Sunday, February 23, 2014

മധുര സുന്ദര...

        മധുരസുന്ദര സുരഭിലമായ നിലാവെളിച്ചമാകുന്നു പ്രേമം എന്ന് പറഞ്ഞത് ഞാനല്ല, ബഷീറാണ്. പ്രേമത്തെ ഇതിലും നന്നായി നിർവചിക്കാൻ എന്റെ ഭാഷ പോരാ. ഇപ്പൊൾ  പ്രേമത്തെ കുറിച്ചെഴുതാൻ എന്താണെന്നു ചോദിച്ചാൽ ഇതു പ്രണയ കാലമാണ്. ആർക്ക്‌ എന്ന് ചോദിച്ചാൽ പ്രേമിക്കുന്ന ആർക്കും എന്നുത്തരം. ഇപ്പോൾ ഞാൻ കാണുന്നതൊക്കെ ദ്വയം. പെട്ടന്ന് ഈ കാമുകീകാമുകൻമാരൊക്കെ ഭൂമിയിൽ  നിന്നു പൊട്ടി മുളച്ചു വന്നതുപോലെ. അതും പലതരത്തിൽ- പ്രേമം അസ്ഥിക്കു പിടിച്ചവർ, കടുത്ത പ്രേമപ്പനി പിടിച്ചവർ, കണ്ണു തുറന്നീപ്പൂക്കളെയൊക്കെ കണ്ടുപോയാൽ അറിയാതെങ്ങാനും പ്രേമിച്ചു പോകുമോ എന്ന് പേടിച്ചു കണ്ണടച്ച് പിടിച്ചിരിക്കുന്നവർ അങ്ങനെ പലതരത്തിൽ. ഇവരെല്ലാവരും കൂടെ എന്നെ പഴങ്കഥ പറയിപ്പിച്ചേ അടങ്ങൂ. മഞ്ഞുകാലത്തിനൊടുക്കമൊരു പൂക്കാലമുണ്ടെന്നു സെലീനയോട് ജോണിക്കുട്ടി പറയുമ്പോൾ ഇവിടെ പൂക്കൾ  വിരിഞ്ഞു തുടങ്ങിയിട്ടില്ല. തണുത്തു വിറങ്ങലിച്ച ഒരു രാത്രിയുടെ ഒടുക്കത്തിൽ ആരോടും ചോദിക്കാതെ കയറിവന്ന കുളിരുള്ള ഒരു വെലുപ്പങ്കാലത്താണ് സെലീനയെ കാണാൻ ജോണിക്കുട്ടി പുറപ്പെടുന്നത്. പച്ച പൈങ്കിളി പ്രേമത്തിലേക്ക് പിന്നെ അധികം ദൂരമുണ്ടായിരുന്നില്ല.
     ഈ പൈങ്കിളി കാലമാണ് ഏറ്റവും സുന്ദരം. അതിന്റെ ഒരു കാരണം പൈങ്കിളി വന്നു സാമാന്യ ബോധത്തിന്റെയും സമയത്തിന്റെയും സകല തുലാത്തട്ടുകളെയും കീഴ്മേൽമറിക്കുമെന്നതു തന്നെ. ഇന്നലെവരെ, അസ്ഥികൂടം മാത്രമായി "എന്തോന്നെടെ ഇത്" എന്ന ഹസ്തമുദ്രയുമായി ആകാശത്തോട് കെറുവിച്ചു നിന്ന വന്മരങ്ങളൊക്കെ ഇന്നിപ്പോൾ ഇളം ചുവപ്പു തളിർ പൊട്ടിച്ച് വാനവിതാനത്തെയാകെ
കൈനീട്ടി വിളിക്കുന്നു. തലയ്ക്കുമുകളിൽ ഇലക്കുടയ്ക്കപ്പുറം ആകാശത്തിനിത്ര നീല നിറമോ എന്നുഞാനൽഭുതപെട്ടു. എനിക്കു ഭാരമില്ലെന്നും എന്നെ ആര്ക്കും കാണാൻ പറ്റില്ലെന്നും വിചാരിച്ച് മേലോട്ടും നോക്കി നടക്കുമ്പോൾ ഒരു പട്ടി എന്റെ നേരെ കുരച്ചുചാടി.  വീണ്ടുവിചാരമുണ്ടായത്‌ അന്നേരമാണ്. നടന്നു നടന്ന് ലാബ്‌ എത്തിയിരുന്നു. പൈങ്കിളിയെ പിടിച്ചു കൂട്ടിലിട്ടിട്ട് എന്നിലെ കണിശക്കാരി ഉണര്ന്നു. കുറച്ചധികം പണി തീർക്കാനുണ്ട്. experimental setup എല്ലാം റെഡിയാക്കിയപ്പോഴാണ് ശ്രദ്ധിച്ചത് അത്യാവശ്യം വേണ്ടിയിരുന്ന Argon ഗ്യാസ് തീർന്നിരുന്നിക്കുന്നു. അത്യാവശ്യമായി cylinder refill ചെയ്യണമെന്നു ഗ്യാസ് ഏജൻസിക്കാരനെ വിളിച്ചു പറഞ്ഞു. പിന്നെ 'ഗേറ്റ് പാസ്' സംഘടിപ്പിക്കണം. project assistantന്റിനോടു സഹായം അഭ്യർഥിച്ചു. കുറച്ചു മെനക്കേടാണ്. അതായത് ഇൻസ്റ്റിറ്റ്യൂട്ട്  ഗേറ്റ് കടത്തി അകത്തുനിന്ന്  എന്തെങ്കിലും വെളിയിൽ കൊണ്ടുപോകണമെങ്കിൽ ഗേറ്റ് പാസ് നിർബന്ധമാണ്.  എല്ലാം പറഞ്ഞു ജൂനിയർ നെ ചട്ടം കെട്ടി.  അത്യാവശ്യം തീർക്കാനുള്ള കുറച്ച് എഴുത്തു കുത്തുകൾ നടത്തികൊണ്ടിരിക്കുമ്പോൾ ഫോണിൽ പൈങ്കിളി ചിലച്ചു. "ജോണിക്കുട്ടി കോളിംഗ്...". ഞാൻ ചാടിക്കേറി ഫോണെടുത്തു. ഓഫീസ് ടൈമിൽ പതിവുള്ളതല്ല. "എന്നാ ഈ നേരത്ത്..?".  ഞാൻ ലാബിൽ നിന്ന് വെളിയിൽ  ഇറങ്ങി. ഒരു ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ വിളിച്ചതാണ് പോലും. ഞാനിപ്പോൾ മൂന്നാറിലെ തേയില തോട്ടങ്ങൾക്ക് നടുവിൽ നിന്ന് താഴവാരത്തെ നോക്കുകയാണ്. കുളിരുള്ള കാറ്റ്, തേയിലയിലകളുടെ മണം, youtube  ലെ ജോണ്‍ ഡെൻവർ ഗിറ്റാർ  പിടിച്ചു കയ്യാലയിൽ ഇരുന്നു പാട്ടുപാടുന്നു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ പാട്ടു തീർന്നു. സംസാരം അവസാനിപ്പിച്ച് ചുണ്ടിൽ  ഒരു മൂളിപ്പാട്ടുമായി ഞാൻ ലാബിലേയ്ക്ക് കയറി. പെട്ടന്ന് മുന്നില് നിൽക്കുന്നു project assistant. കയ്യോടെ പിടിച്ചെടീ കള്ളീ എന്ന മട്ടിൽ ഒരു നോട്ടവും. ഞാൻ ചെറുതായി ഒന്നു  ചമ്മി. ഗൌരവത്തിൽ ചോദിച്ചു "എന്താ?". അവന്റെ മറുചോദ്യം "എന്താ ആളുടെ പേര്?". എന്റെ ചുണ്ടിലൊരു പുഞ്ചിരി, തല ഉയർത്തി അഭിമാനത്തിൽ പറഞ്ഞു "മിസ്റ്റർ ജോണിക്കുട്ടി". ചെക്കന്റെ കണ്ണിലൊരു ശൂന്യത, ഒന്നും മനസിലാകാത്ത ഒരു ഭാവം, പിന്നെ കള്ളം കയ്യോടെ പിടിച്ച മട്ടിലൊരു ചെറിയ ചിരി. "എന്താ" ഞാൻ ചോദിച്ചു. "അല്ല ഗ്യാസ് ഏജൻസി കാരന്റെ പേര് ... ഗേറ്റ് പാസ്സിൽ കൊടുക്കാൻ..." മനസിലെ പൈങ്കിളി ശ്വാസം മുട്ടി ചത്തു. അകത്ത് മുറിയിൽ ആരുടെയോ കൈയിൽ നിന്ന് glass tumbler താഴെവീണുടയുന്ന ശബ്ദം. മുഖത്തു നോക്കാതെ പറഞ്ഞു "വിനായക ഗ്യാസ് ഏജൻസി". പിന്നെ നിശബ്ദത ....
