Saturday, October 1, 2011

മനസമ്മതം

"സ്കറിയാ ,മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ച്,സ്വതന്ത്രമായ മനസോടും പൂര്‍ണമായ സമ്മതത്തോടും കൂടെ എലിസബത്തിനെ നിന്റെ ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്നു  നീ വാഗ്ദാനം ചെയുന്നുവോ? " 
സ്കറിയ : "അത് പിന്നെ ...പിന്നെ .... ഉവ്വ്‌ സമ്മതം" 
"എലിസബത്ത് മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ച്,സ്വതന്ത്രമായ മനസോടും പൂര്‍ണമായ സമ്മതത്തോടും കൂടെ സ്കറിയയെ നിന്റെ ഭര്‍ത്താവായി സ്വീകരിച്ചു കൊള്ളാമെന്ന് നീ വാഗ്ദാനം ചെയ്യുന്നുവോ ?
എലിസബത്ത് : " ....    വാഗ്ദാനം ചെയ്യുന്നു"

........................................

2007 ഓഗസ്റ്റ്‌ മാസത്തില്‍ ,കൊച്ചുത്രേസ്യയുടെ മനസമ്മതത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.കൊച്ചുത്രേസ്യ ബോധംകെട്ടു ഉറക്കത്തിലും .ഉറക്കത്തിന്റെ ഒന്നാം എപ്പിസോഡില്‍ , സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് കൊച്ചുത്രേസ്യയോട് ചോദിച്ചു ,"എലിസബത്ത് എന്ന കൊച്ചുത്രേസ്യ.. നിദ്രയില്‍ നിന്നുണരുക (കൊച്ചുത്രേസ്യയുടെ മാമോദീസാ പേരാണ് ഏലി) ,ഈശോമിശിഹായുടെ കസിനായ യോഹന്നാന്റെ പേരെന്റസ് ,സഖറിയ -എലിസബത്ത്‌ കപ്പിള്‍സ് ന്റെ നാമധേയത്തില്‍ , വഴക്കും വക്കാണവും ഇല്ലാതെ  മാതൃകാ കുടുംബമായി ജീവിച്ചേക്കുമോ ,അതോ കെട്ടിന്റെ പിറ്റേന്ന് മുതല്‍ കറിയയുമായി ഗുസ്തി തുടങ്ങുമോ ? ഇടി കൂടാതെ ജീവിക്കണമെന്ന് പറയുവാന്‍ വന്ന ദൂതനാണ്‌ ഞാന്‍ ".ഇത്രയും പറഞ്ഞു ദൂതന്‍ മറഞ്ഞു .
സ്വപ്നത്തില്‍ കൊച്ചു ത്രേസ്യാ ഒന്ന് ഞെട്ടി.കര്‍ത്താവെ അത് ശരിയാണല്ലോ  ,ഈശോ മിശിഹായുടെ അങ്കിള്‍-ആന്റി കപ്പിള്‍സ് ന്റെ പേരാണല്ലോ എന്റെയും കറിയാ ചായന്റെയും മാമോദീസാ പേര് . സ്കറിയയും എലിസബത്തും . ആ വെളിപാടില്‍ കൊച്ചുത്രേസ്യ നിദ്രയില്‍ നിന്നുണര്‍ന്നു. ഒത്തുകല്യാണത്തിനുള്ള  സാരി ഇസ്തിരി ഇട്ടുകൊണ്ടിരുന്ന അമ്മയോട് പറഞ്ഞു ,ഈ വെളിപാടില്‍ അമ്മ അത്ഭുതപെട്ടു വാപൊളിച്ചു "ശരിയാണല്ലോ മാതാവേ " .കിടക്കവിരികളും ജനാലയുടെ കര്‍ട്ടനും മാറ്റുകയായിരുന്ന സിലിന "ഓ ഇതെനിക്ക് പണ്ടേ അറിയാവുന്നതല്ലേ !!  നിങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു ? " എന്നായി .ഈ കണ്ടെത്തല്‍  കറിയച്ചായനെ ക്കൂടി അറിയിക്കണമല്ലോ .കൊച്ചുത്രേസ്യ ഫോണെടുത്തു കറക്കി . മനസമ്മതത്തിനു  പോകാനുള്ള സാന്റ്രോ കാര്‍ കഴുകി ദീപിക പത്രം കൊണ്ട് തുടച്ചു വൃതിയാകുകയായിരുന്നു കറിയാച്ചായന് (കാര്‍ കഴുകി കഴിഞ്ഞു വെള്ളം തുടച്ചു കളയാന്‍ ഏറ്റവും ബെസ്റ്റ് പാത്രമാണെന്നു കണ്ടുപിടിച്ചത് ഇദേഹമാണ്)‍ .ഫോണിന്റെ അങ്ങേ തലക്കല്‍ ഭാവി ഭാര്യ തന്റെ കണ്ടെത്തല്‍ അവതരിപ്പിച്ചു 
"അതെ നമ്മുടെ ജോണിന്റെ അച്ഛന്റേം അമ്മേടേം പേരാ നമുക്ക് " .
എന്റെ ഭാവിചേട്ടന്‍ വാ പൊളിച്ചു 'ഇതു ജോണ് ?ആരാ ജോണിന്റെ പേരെന്റസ് ?'
"ഹാ നമ്മുടെ ഈശോയുടെ കസിന്‍ ജോണ്‍ ,....യോഹന്നാന്‍.ഇപ്പൊ സ്വപ്നത്തില്‍ ഞാന്‍ കണ്ടതാ "
കറിയാച്ചായന് കാര്യം ഏതാണ്ട് പിടികിട്ടി .ഒരു പ്രശ്നം വെറുതെ ഉണ്ടാകുന്നതെന്തിനാ എന്ന് കരുതി പറഞ്ഞു ."കൊള്ളാല്ലോടീ നീ പോയി ബാക്കീം കൂടെ കാണ്‌,ഇതുപോലെ ഇനീം വല്ലോ റിലെഷന്സും ഉണ്ടോന്ന് കണ്ടുപിടിക്കല്ലോ .അന്നേരത്തേക്ക് ഞാന്‍ ഈ കാറുകഴുക്കല്‍  അങ്ങ് തീര്‍ക്കാം‍" 
അങ്ങെനെ പിറ്റേന്ന് ഒത്തുകല്യാണത്തിന്  കര്‍ത്താവിനേം സെലീനായേം പിന്നെ സദസിനേം സാക്ഷിനിര്‍ത്തി അവര്‍ മനസമ്മതം ചൊല്ലി .അന്നേക്ക് ഒന്നാം മാസം 12ആം ദിവസം മേല്‍പറഞ്ഞവരെ എല്ലാം സാക്ഷിനിര്‍ത്തി   അവര്‍ വിവാഹിതരായിട്ട് ഇന്ന് നാല് വര്‍ഷം.2007  കഴിഞ്ഞു വന്ന എല്ലാ ഒക്ടോബര്‍ ഒന്നാം തിയതിയും ,തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വിവാഹ വാഗ്ദാനം സ്വപ്നം കണ്ടു നിലവിളിച്ച് ആണത്രേ കറിയാചായന്‍ ഉണരുന്നത്. ഇന്നും അങ്ങനെ തന്നെയാവണം .

'സന്തോഷത്തിലും ദുഖത്തിലും ...സമ്പത്തിലും ദാരിദ്ര്യത്തിലും....ആരോഗ്യത്തിലും അനാരോഗ്യത്തിലും .... ...പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ  ...ഏകമനസോടെ ജീവിച്ചു കൊള്ളാമെന്ന് ' അവര്‍ നല്‍കിയ വാഗ്ദാനം ,വരുവാനിരിക്കുന്ന ആയിരം പൌര്‍ണമി നാളകള്‍ പാലിക്കുവാന്‍ സെലീനയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ .


സമര്‍പ്പണം :കറിയ -കൊച്ചുത്രേസ്യാ ദമ്പതികള്‍ക്ക്

1 comment: