Sunday, November 21, 2010

ഉല്‍പ്പത്തി

ഗെത്സമേനി   പള്ളിയിലെ പെരുനാള്‍ വെടിക്കിട്ടിന്റെ പത്താമത്തെ അമിട്ടു പൊട്ടിയപ്പോഴാണ്  അമ്മയ്ക്കു തോന്നിയത് , പേറ്റുനോവ് ഉടനെ തുടങ്ങിക്കളയുമെന്ന്  .  "അടങ്ങിക്കിടക്കെട ചെറുക്കാ, വീട്ടില്‍ ആരുമില്ലതതാ" അമ്മ ഒച്ചയെടുത്തു.ഏതായാലും കുറച്ചു നേരത്തേക്ക് ചെറുക്കന്‍ അടങ്ങിക്കിടന്നു .ചെറുക്കനാണെന്ന്  അമ്മയ്ക്കും അച്ചായ്ക്കും ഉറപ്പായിരുന്നു ;അമ്മിണിച്ചായന്‍ ലക്ഷണം നോക്കി പറഞ്ഞിട്ടുണ്ടായിരുന്നു പോലും  . അല്ലേലും അമ്മിണിച്ചായനു തെറ്റുകേല. പോരാത്തതിന് അമ്മച്ചി മിന്നു മാല കൈവെള്ളയ്ക്ക്  മുകളില്‍ വച്ചു കറക്കി കണ്ടുപിടികുകയും ചെയ്തു ."ഇതു ചെറുക്കന്‍   തന്നാന്നെ....തൊമ്മച്ചന്‍"  ..വെടിക്കെട്ടിനു പോയവരൊക്കെ തിരിച്ചു വന്നു കഴിഞ്ഞാണ്  അമ്മയ്ക്കു ശ്വാസം നേരെ വീണത്‌ .ചെറുക്കന്‍ പണി പറ്റിച്ചില്ലലോ  .

 നേരം പാതിരാ കഴിഞ്ഞുകാണും .ആരോ  "ജോസേ......" എന്നു വിളിക്കുന്ന ശബ്ദം കേട്ടാണ് അമ്മ ഞെട്ടി എഴുനേറ്റത്.ആ ഞെട്ടലില്‍ വയറ്റില്‍ കിടന്ന കുട്ടനും ഒന്ന് ഞെട്ടി ."നാത്തൂനാണല്ലോ...ഇന്ന് വരുമെന്ന്  പറഞ്ഞില്ലലോ...എന്റെ കര്‍ത്താവേ !!! "....
"ദെ നിങ്ങളൊന്ന് എന്നീറ്റെ...നാത്തൂന്‍ വന്നേക്കുന്നു".... അമ്മയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയെന്ന്....ആ കൊള്ളിയാന്‍ വെളുത്തു വീര്‍ത്ത വയറ്റില്‍ കൂടെയും പാഞ്ഞു പോയെന്ന് ... അങ്ങനെയാണത്രേ അമ്മയ്ക്കു പേറ്റുനോവു തുടങ്ങിയത്.

ഗവണ്‍മെന്റ് ആശുപത്രിയുടെ വരാന്തയില്‍ കുത്തിയിരുന്ന് അച്ചാ നേരം വെളുപ്പിച്ചു ..അകത്തു നിലവിളി കേള്‍ക്കാം "അയ്യോ  എനിക്ക് വയ്യായേ ..എന്റെ വയറു പോട്ടിപോകുമേ ...അയ്യോ ....ഈ ഷീറ്റു മാറ്റി പുതിയതു വിരിക്കാതെ ഞാന്‍ കിടക്കത്തില്ലേ.ഇതേല് മുഴുവന്‍ അഴുക്കാണേ .....അമ്മച്ചിയെ എനിക്കു വയ്യേ ...നിങ്ങളിതു വല്ലോം കേള്‍ക്കുന്നുണ്ടോ മനുഷ്യനേ ? "  ..ചില്ലു പൊട്ടിയ വെന്റില്ലെഷന്‍ വിന്‍ഡോയില്‍ കൂടെ പുറത്തു കേള്‍ക്കാം അകത്തെ നിലവിളി . അച്ചാ മനസ്സില്‍ പ്രാര്‍ഥിച്ചു "എന്റെ പാറേല്‍ മാതാവേ കത്തോള്ളണെ..."

ഈ ബഹളങ്ങള്‍ക്കു നടുവിലാണ് ഞാന്‍ ജനിച്ചു വീണത്‌ ..
"സുഖ പ്രസവം  ,പെണ്‍കുഞ്ഞ് ,അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു" ..നേഴ്സമ്മ പുറത്തു വന്നറിയിച്ചു...ഇത്തവണ കൊള്ളിയാന്‍ മിന്നിയത് അച്ചായുടെ നെഞ്ചില്‍. ..."ഇതും  പെണ്ണാണോ ...മാതാവേ !!!"

അമ്മ തൊമ്മനെയും കൊണ്ട് തിരിച്ചു വരുമെന്ന് പറഞ്ഞു നോക്കിയിരുന്ന മൂന്നു വയസുകാരി കൊച്ചു ത്രേസ്യയുടെ സങ്കടം  ആരറിഞ്ഞു ..........

3 comments: