ചിരിയുള്ള Marpo, എനിക്കവനെ ഇഷ്ടപ്പെട്ടു. തണുപ്പ് അധികരിച്ചതുകൊണ്ട് നൂബ്രയിലെ ക്യാമ്പിംഗ് ഒക്കെ അടച്ചു. ഹോട്ടൽ റൂമിലാണ് രാത്രി താമസം.  വൈകുന്നേരമായതോടെ വീശിയടിക്കുന്നകാറ്റിന്റെ തണുപ്പും ഇരമ്പവും മാത്രം. കുടിക്കാൻ എടുത്തു വച്ച ചൂടുവെള്ളമാണ് എന്റെ ഏറ്റവും വലിയ ആർഭാടം. മഞ്ഞുകാലത്ത് ഒറ്റപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് നുബ്ര. ഒരു പ്രൈമറി ഹെൽത് സെൻററും, പ്രൈമറി സ്കൂളും ഏതാനും മെഡിക്കൽ സ്റ്റോറുകളും മഞ്ഞുകാലത്തേക്കു വസ്തുവഹകൾ സംഭരിക്കാനുള്ള ആർമിയുടെ ഗോഡൗണും മാത്രമുള്ള ഉള്ള ഒരു ചെറിയ സ്ഥലം.  മലയും പഞ്ചാര മണലും കാശ്മീരി വില്ലോ മരവും നിറഞ്ഞ തീർത്തും ചെറിയ ഒരു ഗ്രാമം.   താമസത്തിനു ശേഷം തിരിച്ചുള്ള യാത്ര തുടങ്ങാറായി. ഊണിനുള്ളതു പൊതിഞ്ഞെടുത്തു. രാവിലെ പലഹാരത്തിന്റെ ഒപ്പം ഒരു ആപ്പിൾ ഉണ്ടായിരുന്നു. garden ൽ ആപ്പിൾ കായിച്ചു കിടക്കുന്നത് തലേന്ന് കണ്ടതാണ്, അത് വിളഞ്ഞിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് ഞാൻ ആപ്പിൾ എടുത്തു കടിച്ചു, "ങേ ... ഇതാണോ ആപ്പിൾ ന്റെ ടേസ്റ്റ് ". ഒരു പരിചയവും ഇല്ലാത്ത രുചി, പുളിയും മധുരവും കൂടിയ നനവുള്ള രുചി. അപ്പൊ ഇത്രയും നാൾ കഴിച്ച ആപ്പിൾ എന്തായിരുന്നു. ജോണിക്കുട്ടി പാളയംകോടൻ പഴത്തിന്റെയും റോബസ്റ  പഴത്തിന്റെയും comparison പറഞ്ഞു.

