Tuesday, November 23, 2010

ബ്രാന്‍ഡ്‌എഡ് !!!

മുളകുപ്പാടം ട്രേയ്ടെഴ്സ് ന്റെ പരസ്യം പതിച്ച ഒരു B S A  സൈക്കിള്‍ ചവിട്ടിയാണ് കറിയാച്ചായന്‍  എന്റെ ജീവിതത്തിലേക്കു വരുന്നത് .അച്ചായുടെ കൂട്ടുകാരന്റെ മകന്‍ ,ചേച്ചി കൊച്ചുത്രേസ്യക്ക് സുഹൃത്ത്‌ കറിയാച്ചന്‍ ,എനിക്കു കറിയാച്ചായനും .ചാര നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും/( അല്ലെങ്കില്‍ വെള്ള മുണ്ടും)  ഒരു കറുത്ത ശീലക്കുടയും അച്ചായന്റെ  ട്രേഡ് മാര്‍ക്കായിരുന്നു .
കറിയാച്ചായന്‍ അച്ചായനകുന്നതിനു മുന്‍പ് ,കറിയകൊച്ചായിരുന്ന  കാലത്തെ ഏറ്റവും വലിയ സ്വപ്നം ഒരു ഓട്ടോ ഡ്രൈവര്‍ ആകണമെന്നായിരുന്നു പോലും.ആ ഓട്ടോ ഓടിച്ചു പാലയില്‍  ഉള്ള ബേബിപ്പാപ്പന്റെ വീട്ടില്‍ പോകുന്നതു സ്വപ്നം കണ്ടാണ്‌ എന്നും ഉറങ്ങിയിരുന്നത് .പക്ഷെ  16  വയസു തികയും മുന്നേ ഓടിച്ചു തുടങ്ങിയത് ഒരു  88    മോഡല്‍ അംബാസിടര്‍ കാര്‍. ഇടയ്ക്കു കാറുമായി വരും  .എന്റെ അച്ഛയെ വിളിക്കാനോ,കറിയാച്ചായന്റെ  അച്ചയെ വിളിച്ചുകൊണ്ടു പോകാനോ ഒക്കെ.കാര്‍ അന്നൊരു അത്ഭുത വസ്തുവായിരുന്ന കൊണ്ട് അതോടികുന്ന കറിയാച്ചായനോട്‌ കുറച്ചു ബഹുമാനകൂടുതല്‍ ആയിരുന്നു.എന്റെ അറിവില്‍ അന്ന് അതുപോലെ   കാര്‍ ഓടിച്ചിരുന്നത് പാലാത്ര തങ്കച്ചന്‍ അങ്കിള്‍ ആണ് .ഒരു ചുവപ്പു മാരുതി 800  .അങ്ങനെ സൈക്കിള്‍ - കാര്‍ സഞ്ചാരങ്ങളില്‍ കറിയാച്ചായന്‍ വന്നും പോയും ഇരുന്നു .എങ്കിലും ചാര നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും(അല്ലെങ്കില്‍ വെള്ള  മുണ്ടും)  ഒരു മാറ്റവുമില്ലാതെ തന്നെ .

വര്‍ഷങ്ങള്‍ കുറച്ചേറെ അങ്ങു പോയി .കറിയാച്ചായന്‍ വക്കീലു പഠനത്തിനു പോയി ,ചേച്ചി കൊച്ചുത്രേസ്യ ഇലക്‌ട്രോണിക്സ്‌ന്. ഞാന്‍ എന്റെ വഴിക്കും .കുറെ കഴിഞ്ഞാണ് പിന്നീടു കറിയാച്ചായനെ  കാണുന്നത് .കടുത്ത പനി പിടിപെട്ട് ആശുപത്രിക്കിടക്കയിലാണ്
 ഞാന്‍ .കണ്ണു തുറക്കനാകാതെ  പാതി മയക്കത്തില്‍ പിച്ചും പേയും പറഞ്ഞു കിടപ്പാണ് .ഗത്സെമേനി പള്ളിയിലെ അച്ഛന്‍മാര്‍ ആരൊക്കെയോ വന്നു തലയ്ക്കു പിടിച്ചു പ്രാര്‍ഥിച്ചിട്ടു പോയി .പോകുന്നതിനു മുന്നേ ഒരു ചോദ്യോം "മോള്‍ക്ക് എന്നെ മനസ്സിലായോ ?"."എന്ന ചോദ്യമാ അച്ചോ എന്നും ഒന്നര മണിക്കൂര്‍ കുര്‍ബാന ചോല്ലുന്നതല്യോ ...എനിക്കു ബോധം ഒപോയിട്ടൊന്നുമില്ല"...ഉറക്കെ പറയണമെന്നു തോന്നി ,പക്ഷെ നാവു പൊങ്ങുന്നില്ല .പോട്ടെ എന്നു വച്ചു .തരക്കേടില്ലാത്ത ഒരു വാളും വച്ച്‌ വീണ്ടും റസ്റ്റ്‌ എടുക്കുമ്പോഴാണ് "എടീ കൊച്ചേ" എന്ന വിളി .കറിയാച്ചായനാണ് .കണ്ണു തുറക്കാന്‍ ഒരു ശ്രമം നടത്തി .1  മില്ലി മീറ്റര്‍ തുറന്നു കാണും . പനിപ്പുറത്തു ഞാന്‍ ഒന്ന് ഞെട്ടി .ബൂട്സ് ഇട്ട ,ജീന്‍സ് ഇട്ട ആരോ ഒരാള്‍ .ഇതാരാണപ്പാ !!! ഞാന്‍ കണ്ണ് ഇറുക്കിയടച്ചു .ഇതു വേറെ ആരോ ആണ് .എനിക്കുറക്കെ കരയണമെന്നു തോന്നി .ഇനി പള്ളീല്‍ അച്ഛന്‍  പറഞ്ഞ പോലെ എന്റെ ബോധം പോയതാണോ ...."എടീ ഇതു ഞാനാടീ കറിയാച്ചായന്‍"..."ആണോ അപ്പൊ എനിക്കു തെറ്റിയില്ല ",ഞാന്‍ മനസ്സില്‍ സമാധാനിച്ചു.പക്ഷെ ഈ ജീന്‍സ് ,ഈ ബൂട്സ് ,ഇതെങ്ങനെ എപ്പോ സംഭവിച്ചു.അച്ചായന്‍ ജീന്‍സ് ഇടുമോ ? അതും ഇങ്ങനെ ടിപ് ടോപ്പില്‍? .ലോ കോളജില്‍ പോയാല്‍ ഇങ്ങനെ ഒക്കെ   വേണ്ടിവരുമായിരിക്കും   .ചേച്ചി ത്രേസ്യയെ വിളിച്ചു പറയണം എന്നു തോന്നി .നാവു പൊങ്ങുന്നില്ല.വരട്ടെ സമയം ഉണ്ടല്ലോ .ആ കാഴ്ചയുടെ ക്ഷീണം തീര്‍ക്കാന്‍ ഒരു വാളു കൂടെ വച്ചു .
       അന്നാണ് ബ്രാന്‍ഡ്‌എഡ് ജീന്‍സ് ഇട്ട കറിയാച്ചായന്‍ എന്ന സങ്കല്‍പ്പം ആദ്യമായി മനസ്സില്‍ കയറിയത് , അച്ചായനെ മാറ്റിക്കളഞ്ഞ ലോ കോളേജ് കാണണം എന്നു തോന്നിയത് ,ബ്രാന്‍ഡ്‌എഡ് വസ്ത്രങ്ങള്‍ എന്ന സങ്കല്‍പ്പം വന്നത് .

No comments:

Post a Comment