   ഗേറ്റ് പാസ്സിന്റെ പേരില് ഞാൻ നാണം കെടുന്നത്‌ ഇത് ആദ്യമായല്ല. ഒരിക്കൽ ഒരു തത്ത കുഞ്ഞിനെ കിട്ടി. Department ന്റെ തൊട്ടടുത്ത മരപൊത്തിൽ ഉണ്ടായിരുന്ന ഒരു തത്തക്കുടുംബത്തിലെതാണ്. ചില്ല ഓടിഞ്ഞപ്പോൾ ഇതൊരെണ്ണം ഒഴികെ ബാക്കി എല്ലാം പറന്നു പോയി. താഴെ വീണ തത്തക്കുഞ്ഞിനെ ജോലിക്കാർ എടുത്തു വച്ചു. അതു വഴി നടക്കുമ്പോൾ സ്ഥിരമായി കാണാറുള്ളതാണ് ചില്ലയൊടിഞ്ഞതു കണ്ടു ഞാൻ ഒന്ന് തപ്പി നോക്കി എല്ലാം പറന്നു പോയോന്ന്. അപ്പഴാണ് ജോലിക്കാർ ഒരു തെർമോകോൾ പെട്ടിയിൽ ഇട്ടു ഇതിനെ തന്നത്. ചെറിയ മുറിവുണ്ട് സാരമുള്ളതല്ല. മൃഗാശുപത്രിയിൽ  കൊണ്ടുപോയെക്കാമെന്നു വച്ചു. 5km  മാറി ഒരെണ്ണമുണ്ട്. തെർമോകോൾ പെട്ടിയിൽ തന്നെ ഇട്ടു ഞാൻ ഗേറ്റ് ലോട്ട് നടന്നു. "യേ ക്യാ ഹേ? ". സെക്യൂരിറ്റി ആണ് . ഞാൻ നിന്ന് പരുങ്ങി. പിന്നെ മുക്കി മൂളി പറഞ്ഞു "ഇത് ഏക്‌ പാരറ്റ് ഹേ".  അങ്ങേരു കണ്ണ് മിഴിക്കുന്നു. "ക്യാ ? ഗേറ്റ് പാസ്‌  ദിഖാവോ " .. ഞാൻ വിസ്തരിച്ചു. "ഇതിനെ veterinary ഹോസ്പിറ്റൽ സേ.... ഡോക്ടർ മിൽനാ ... ദൈവമേ... ഹേ ". ഒന്നും മനസിലാകാതെ അങ്ങേരു അടുത്തേക്ക് വന്നു. ഞാൻ പെട്ടി തുറന്ന് തത്തക്കുഞ്ഞിനെ കാണിച്ചു. പിന്നെ സംഭവിച്ചതൊക്കെ മലയാളവും ഇംഗ്ലീഷും ഹിന്ദിയും പൊടിക്ക് കുറച്ചു കന്നഡയും ചേർത്ത് പറഞ്ഞു. അങ്ങേരു ദയനീയമായി ചിരിച്ചു. എന്റെ ഹിന്ദി കേട്ടിട്ടോ തത്തക്കുഞ്ഞിനെ കണ്ടിട്ടോ...
   അങ്ങനെ ഞാൻ ഗേറ്റ് പാസ്സിനോട് തത്വത്തിൽ എതിരായി. മധുരമോഹന സുന്ദര സുരഭില കാലത്ത് ഞങ്ങൾ കല്യാണം കഴിച്ചു. കാലം കുറച്ചങ്ങു പോയി. രാവിലെ അപ്പം ചുട്ടു പാത്രത്തില വക്കുമ്പോൾ ചൂടാറുന്നതിനു മുന്നേ സ്റ്റൂ ചേർത്ത് തട്ടുവാണ് കെട്ടിയോൻ. അടുക്കള ജനലിൽ ഒരു പ്രാവ് വന്നിരുന്നു ചിറകടിച്ചു. "നിനക്കു വേണ്ടേ", കെട്ടിയോൻ ചോദിച്ചു.
സെലീന : കൊള്ളാവോ,ഇഷ്ട്ടപ്പെട്ടൊ.
ജോണിക്കുട്ടി : ഹ്മ്മ്  കൊള്ളം നന്നായിട്ടുണ്ട്"
സെലീന : - ചെറിയ ഒരു പുഞ്ചിരി.
ജോണിക്കുട്ടി : എഡിയേ ... രജനീകാന്ത് എന്താണ് കഴികുന്നതു എന്നറിയാമോ ?
സെലീന : രാവിലെ രജനി ജോക്സ് ആണോ..എനിക്കറിയത്തില്ല .
ജോണിക്കുട്ടി : അങ്ങേരുടെ ഭാര്യ ഉണ്ടാക്കുന്നത്‌ എന്തോ അത്. രജനികാന്തിനുപൊലും ഇല്ല ഒരു ചോയ്സ്, പിന്നെയല്ലേ എനിക്ക്.....

പ്രാവ് പറന്നു പോയി, അടുപ്പത്ത്  പാൽ തിളച്ചുതൂകി ....

ശുഭം... 
    
  

No comments:

Post a Comment