പിന്നെ  ആൾച്ചി: Indus നദിയുടെ തീരത്ത് ഉറങ്ങിക്കിടക്കുന്ന ഒരു ചെറിയ ഗ്രാമം. ഇടയിൽ ഇൻഡസ്-സൻസ്കാർ പുഴകളുടെ സംഗമം, രണ്ടു ജീവന്റെ, രണ്ടു നിറങ്ങളുടെ,  രണ്ടു മനസുകളുടെ സംഗമം. വീണ്ടും അനാദിയിലെ പരിശുദ്ധമായ ജലം, അതിന്റെ ദൈവികമായ തണുപ്പ്, ഉരുളൻ കല്ലുകളുടെ മിനുമിനുപ്പ്, മലകളുടെ മടിയിൽ ഏകാന്തതയിൽ താഴ്വര, അവിടെ മനുഷ്യ ജീവികൾ ഞങ്ങൾ രണ്ടാൾ മാത്രം.മനുഷ്യൻ തൊട്ടശുദ്ധമാക്കാത്ത നദിയുടെ നിറം ആദ്യമായിക്കണ്ടത് ഹിമാലയത്തിന്റെ താഴവാരത്താണ്. ലേയിൽ കുപ്പിവെള്ളം ഉപയോഗിച്ചില്ല. ഹോട്ടലിൽ നിന്ന് കയ്യിൽ കരുതിയ ഫിൽറ്റർ ഉള്ള കുപ്പിയിൽ പിടിക്കും. യാത്രയിൽ തീർന്നാൽ അടുത്ത ഒഴുക്കുള്ള അരുവിയിൽ നിന്ന്  കുപ്പിയിലാക്കി എടുക്കും. മനുഷ്യവാസം ഇല്ലാത്ത സ്ഥലത്തുനിന്നും ഒഴുകി വരുന്നതായത് കൊണ്ട്  പേടിക്കേണ്ട എന്ന് ജോണിക്കുട്ടി certify ചെയ്തിട്ടുണ്ട്. തിരികെ വരുമ്പോൾ വീണ്ടും Khardung La യിൽ ഇറങ്ങി, കുറച്ചു വിസ്തരിച്ചു തന്നെ. ആകാശത്തെ തൊട്ടുനിന്നു. ജോണിക്കുട്ടി photo sphere എടുക്കുന്ന തിരക്കിലാണ്. അതിന്റെ ഇടയിൽ  എവിടേലും പ്രേതാവേശം പോലെ ഞാൻ ഉണ്ടെങ്കിൽ ആയി, അത്ര തന്നെ. എന്തായാലും സെൽഫീ എടുത്തില്ല. ഇത്ര മനോഹരമായ സ്ഥലത്ത് സെൽഫീ എടുക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് പോലും ഒരു അശ്ലീലമായി തോന്നി. ആർമിയുടെ പോസ്റ്റും BRO യുടെ സൈൻ ബോർഡും, ആർമി ഉണ്ടാക്കിയ പാലങ്ങളും പിന്നിട്ട് ടൌണിൽ എത്തി. രാത്രി ഭക്ഷണത്തിന് സൂപ്പും മോമോയും. നല്ലവണ്ണം തണുത്ത് ഇരുട്ടിയപ്പോ വീണ്ടും ഞങ്ങൾ static charge ഉണ്ടാക്കാൻ തുടങ്ങി.  

