Wednesday, February 23, 2011

കൊച്ചുത്രേസ്യയുടെ കൊച്ചുവര്‍ത്തമാനങ്ങള്‍

                   

കുട്ടിയായിരുന്നപോള്‍ എന്റെ വലിയ  വാശികളില്‍ ഒന്ന്, "കൊച്ചുത്രേസ്യക്ക് ഉള്ളത് പോലെ എനിക്കും വേണം" .അതിപ്പോള്‍ നല്ലൊരു കുഞ്ഞുടുപ്പാണേലും വള്ളിചെരുപ്പാണേലും. കൊച്ചുത്രേസ്യയുടെ ആദ്യകുര്‍ബാന കൈക്കൊള്ളപാടിനു വെള്ളയുടുപ്പു തയിപ്പിച്ചപ്പോള്‍   ലിസമ്മ ചേച്ചി ഒരുപോലെ രണ്ടെണ്ണം തയിച്ചു .ഒന്ന് കൊച്ചുത്രെസ്യാക്കും    ഒന്ന് സെലീനക്കും .ഒരു പ്രശ്നം ഒഴിവാക്കാന്‍ അമ്മയുടെ ദീര്‍ഘ വീക്ഷണം . പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് പെട്ടന്നായിരുന്നു . രാവിലെ കൊച്ചുത്രേസ്യയെ ഒരുക്കി കഴിഞ്ഞപ്പോള്‍ ഒരു മൂക്കുത്തി കൂടി വച്ചാല്‍ ഭംഗി യാകുമെന്നു അമ്മയ്ക്കു തോന്നി . ഒരെണ്ണം വച്ച് പിടിപ്പികുകയും ചെയ്തു .കൊച്ചുത്രെസ്യായ്ക്കുള്ളതെല്ലാം  എനിക്കുമുണ്ട് എന്ന് വിശ്വസിച്ച ഞാന്‍ ഇതുകണ്ടതോടെ കളം മാറ്റി ചവുട്ടി ."എനിക്കും വേണം മൂക്കുത്തി "  .നല്ലൊരു ഞായറാഴ്ച ആയിട്ടു മൂകുത്തി തപ്പി ജോസ് ചാച്ചന്‍ കുറെ  അലഞ്ഞു നടന്നു .ഒടുവില്‍ എവിടുന്നോ  സംഘടിപ്പിച്ചു എന്ന് ചരിത്രം പറയുന്നു.അന്നത്തെ ഫോട്ടോയില്‍ എനിക്കും മൂക്കുത്തി ഉണ്ട് .  അന്നും ഇന്നും "കൊച്ചുത്രേസ്യയുടെ പോലത്തെ " എന്ന പല്ലവി മാറ്റമില്ലാതെ തുടരുന്നു .

                  യൂറോപ്പ്   യാത്രക്കുവേണ്ടി  'winter cloath  ' വാങ്ങാന്‍ പോയപ്പോഴും എന്റെ ഡിമാന്റ് ഏതാണ്ട് ഇത് തന്നെ ആയിരുന്നു .എന്നാല്‍ പിന്നെ ബാക്കി ഒക്കെ കൊച്ചുത്രേസ്യയെ കൂട്ടി, ഇവിടെ   എത്തിയിട്ട്  പോയി വാങ്ങാം എന്ന് വിചാരിച്ചു .കൊച്ചുത്രേസ്യയും ഭര്‍ത്താവു കറിയാചായനും  ഇവിടെയാണ്.എത്തിയിട്ട് ആദ്യത്തെ ശനിയാഴ്ച തന്നെ കൊച്ചുത്രേസ്യയെ കാണാന്‍ ഞാന്‍ പോയി .ഏതു ട്രെയിനില്‍ എപ്പോള്‍ എങ്ങനെ ,എവിടെവച്ച് കേറണം എന്നൊക്കെ കൃത്യമായി എനിക്ക് മെയില്‍ ചെയ്തിട്ടുണ്ട് കറിയാചായാന്‍  .കൊച്ചുത്രേസ്യയുടെ വക  ചെയ്യണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ ഒരു വിവരണം ,ട്രെയിന്റെ സമയവിവര പട്ടിക , സ്ഥലത്തിന്റെ മാപ്പ്  എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍. എല്ലാം പ്രിന്റ്‌ ഔട്ട്‌ ആക്കി പോക്കറ്റില്‍ ഇട്ടാണ് ഞാന്‍ പോകുന്നത് .അനാവശ്യമായ തണുപ്പും അസമയത്ത് അസ്തമിക്കുന്ന സൂര്യനും യാതൊരു ശബ്ദവും ഉണ്ടാക്കാത്ത കുട്ടികളും വെറുതെ പതുങ്ങി ക്കിടക്കുന്ന പട്ടികളും . മൊത്തത്തില്‍ ഒരു തണുപ്പന്‍  യാത്ര  . അവരുടെ വീട്ടില്‍ എത്തിയപ്പോള്‍ തണുത്തിട്ട് ആവശ്യത്തില്‍ അധികം വിറക്കുന്നുണ്ടാരുന്നു  ഞാന്‍.ഒന്ന് ഉഷാറായേക്കാം എന്ന് വിചാരിച്ചു കുളിമുറി ലക്ഷ്യമാക്കി നടന്നു .
കൊച്ചുത്രേസ്യ ഒരു മയവുമില്ലാതെ ചോദിച്ചു "ഇപ്പോഴും നിന്റെ വയ്യാവേലി പാട്ടും കവിതേം ഒക്കെ ഉണ്ടോ കുളിക്കിടയില്‍ "
ഞാന്‍ വിനയാന്വിതയായി :"ഇല്ല പാടുന്നില്ല ,അപ്പുറത്തൊക്കെ ആള്‍ക്കാര്‍ ഉള്ളതല്ലേ "
കൊച്ചുത്രേസ്യ : "എന്നാല്‍ അങ്ങനല്ല ,പാടണം.ഇവിടെ കുളിമുറീടെ കുറ്റി പോയിക്കിടക്കുവാ  "  ഇതുപറഞ്ഞു കൊച്ചുത്രേസ്യ 'റാം ജി റാവൂ  സ്പീകിംഗ് '  ല്‍ മത്തായിച്ചന്‍ നില്‍കുന്ന സ്റ്റൈലില്‍ ഒന്ന് നിന്നു. പിന്നെ നടന്ന സംസാരം ഞാന്‍ ഇവിടെ  ചേര്‍ക്കുന്നില്ല .അറിയനമെന്നുള്ളവര്‍ മേല്‍പ്പറഞ്ഞ സിനിമ കാണുക .  
അതും കഴിഞ്ഞു തണുപ്പൊന്നു ഒന്ന് അടങ്ങികഴിഞ്ഞാണ്
വീടൊക്കെ കണ്ടുകളയാം എന്ന് തോന്നിയത് .
അവിടെ കണ്ടതെല്ലാം  താഴെ കാണുന്ന ഫോട്ടോസ് പറയും .



                                                                            














 നിങ്ങള്‍ ക്ഷമിക്കണം .കറിയാചായാന്‍ കുറച്ചു പൊക്കത്തില്‍ ആണ് ഈ കാന്‍വാസ് വച്ചിരിക്കുനത് .നല്ലൊരു ഫോട്ടോ പിടിക്കാന്‍ സെലീനയുടെ പൊക്കം അനുവദിച്ചില്ല



  

പിന്നെ ഒരു കൊളാഷ്



പിന്നെ എനിക്ക് പേരറിയാന്‍ പാടില്ലാത്ത എന്തോ ... കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു .





മുകളില്‍ കാണുന്ന ഓയില്‍ പൈന്റിങ്ങ്സ് എല്ലാം കൊച്ചുത്രേസ്യാ വരച്ചതാണ്. എനിക്ക് സ്കെയില്‍ ഇല്ലാതെ ഒരു നേര്‍രേഖ പോലും വരയ്ക്കാന്‍ പറ്റില്ല എന്നത് സത്യമായിരിക്കും .പക്ഷെ പറയുമ്പോ എല്ലാം പറയണമല്ലോ  .കൊച്ചുത്രേസ്യക്ക് വരയ്ക്കാന്‍ പറ്റുമെന്ന് എനിക്കോ അച്ചക്കോ അമ്മക്കോ കൊച്ചുത്രെസ്യാക് തന്നയോ വല്ല്യ പിടുത്തമില്ലയിരുന്നു  .അതുകൊണ്ട് കുഞ്ഞില്ലേ ഒരിടത്തും പോയി പഠിച്ചുമില്ല ചിത്രകല .പിന്നീടു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലത്ത് എനിക്ക് പിറന്നാളിന് കാര്‍ഡ്‌ അയക്കാനാണ് കൊച്ചുത്രേസ്യ പടംവര തുടങ്ങിയത് .പിന്നെ  തലയിണ കവറിലും തൂവലയിലും ഒക്കെയായി .ഇതൊക്കെ കഴിഞ്ഞാണ് ഓയില്‍ പെയിന്റിംഗ് തുടങ്ങിയത് .അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് എനിക്ക് പിറന്നാളുകള്‍ ഉണ്ടായത് കൊണ്ടാണ് കൊച്ചുത്രെസ്യായിലെ ചിത്രകാരിയെ കണ്ടെത്താന്‍ കഴിഞ്ഞത് എന്ന്,അതിപ്പോ ആരും സമ്മതിചില്ലേലും.. ങ്ഹാ .

Tuesday, February 22, 2011

മഞ്ഞുകാലം പറയുന്നത്...

