Saturday, June 23, 2012

മഴത്തുള്ളി



ഒരു പഴങ്കടലാസു മതി നിങ്ങളെ ഓര്‍മയുടെ മഹാസമുദ്രത്തില്‍ മുക്കി താഴ്ത്താന്‍.തിരക്ക് പിടിച്ച  ഒരു പകലിന്റെ രണ്ടാം പാതിയില്‍ വിലപ്പെട്ട ഒരു  ഡോക്യുമെന്റ്തിരയുന്നതിനിടയില്‍ ആണ് പഴയ ഒരു എഴുത്ത് കയ്യില്‍ തടഞ്ഞത്.  അതെ അങ്ങനെ ഒരു ശീലമുണ്ടായിരുന്നു ഒരിക്കല്‍. എഴുത്തുകള്‍ എഴുതുന്ന ശീലം .കൊച്ചുത്രേസ്യ  ഹോസ്റ്റല്‍ വാസം തുടങ്ങിയപ്പോള്‍ 10 രൂപയുടെ സ്റ്റാമ്പ്‌ ഒട്ടിച്ചു കുറെ ഏറെ എഴുത്തുക്കള്‍ അയച്ചിരുന്നു.വീടിലെ പാത്ത  കന്നി  മുട്ട ഇട്ടതു മുതല്‍ ബയോളജി  റെക്കോര്‍ഡ്‌  ബുക്കിലെ വരച്ചു മുഴുമിക്കാതെ പോയ ചിത്രങ്ങളെ  കുറിച്ച് വരെ   എഴുതിയിരുന്നു . ഇന്ന് കയ്യില്‍ കിട്ടിയത് കഴിഞ്ഞു പോയ ഒരു  ഒരു മഴ യാത്രയെക്കുറിച്ചുള്ള  വര്‍ണന .പാട വരമ്പത്തെ പച്ചപ്പില്‍ കണ്ണ് മഞ്ഞളിച്ച കൊച്ചു സെലിനയുടെ ഓര്‍മ ക്കുറിപ്പുകള്‍.അയക്കാന്‍ മറന്നതാകും   .ബാല്യത്തിലെ മഴയ്ക്ക്  ഇളം ചൂടാണ് ,പാറക്കല്ലില്‍ തീര്‍ത്ത കൈയ്യാല വിടവില്‍ കൂടി ഉറവ പൊട്ടുന്ന വെള്ളത്തിന്റെ ഇളം ചൂട് .ഒഴുകി പരക്കുന്ന  തണുത്ത മഴവെള്ളത്തിലേക്ക്   ഭൂമിയുടെ ഗര്‍ഭ ജലം കലരുമ്പോള്‍  ഒന്നാകലിന്റെ ആദ്യ പാഠം ഗ്രഹിച്ചു.പെടുമഴയില്‍ കളിയ്ക്കാന്‍ അനുവാദമില്ലായിരുന്നു .പനി  പിടിക്കും പോലും.ആ വാദത്തോട് എനിക്ക് ഇന്നും എതിര്‍പ്പാണ് . വീടിനു മുന്‍പിലെ  വഴിയും  ഒഴുകിയെത്തുന്ന മണലും മഴവെള്ളവും അവസാനിക്കുന്നത് കൃഷി ഇല്ലാത്ത ഒരു നെല്‍പ്പാടത്താണ്.മനോരമ പത്രത്തെ കപ്പലുകളാക്കി പാടത്തേയ്ക്ക് യാത്രയാകുമ്പോള്‍ ,ഭൂഗോളം ചുറ്റാന്‍ പുറപെട്ട നാവികന്റെ ദുഖിതയായ കാമുകിയായി ഞാന്‍ സ്വയം  അവരോധിക്കും .പിന്നെ വന്ന വേനലില്‍ റോഡ്‌ ടാര്‍ ചെയ്തതോടുകൂടി ആ കളി അവസാനിച്ചു. കയ്യാലകള്‍ പോയി മതിലുകള്‍ വന്നപ്പോള്‍ ഉറവകളും  കാണാതായി .പിന്നെയും വളര്‍ന്നപ്പോള്‍ എന്നെ    കൊതിപ്പിച്ചത് മഴയുടെ കരിംപച്ച നിറമാണ്.അലച്ചു തല്ലി  പെയ്യുന്ന മഴയില്‍ തളര്‍ന്നു കുതിര്‍ന്നു കരഞ്ഞു നില്‍ക്കുന്ന ഇലത്തലപ്പുകള്‍ പിന്നൊരു കുഞ്ഞു വെയില്‍ വെട്ടം കാണുമ്പോള്‍ തുവര്‍ത്തി കുടഞ്ഞു ചിരിക്കുന്നത് കണ്ട് ഞാനും ചിരിക്കും .ഇലത്തുമ്പില്‍ വിരിയുന്ന മഴവില്ലിന്‍ തുള്ളിയെ നോക്കി  സ്ഥലകാലങ്ങളില്‍ മരവിച്ചു നില്‍ക്കുക പതിവായി."എണീറ്റു പോടീ " എന്നൊരു ശാസനയാകും പിന്നെ എന്നെ ഉണര്‍ത്തുന്നത് .കടും പച്ച uniform പാവാട മഴ നനഞ്ഞു കരിംപച്ചയാകുമ്പോള്‍ എനിക്കും ഇലകള്‍ക്കും ഒരേ നിറം.ഓരോ ഒന്നാകലുകളും ഓരോ വെളിപാടുകള്‍.ഡിഗ്രി പഠനത്തിനു പോയപ്പോള്‍ മഴയെന്നാല്‍ അത് കായല്‍ തീരത്തെ മഴയായി .അവിടെ മഴയ്ക്ക് പുകമഞ്ഞിന്റെ നിറവും ചേറിന്റെ മണവുമാണ്.ഇളം പച്ച നിറമുള്ള മൈതാനത്തിന് അതിര്‍ തീര്‍ത്ത കായല്‍ തീരത്തെ  കരിങ്കല്‍കെട്ടില്‍ ഒരുമിച്ചു നനഞ്ഞ മഴയെല്ലാം  , ഞങ്ങള്‍ കൂട്ടുകാര്‍ക്ക്  ഓരോ ഓര്‍മ്മകള്‍.ഇവിടെ പുതു മഴയെന്നാല്‍ വാകപൂകളെ തല്ലിക്കൊഴിക്കുന്ന  ചുവപ്പ് മഴയാണ്.ഇവിടെ മുഖം  മറക്കാന്‍ എനിക്കീ മഴമതി ,എന്റെ കണ്ണീരു കഴുകാനും പുഞ്ചിരി ഒളിക്കാനും. പിന്നെ ഇലത്തലപ്പുകളില്‍ തളിരിടുമ്പോള്‍ ക്ഷമയോടെ  തഴുകി പെയ്യുന്ന നൂല്‍മഴ ,നിന്റെ സ്നേഹം പോലെ  എന്നെ പൊതിയുന്ന ,  സ്വര്‍ണ നൂലില്‍ കോര്‍ത്ത രാത്രിമഴ.
 ഓരോ മഴയും മഴക്കാലവും ഓരോ ഒന്നാകലുകള്‍.ഓരോ ഒന്നാകലുകളും    ഓരോ തിരിച്ചറിവുകള്‍

കടപ്പാട് :ഫോട്ടോ ,ഉല്ലാസ്