അടുത്ത ലക്‌ഷ്യം Pangong Tso. ലേ മനസിൽ കയറിയ കാലം മുതൽ എന്റെ focus   Pangong Tso ആണ്. ഗൂഗിള് മാപ്‌സിൽ ഒരു പത്താവർത്തി ഞാൻ നോക്കിയിട്ടുണ്ട് അങ്ങോട്ടേക്കുള്ള വഴി. രാവിലെ തന്നേ ഒരുങ്ങിയിറങ്ങി. കണ്ണടച്ചാൽ നീല മാത്രം. വീണ്ടും "Om Mani Pad Me Hum ...Om Mani Pad Me Hum",  ചെങ്കുത്തായ മലകൾ, ചുരം, മണ്ണിടിച്ചിൽ, തണുപ്പ്, ഏകാന്തത, മഞ്ഞുമല, കടുംചായ.  രണ്ടുമൂന്നു മണിക്കൂർ വഴി കഴിഞ്ഞുകാണും. മലയിടിഞ്ഞതാണ്, ഭീമൻ പാറകൾ രണ്ടെണ്ണം നടുറോഡിൽ. ആർമി പോസ്റ്റിൽ നിന്നു വണ്ടി എത്തിയിട്ടുണ്ട്, തുമ്പികൈയുള്ള രണ്ടെണ്ണം; BEML ന്റെ വക എര്ത് മൂവേഴ്‌സ്. ബാംഗ്ലൂരിൽ വീട്ടിലേക്കുള്ള വഴിത്തിരിയുന്നതു BEML ഗേറ്റിന്റെ മുന്നിൽ നിന്നാണ്. എന്നാലും അന്നാദ്യമായാണ് BEML ഒരു സംഭവമാണ് എന്നൊക്കെ തോന്നിയത്. തുമ്പികൈ വച്ചു പിടിച്ചും ഇടിച്ചും അടിച്ചും ഉരുട്ടിയും ഇരട്ടിയുടെ ഇരട്ടി വലിപ്പമുള്ള പാറ ഒതുക്കി, ഒരു  മണിക്കൂറിൽ വഴി ക്ലീൻ. ഞങ്ങൾ യാത്ര തുടർന്നു. ചങ് ലാ പാസിൽ എത്തി. കൊടുങ്കാറ്റിനെ ചങ്ങലക്കിട്ടിരിക്കുന്ന വൻമലകൾക്കിടയിൽ കൂട്ടി ഒരു ചുരം, പതിനേഴായിരത്തി ചില്ല്വാനം അടി ഉയരത്തിൽ ഒരു വഴി. മലമടക്കുകളിൽ അടിച്ചു തല്ലിക്കരയുന്ന ഏതു സമയത്തും ചങ്ങല പൊട്ടിച്ചു വരാൻ വെമ്പുന്ന തടവിലാക്കപ്പെട്ട കൊടുങ്കാറ്റിന്റെ നിലവിളി, കുത്തുന്ന തണുപ്പ്, ഉച്ചിയിൽ നിറഞ്ഞു കത്തുന്ന വെയിലിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞ് വീണ വഴി, ആർമി സ്ഥാപിച്ച സ്മാരകം, ക്യാമറ പിടിച്ചു നടക്കുന്ന കുറച്ചു മനുഷ്യ ജീവികൾ, മൂന്നാലു വണ്ടികൾ പിന്നെ കണ്ണു മഞ്ഞളിച്ചു നിൽക്കുന്ന ഞാനും. ചുരം ഇറങ്ങാൻ തുടങ്ങുമ്പോൾ കാഴ്ചകൾ കൊണ്ടെന്റെ കണ്ണു നിറഞ്ഞു. 