          യൂറോപ്പിലെ തണുത്തുറഞ്ഞൊരു മഞ്ഞു കാലത്തേയ്ക്ക് എന്നെ കുടഞ്ഞിട്ടിട്ടു പോയത് വിധി അല്ലാതെ വേറെയൊന്നുമല്ല  .എന്നു വച്ച്‌ എനിക്കാ വിധിയോടു പരിഭവമൊന്നുമില്ല .പുറത്തു വീണു കിടക്കുന്ന മഞ്ഞില്‍ നോക്കിയിരിക്കുമ്പോള്‍ ,ആ മഞ്ഞില്‍ മൂടിപോയ മരങ്ങളെ നോക്കിയിരിക്കുമ്പോള്‍  എന്റെ മനസ് കുറച്ചു ദൂരം സഞ്ചരിച്ച് എന്റെ പ്രിയപ്പെട്ട മരങ്ങളെ തേടിപ്പോയി  .അവിടുന്നും  തെന്നി നീങ്ങി എന്റെ സ്വന്തം ലാബില്‍   തെര്‍മോകോളില്‍  പൊതിഞ്ഞു വച്ച എന്റെ സ്ഥാവരജംഗമ  വസ്തുകളില്‍ ചെന്നെത്തി .ഈ മഞ്ഞിന്റെ നിറവും നിസംഗതയുമാണ്  തെര്‍മോകോളിനും . 'പൊളിച്ചടുക്കുക  ' എന്നൊക്കെ കേട്ടിട്ടേ  ഉള്ളു .അടുത്തയിടെ ആണ് ചെയ്യാന്‍ സാധിച്ചത് . ലാബ്‌ പൊളിച്ചു  പുതിയ കെട്ടിടത്തിലോട്ടു മാറ്റുന്നു. അതുകൊണ്ട് യാത്രയ്ക്കു മുന്‍പേ എന്റെ വസ്തുവഹകള്‍ എല്ലാം ഞാന്‍ പായ്ക്ക് ചെയ്തു.പലതും  തലമുറകള്‍  പഴക്കമുള്ളതാണ്-കൈമാറി വന്നതാണ് .നോക്കീം കണ്ടും ഇടപെട്ടില്ലേല്‍ പിന്നെ നോക്കാനും കാണാനും ഒന്നും അവശേഷിക്കില്ല .എനിക്ക് മേല്‍നോട്ടം കിട്ടിയത് എപ്പോള്‍ വേണേലും പൊട്ടാന്‍ തയാറായി  ഇരിക്കുന്ന സാധനങ്ങള്‍ .ഞാന്‍ ചോദിച്ചു മേടിച്ചതാണ് .വല്ലാത്തൊരു സ്നേഹമാണ് അവറ്റകളോട്.നമ്മുടെ  മനസു പോലാണ് പലതും .ചിലത് തെളിഞ്ഞു സുതാര്യമാണ്. ചിലത് ആരുടെയോ കൈത്തെറ്റില്‍ സുതാര്യത നഷ്ട്ടപെട്ടു പോയത്.മങ്ങല്‍ വീണു വെളിച്ചം കയറ്റാതെ  ഒരുതരം ഏകാന്ത വാസം.ഒരിക്കല്‍ സുതാര്യമായിരുന്നിട്ട് പിന്നീട് എപ്പോഴോ മങ്ങിപോയത്  . എപ്പോള്‍ വേണേല്‍ പൊട്ടാം.പോറല്‍ വീണിട്ടുണ്ടാകും  എപ്പോഴേലും.ചില്ലപ്പോള്‍ ഉപയോഗിച്ചവര്‍ അറിയാതെ ,ചിലപ്പോള്‍ അറിഞ്ഞ്,ചിലപ്പോള്‍ മറന്ന് അങ്ങനെ അങ്ങനെ.ഒരു വെളുപ്പാങ്കാലത്ത് വീണ്ടും എടുക്കുമ്പോള്‍ കൈവെള്ളയില്‍ ഇരുന്നു പൊട്ടും.
എന്റെ കയ്യില്‍ കിടന്നു അങ്ങനെ പൊട്ടുന്നത് എനികൊരു വേദനയാണ് .കാരണം പണ്ട് ഇതുപോലൊരെണ്ണം  എന്റെ കയ്യില്‍ ഇരുന്നു പൊട്ടി ,എന്റെ കൈ മുറിഞ്ഞ് , ആ വിരല്‍ പഴുത്ത്,പിന്നെ കുത്തി വെയ്പ്പെടുത്ത്  ,  കുറച്ചു വേദനിച്ചതാണ്.അതുകൊണ്ട് കുറച്ചു സൂക്ഷിച്ചാണ് 
കൈകാര്യം ചെയ്യുന്നത് .കുഞ്ഞുപിള്ളാരെ കുളിപ്പിച്ച് തുടച്ചു വെള്ളത്തുണിയില്‍ പൊതിയുന്നതുപോലെ ,എല്ലാത്തിനേം കഴുകി 
തുടച്ചു ബബിള്‍ ഷീറ്റില്‍ പൊതിഞ്ഞു തെര്‍മോ കോളില്‍ പായ്ക്ക് ചെയ്തു .അകത്തുള്ളവര്‍ ചില്ലറക്കാരല്ല എന്ന് കാണിച്ചു പെട്ടിയുടെ പുറത്ത് ആവശ്യത്തിനും അനാവശ്യത്തിനും നിര്‍ദേശങ്ങളും
 എഴുതി വച്ചു .."സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട  " 
വെളുത്തുറഞ്ഞ തെര്‍മോകോളിന്റെ      മരവിപ്പിനുള്ളില്‍ അവര്‍ ഒന്നും അറിയാതെ ഇരിപ്പുണ്ടാവും .പുറംലോകത്തിന്റെ ചലനങ്ങള്‍ അറിയാതെ ,ഉലയാതെ ,കയറ്റത്തിലും ഇറക്കത്തിലും ഒരേ നിസംഗതയോടെ ,എടുക്കാന്‍ മുതിരുന്നവര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തികൊണ്ടു അവര്‍ അങ്ങനെ ഇരിക്കട്ടെ.
ഉടഞ്ഞു പോയവയെ ഓര്‍ത്തു ഒരു നിമിഷം മൌനം ആചരിച്ചു ,ഒപ്പീസും ചൊല്ലി -ആരുടെയൊക്കെയോ അശ്രദ്ധയുടെ ഫലം.നഷ്ടപ്പെട് കഴിയുമ്പോഴാണ് നമ്മള്‍ വിലയറിയുന്നത്‌...  ആഖാതങ്ങള്‍ക്കു  പിടി കൊടുക്കാതെ,പിടിവലികളില്‍ പൊട്ടാതെ പൊടിയാതെ   ഇപ്പോഴും അവശേഷിക്കുന്ന  സ്ഫടിക നിര്‍മ്മിതികളെ  , തെര്‍മോകോളിന്റെ സംരക്ഷണയില്‍ കുറച്ചുകാലം കൂടി ഇരിക്കുക. ഈ മഞ്ഞുകാലവും എന്നോടു പറയുന്നത് അതു തന്നെയാണ്-വസന്തം വരേയ്ക്കും തണുത്തുറഞ്ഞു തന്നെയിരിക്കുക  .