Thursday, April 7, 2011

ചൂളം വിളിക്കുന്ന ഓര്‍മ്മകള്‍


ട്രെയിന്‍ യാത്രകള്‍ എനിക്കെന്നും ഹരമാണ്. കുഞ്ഞുനാളില്‍ അമ്മയുടെ വീട്ടില്‍ പോകുന്നത് ട്രെയിനില്‍ ആണ്. അന്ന് തുടങ്ങിയ ഇഷ്ടമാണ്.സ്വോഭാവികമായും  ജനാലക്കരികില്‍ ഇരിക്കാന്‍ ഞാനും കൊച്ചുത്രേസ്യയും വഴക്കുണ്ടാകും. ആറിന്റെയോ പുഴയുടെയോ  മുകളില്‍ട്രെയിന്‍ പാലം കയറുമ്പോള്‍  ഞാന്‍ വിന്‍ഡോ സീറ്റ് കൊച്ചുത്രേസ്യക്ക്  കൊടുക്കും . അന്നും ഇന്നും ആ ശബ്ദം എനിക്ക് പേടിയാണ്. 
 പിന്നീടു ഹോസ്റ്റല്‍ ജീവിതം തുടങ്ങിയപ്പോള്‍ ബസ്സിനെ  മനപൂര്‍വം  അങ്ങുപേക്ഷിച്ചു. കഴിവതും ട്രെയിനില്‍ തന്നെയാക്കി  പോക്കുവരവ്. കണ്ണെത്താത്ത ദൂരത്തോളം  കൂടിമുട്ടാതെ പോകുന്ന പാളങ്ങളെ നോക്കി  ഞാന്‍ ചുമ്മാതങ്ങു സങ്കടപ്പെട്ടു. കട്ടപ്പനക്കാരി കൂടുകരിയേം കൊണ്ട്  ഏറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പോയി.അവള്‍ക്കു ട്രെയിന്‍ എന്നും  ഒരു ദൂരക്കാഴ്ച മാത്രം ആയിരുന്നു .ഇടുക്കിക് ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടില്ലലോ.irctcയെ കുറിച്ച് ഒരു സ്റ്റഡിക്ലാസ്സ്‌ കൊടുത്തു കഴിഞ്ഞ്,  ഒരിക്കലും കൂടിമുട്ടാതെ കൈകോര്‍ത്തു പിടിച്ചു കടന്നു പോകുന്ന റെയില്‍ ദ്വയങ്ങളുടെ സൌന്ദര്യത്തെ കുറിച്ചും നൊമ്പരത്തെക്കുറിച്ചും വല്ലാതങ്ങ് വികാരാധീനയായി ഞാന്‍ .”പക്ഷെ ഈ പാളത്തെല്‍ മുഴുവന്‍ വൃത്തികേടാണല്ലോടീ “.കട്ടപ്പനക്കാരി നെറ്റിചുളിച്ചു. മണ്ഡലകാലമാണ്,ചെന്നൈ മെയില്‍ കടന്നു പോയതേ ഉള്ളു.
സ്വോഭാവികം.സ്റ്റേനിലെ പാളത്തില്‍ നോക്കാന്‍ ആരു പറഞ്ഞു. വിദൂരതയിലേക്കു നോക്കണ്ടേ എന്നാലല്ലേ ഫിലോസഫി വരൂ. ഇമ്മാതിരി നട്ടെല്ലില്ലാത്ത ഫിലോസഫി പറഞ്ഞാല്‍ തട്ടിക്കളയുമെന്നുള്ള അവളുടെ ഭീഷണിയില്‍ ഞങ്ങള്‍ തിരിച്ചുനടന്നു.പിന്നീടൊരു വൈകുന്നേരം ചുവപ്പു   വെളിച്ചം  മാഞ്ഞു പച്ചയായപ്പോള്‍ ഞങ്ങള്‍ വഴി പിരിഞ്ഞു. അത്ര ദൂരത്തേക്കൊന്നും അല്ല.ഒരു ചാറ്റമഴ പെയ്താല്‍ ഓര്‍ക്കാവുന്ന   ഓര്‍മയുടെ ദൂരമേ ഉണ്ടായിട്ടുള്ളൂ എന്നും. അലച്ചുതല്ലി ഒരു മഴപെയ്യുമ്പോഴും കറുത്ത മാനത്തുനിന്നു ആലിപ്പഴം വീഴുമ്പോഴും  അവളെ ഓര്‍ക്കാതെ വയ്യ  .

പിന്നീടൊരു ദിവസം എന്നോടുതന്നെ പിണങ്ങി താമസ സ്ഥലത്ത് നിന്ന് പെട്ടിയും  തൂകി വീട്ടില്‍ പോകാനിറങ്ങി .പെട്ടന്നുള്ള തീരുമാനമയതുകൊണ്ട് ട്രെയിന്‍  പിടിക്കാന്‍   ഒരു നിവൃത്തിയുമില്ല . അങ്ങനെ ബസ്സു പിടിച്ചു .പുസ്തകം ഒരെണ്ണം വായിക്കാന്‍ നോക്കി .ബസ്സിന്റെ കുലുക്കത്തില്‍ അക്ഷരങ്ങള്‍  കണ്ണില്‍ കയറാതെ  തെറിച്ചു പോകുന്നു.പുസ്തകം അടച്ചു വെറുതെ കണ്ണടക്കാമെന്നുവച്ചാല്‍ ഒരു മുരള്ച്ചയാണ് കാതില്‍. ട്രെയിന്റെ താരാട് പാട്ട് അതിനു വശമില്ലലോ.ട്രെയിന്റെ ചൂളംവിളിക്ക്  ശ്രുതി ചേര്‍ത്ത് "സ പാ സാ " പാടിയ ഒരു പാട്ടുകാരന്‍ കൂട്ടുകാരനുണ്ടെനിക്ക്. ഉറങ്ങാന്‍ ശ്രമിച്ചതു വെറുതെ .രാത്രി യാത്ര അവസാനിപ്പിച്ച്, കണ്ടു മുഴുമിക്കാനാകാതെ പോയൊരു സ്വപ്നത്തെ പാതിവഴിക്കുപേക്ഷിച്ച്   അച്ഛായുടെ കൈപിടിച്ച്  വീടിലേക്ക്‌ നടന്നപ്പോള്‍ ഇനിയും ഒരിക്കലും ബസില്‍ ഒരു ദീര്‍ഘയാത്ര    ഇല്ലെന്നുറപ്പിച്ചു.
ട്രെയിനുമായുള്ള ആത്മബന്ധം കൂടിയതെ ഉള്ളു പിന്നീടങ്ങോട്ട്. അതിന് ഒരു കാരണം എന്റെ അനുദിന അടിപിടി  ജീവിതത്തിലെ   കഥാപാത്രങ്ങള്‍ പലരും  irctc  യെ സ്നേഹിക്കുന്നവരാണ്. അച്ഛാ,കറിയചയാന്‍, അങ്ങനെ   പലരും. ജൂലൈ  മാസം  irctc ട്രെയിന്‍  ടൈം   പുതുക്കിയാല്‍   പിന്നെ  അച്ചക്ക്  തിരക്കാണ് .പുതിയ  ട്രെയിന്‍ ടൈംടേബിള്‍ മേടിക്കണം,അത് നോക്കി പുതിയ ചാര്‍ട്ട് ഉണ്ടാക്കണം.ട്രെയിന്‍ സമയം ചോദിച്ചു വീടിലെക്കുവരുന്ന  ഒരുപാട് ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയണം അങ്ങനെ. ഒരു വഴിക്ക് പോകണം എന്നു പറഞ്ഞാല്‍ ട്രെയിന്‍ അല്ലാതെ  മറ്റൊന്നിനെ  കുറിച്ചും കറിയാചായന്‍ പറയില്ല . പക്ഷെ ഇവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് JC. അപ്പോള്‍ JC ആരാണ് എന്നു ചോദിക്കരുത്.JC ,JC മാത്രം ആണ് .JCയെ കുറിച്ച്  ആധികാരികമായി  പറയാന്‍  എനിക്ക്  ഒരു   അധികാരവും  ഇല്ല .കാരണം JC സ്ത്രീകളോട് പൊതുവേ   സംസാരിക്കാറില്ല ,  താല്പര്യം  ഇല്ല  അത്രതന്നെ. ഞാന്‍  അതുകൊണ്ട്  സംസാരിച്ചിട്ടും ഇല്ല .അസംഖ്യം തവണ  കണ്ടിട്ടുണ്ടെകിലും വല്ലപ്പോഴുമൊക്കെ  ഒരു  കാപ്പി  ഒന്നിച്ചിരുന്നു   കുടിച്ചിട്ടുണ്ടെങ്കിലും   കൂട്ടുകാര്‍***  പറഞ്ഞുള്ള  അറിവു  മാത്രമേ  എനിക്ക്  അദ്ധേഹത്തെ  കുറിച്ചുള്ളൂ. കേട്ടിടത്തോളം ട്രെയിനിനെ ഇത്ര അധികം സ്നേഹിക്കുന്ന വേറൊരു   ആത്മാവും ഉണ്ടാവില്ല .അതുകൊണ്ടല്ലേ രാത്രി  രണ്ടു മണിക്കും രാജധാനി എക്സ്പ്രസ്സ്‌ഉം   വേറെ ഏതോ ട്രെയിനും തമ്മില്‍ ഒരു  താരതമ്യ പഠനം   youtube വീഡിയോയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് .
    
    ജെര്‍മനിയില്‍ കൂടി കിഴക്കോട്ടും പടിഞ്ഞാട്ടും ട്രെയിനില്‍ യാത്ര  ചെയ്യുമ്പോള്‍ ,ഒരു  Parle-G ബിസ്കറ്റ് പങ്കുവച്ചുള്ള പരിചയം പോലും  ഇല്ലതിരുന്നിടുകൂടി ഞാന്‍ ഓര്‍ത്തത്‌ ഈ JCയെ കുറിച്ചായിരുന്നു .Inter City Express (ICE)  ആദ്യം ഒരു  മടുപ്പായി തോന്നി .പിന്നെ കൂടുതല്‍ കൂടുതല്‍  അറിഞ്ഞപ്പോള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി .അതില്‍ ഏറ്റവും ഇഷ്ടപെട്ടത് അതിന്റെ speedometer display ആണ് .സാധാരണ യാത്രകളില്‍ 150-160 km/h ആണ്  പതിവ് .ഒരാഴ്ചയിലെ യാത്ര Munich ലേക്ക് ആയിരുന്നു .കറിയചായന്‍ പറഞ്ഞിട്ടുണ്ടായിരുന്നു Nurnberg-Munich റൂട്ടില്‍ ആണ്  ICE അവന്റെ സര്‍വ പ്രതാപവും പുറത്തെടുക്കുന്നത് എന്ന് .അന്നത്തെ യാത്രയില്‍ തനിച്ചല്ല കൊച്ചുത്രെസ്യയും ഉണ്ട് .വര്‍ത്തമാനം പറഞ്ഞിരുന്നു speed display കാണാതെ പോകരുത് എന്ന്  പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടും ഉണ്ട് .Nurnburg മുതല്‍ ഞാന്‍  നോക്കിയിരിപ്പു തുടങ്ങി .speedometer ല്‍ അക്കങ്ങള്‍ക്കു കനം കൂടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍  അറിയാതെ ആവേശം കൊള്ളാന്‍ തുടങ്ങി .ഡിസ്പ്ലേയില്‍   270 തെളിഞ്ഞപ്പോള്‍ എന്റെ നിയന്ത്രണം പതിയെ വിട്ടുതുടങ്ങി .സന്തോഷം സഹിക്കാന്‍ വയ്യ .കൊച്ചുത്രേസ്യാ ഭീഷണിപ്പെടുത്തി .ഒച്ച വച്ചാല്‍ കൊന്നു കളയും എന്ന്  പറഞ്ഞു .നോക്കിയിരിക്കെ വേഗത 281km/h കടന്നു .എന്റെ  സര്‍വ  നിയന്ത്രണവും പോയി .അറിയാതെ  കൂവിപ്പോയി ഞാന്‍ .കൊച്ചുത്രേസ്യ തലയില്‍ കൈവച്ചു .പക്ഷെ ആ സമയം എന്റെ  മനസ്സില്‍ ജസീ,താങ്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ സന്തോഷം പങ്കുവക്കാന്‍ താങ്കള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍... 
  ആ  യാത്രയില്‍ താങ്കള്‍  ഉണ്ടായിരുന്നെങ്കില്‍ ഈ  അക്കങ്ങള്‍ താങ്കളെ സന്തോഷിപ്പിക്കുമായിരുന്നോ ? അതോ , ജനാല തുറന്നിട്ട്‌ വേഗതയെ മുടിയിഴകളില്‍ ആവോളം നിറക്കാന്‍ കഴിയാതെ ദുഖിക്കുമായിരുന്നോ? എനിക്കറിയില്ലല്ലോ JC .
***കഥകള്‍ പറഞ്ഞു  പറഞ്ഞ്  JCയെയും എന്റെ  മേല്പറഞ്ഞ ‘അടിപിടി ജീവിതത്തിലെ’ ഒരു  നിത്യ സംഭവം ആക്കിയതിന് nair,gha,dmt ത്രയങ്ങളോട് ചൂളംവിളിയില്‍ കുതിര്‍ന്ന കടപ്പാട്.

 
               

1 comment:

  1. JC ku ariyavunna oru ICE undu. bangalore ernakulam intercity express. ella divasam train eppo ethi ethra minute late aanu ennu krityamayi nokkum. 2 divasam munpu chodichu train late aayirunoo ennu. utharam vannu 10 minute. kirukrithyam.

    -dmt

    ReplyDelete