വഴിയിൽ പലയിടത്തും പ്ലാസ്റ്റിക് വലിച്ചെറിയരുത് എന്നും  പരിസ്ഥിതി സംരക്ഷിക്കണം എന്നുമുള്ള BRO യുടെ ഓർമ്മപ്പെടുത്തലുകൾ. ഇടയിൽ ഹിമാലയൻ യാക് വഴിമുടക്കി നില്കുന്നു. പിന്നെ എപ്പോഴോ നീർച്ചാലുകൾ കാണാൻ തുടങ്ങി, അതിൽ ഓടിപ്പാഞ്ഞു നടക്കുന്ന കാട്ടു കുതിരകളും. വണ്ടി വരുന്നത് കാണുമ്പോൾ mermot എന്ന ചെറുജീവി ഓടി വരും. യാത്രക്കാർ എറിഞ്ഞു കൊടുക്കാറുള്ള ബിസ്കറ്റും ചിപ്സും കിട്ടുമെന്ന് കരുതിയാവണം. അങ്ങനെ ചെയ്യരുത് എന്നു കൃത്യമായി എഴുതി വച്ചിട്ടുണ്ടെങ്കിലും ചിലരെങ്കിലും അവയെ തീറ്റുന്നുണ്ട് .  ചെറിയ തടാകങ്ങൾ കാണാൻ തുടങ്ങി, Pangong Tso അടുത്തെത്താറായി എന്ന് മനസിലായി. ഒരു വളവിൽ നിനച്ചിരിക്കാതെ തടാകത്തിന്റെ ആദ്യ ദർശനം. ഞാൻ ശ്വാസമടക്കിയിരുന്നു. മലമടക്കുകൾ നിവർന്നപ്പോൾ മുന്നിൽ കടും നീലത്തടാകം. ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു എന്ന് തന്നെയാണ് എന്റെ ഓര്മ. ഒരുപാട് ഫോട്ടോസ് കണ്ടിട്ടുണ്ട് Pangong Tso യുടെ. പക്ഷെ ഇല്ല ഇത്രത്തോളം വരില്ല, ഈ കാഴച്ചയോളം വരില്ല. വഴിയുടെ അറ്റം വരെ പോയി. അവിടം മുതൽ ആർമി യുടെ നിയന്ത്രണത്തിൽ ആണ്. അവിടുന്ന് വീണ്ടും പോയാൽ ചൈന അതിർത്തി. നീലാകാശത്തിനു താഴെ നിശ്ചലമായി ഒരു നീല തടാകം, കടൽ പോലെ പരന്ന് കണ്ണെത്താ ദൂരത്തിൽ ശാന്തയായി ഉറങ്ങുന്നു. 5 km  വരെ വീതിയിലും 138 km നീളത്തിലും ഇന്ത്യയിൽ തുടങ്ങി ചൈനയിൽ അവസാനിക്കുന്ന ഭീമൻ തടാകം. വന്പൻ മലകൾ 14000 അടി ഉയരത്തിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന Pangong Tso.  മഞ്ഞു കാലത്തു ഉറഞ്ഞു പോകുന്ന, കടുത്ത ഉപ്പുരസമുള്ള അതിസുന്ദരി. ഞാൻ സ്വപ്നത്തിലോ സങ്കല്പത്തിലോ പോലും കണ്ടിട്ടില്ല എങ്ങനെയൊരു ഭൂപ്രദേശം. കണ്ണാടിപോലെ തെളിഞ്ഞ വെള്ളം, അടിത്തട്ടിൽ ഉരുളൻ കല്ലുകൾ, എന്തൊരു പ്രലോഭനമാണ്. തണുത്തു വിറക്കുന്നുണ്ട്, പക്ഷെ ഇറങ്ങാതിരിക്കാനാവില്ല. നേരത്തെ അനുഭവം  ഉള്ളതുകൊണ്ട് ഞാൻ കരുതിക്കൂട്ടിയാണ്. കണ്ണാടിവെള്ളത്തിൽ കാൽ വച്ചു. ഒരുകാലെ വച്ചുള്ളു. നിന്നനില്പിൽ നിലവിളിച്ചു, പിന്നെ ചിരിച്ചു, കാൽ വയ്ക്കാനും എടുക്കാനും വയ്യാതെ കുറച്ചു നേരം.

വളരെ കുറച്ചു പേരെ ഉള്ളു ഏകദേശം 50 ൽ താഴെ. തണുപ്പ് തുടങ്ങിയിരുന്നതുകൊണ്ടു ടെന്റുകൾ വളരെകുറവു. ഒരാഴച കൂടെ കഴിഞ്ഞാൽ നാടോടികൾ ആയ നടത്തിപ്പുകാരും ഇതെല്ലം പൂട്ടിക്കെട്ടി മലയിറങ്ങും. പിന്നെ മാർച്ചിൽ മഞ്ഞുരുകി കഴിഞ്ഞു വീണ്ടും വരും. തടാകം തുടങ്ങുന്നിടത്തു ആർമിയുടെ പോസ്റ്റ് ഉണ്ട്, നെടുനീളൻ ഇന്ത്യൻ പതാകയും. അസ്തമയം അടുത്തപ്പോൾ പതാക താഴ്ത്തി , ആർമി യുടെ പരേഡ്. പിന്നെ  Pangong Tso യിൽ പട്രോളിംഗ്. സൂര്യൻ പോയപുറകേ നദിയുടെ നീലനിറവും പോയി, കണ്ണാടി തിളക്കം മാത്രം അവശേഷിച്ചു.  പകൽ കാഴ്ച്ചയോളം തന്നെ ഭ്രമിപ്പിക്കും  രാത്രി കാഴ്ചയും. അതൊരു കറുത്തവാവ് കൂടിയായിരുന്നു. ഡീസൽ ജനറേറ്റർ വച്ച് കത്തിക്കുന്ന വിളക്കുകൾ പത്തു മണിയോടെ അണക്കും. തണുപ്പിനെ അതിജീവിക്കാനായാൽ തലക്കുമുകളിൽ ഒരു മായാലോകം തുറന്നു വരും. തണുത്തു ചുരുണ്ടു കൂടിയിരിക്കുന്ന എന്നെ നോക്കി  ജോണിക്കുട്ടി മുകളിലേക്കു കൈചൂണ്ടി പറഞ്ഞു, milkyway യുടെ ഒരു arc ആണ്. അറിയാമെന്നു ഞാൻ തലയാട്ടി. ഒരായിരം വട്ടം കൊതിച്ചതാണ് വിളക്കുകളെല്ലാം അണയുന്ന ഒരു കറുത്ത വാവ്. കോടിക്കണക്കിനു നക്ഷത്രങ്ങൾ, ചെറുതും വലുതും,  ഇരുൾമറ നീക്കി പുറത്തു വരുന്ന കറുത്തവാവ്. മൈനസ് ഡിഗ്രിയിൽ തണുത്തു വിറച്ചു ഞാൻ പിന്നെ മുറിയിൽ  കയറി. ഈ രാത്രിയോർമ മാത്രം മതി വരാനിരിക്കുന്ന കറുത്തവാവുകളിൽ ധൈര്യപ്പെടാൻ.

sub-zero  യിലും റൂം ഹീറ്റിംഗ് ഇല്ല. ജനറേറ്റർ ഓഫായായാൽ പിന്നെ വൈദ്യുതിയേ ഇല്ല. കംബിളി പുതപ്പിനടിയിൽ വയ്ക്കാൻ രണ്ടു ഹോട് വാട്ടർ ബാഗ് തരും. ആകാവുന്നിടത്തോളം ചുരുണ്ടു കൂടിക്കിടന്നു. സൂര്യോദയം കാണാൻ  ജോണിക്കുട്ടി പോയി. ഞാൻ പോയില്ല. പുറത്തിറങ്ങിയാൽ തണുത്തു ഐസ് ആയി പോകുന്നപോലത്തെ തണുപ്പ്.  നക്ഷത്ര കുപ്പായം അഴിച്ചുവച്ചു നീലക്കുപ്പായം എടുത്തിട്ടൂ വീണ്ടും  തടാകം. രാവിലെ നടത്തം കഴിഞ്ഞെത്തി, ചൂട് ചായയുംകഴിച്ചിരിക്കുമ്പോൾ മനസും നദിയും ഒരുപോലെ. ഇനിയും തിരികെപോക്കാണ്. കണ്ണും മനസും കാഴ്ചകൾ കൊണ്ടു  നിറഞ്ഞു. ഘനീഭവിച്ചു കിടന്നതൊക്കെ  തലേന്ന് പെയ്ത മഞ്ഞിനിപ്പം മഞ്ഞവെയിലിൽ ഉരുകി പോകുന്നു.

രണ്ടു വർഷങ്ങൾക്കിപ്പുറം, ഇപ്പോഴും, കണ്ണൊന്ന് ഇറുക്കിയടച്ചാൽ എനിക്കുകാണാം, ആ കാഴ്ചകൾ . അത്ര ആഴത്തിൽ പതിഞ്ഞുപോയതാണ് ലഡാക്കിന്റെ ഭൂമിയും ആകാശവും ജലവും എന്റെയുള്ളിൽ.  ഇനിയും ഇനിയു വരാൻ എന്നും ലഡാക് അങ്ങനെതന്നെ ഉണ്ടാവണേ എന്ന് മാത്രം ആഗ്രഹിച്ചു.  പോയിവരാമെന്നു പറഞ്ഞു ഞങ്ങൾ ഇറങ്ങി. കാതിൽ  "Om Mani Pad Me Hum ", കണ്ണിൽ ഹിമവാൻ, മനസ്സ് സ്വച്ഛയായ തടാകം. 

Note:2014 ലെ മഞ്ഞുകാലത്തിനു മുന്നായിരുന്നു യാത്ര.  





 

No comments:

Post a Comment